ഞായർ പ്രസംഗം, കൈത്താക്കാലം മൂന്നാം ഞായർ ആഗസ്റ്റ് 07, ലൂക്കാ 10: 38-42 മാര്‍ത്ത സിന്‍ഡ്രം

ബ്ര. ഫ്രാന്‍സിസ് പണ്ടാരത്തില്‍ക്കുടിയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരങ്ങളേ,

സഭയുടെ വളര്‍ച്ചയെക്കുറിച്ചു ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ മൂന്നാം ആഴ്ചയിലേക്ക് നാം കടക്കുമ്പോള്‍ തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് ലൂക്കായുടെ സുവിശേഷം 10:38-42 വരെയുള്ള തിരുവചനങ്ങളാണ്. കൈത്താക്കാലം രണ്ടാം ആഴ്ചയില്‍ യോഹന്നാന്റെ സുവിശേഷഭാഗത്തിലൂടെ തിരുസഭ നമ്മോട് ആഹ്വാനം ചെയ്തത്, മനുഷ്യരായ നമ്മുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും ദൈവത്തോടും സഹജീവികളോടുമുള്ള ഐക്യം അനിവാര്യമാണെന്നാണ്. ഇതില്‍ തുടര്‍ച്ചയായി, ഇന്നത്തെ സുവിശേഷത്തിലൂടെ സഭാമക്കളായ നമ്മെയും പഠിപ്പിക്കുന്നത്, നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനം ദൈവവുമായുള്ള ബന്ധമാണെന്നാണ്. ഈ ബന്ധത്തില്‍ നിന്നു വേണം ജീവിതം തുടങ്ങേണ്ടത് എന്നുമാണ്.

ഉത്തമമായ മനുഷ്യബന്ധങ്ങള്‍ എപ്രകാരമാകണമെന്ന് വ്യക്തമാക്കുന്ന നല്ല സമരായന്റെ കഥക്കു ശേഷമാണ് ദൈവ-മനുഷ്യബന്ധത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന മാര്‍ത്തയുടെയും സഹോദരി മറിയത്തിന്റെയും വിവരണം ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ഈശോയെ സ്വഭവനത്തിലേക്ക് ആദ്യം സ്വീകരിക്കുന്നതും ശുശ്രൂഷിക്കുന്നതും മാര്‍ത്തയാണ്.

യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായത്തില്‍, ലാസറിന്റെ മരണവിവരമറിഞ്ഞ് ബഥാനിയായിലേക്കു പോകുന്ന യേശുവിനെ നാം കാണുന്നുണ്ട്. അവിടെയും ഈശോ വരുന്നുണ്ട് എന്നറിഞ്ഞ് അവന്റെ അടുക്കലേക്ക് ഓടിയെത്തി. കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്ന് പരിഭവം പറഞ്ഞ് അവനെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും മാര്‍ത്തയാണ്. ഇത് അവളുടെ യേശുവുമായുള്ള ബന്ധത്തെയും വിശ്വാസതീക്ഷ്ണതയെയുമാണ് വെളിവാക്കുന്നത്. അവളുടെ ശുശ്രൂഷകളെപ്രതി ഈശോ അവളെ കുറ്റപ്പെടുത്തുന്നില്ല. കാരണം, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസോടും പൂര്‍ണ്ണ സ്‌നേഹത്തോടും ദൈവനാമത്തില്‍ ചെയ്യുന്ന എല്ലാ ശുശ്രൂഷകളും പൂര്‍ണ്ണതയുള്ളതായിരിക്കും. അവ ദൈവമഹത്വവും മനുഷ്യവിശുദ്ധീകരണവും സംജാതമാക്കുന്നവയുമായിരിക്കും. സുവിശേഷം മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ കാണുന്നത്, മാര്‍ത്തായുടെ സഹോദരി മറിയത്തെയാണ്. ഈശോക്കായി സമയം കണ്ടെത്തി ദൈവവചനം ശ്രവിച്ച് അവന്റെ പാദത്തിങ്കലിരിക്കുന്ന മറിയം ഒരു ശിഷ്യയായി മാറുന്നു. സ്വഭവനത്തിലേക്ക് കടന്നുവന്ന ഈശോയെ അവള്‍ ആദരപൂര്‍വ്വം സ്വീകരിക്കുകയും അവനായി സമയം ചെലവഴിക്കുകയും ചെയ്യുന്നു.

സുവിശേഷത്തിന്റെ അവസാനഭാഗത്തേക്ക് നാം കടന്നുവരുമ്പോള്‍ കാണുന്നത്, മാര്‍ത്തയുടെ പ്രവര്‍ത്തികളേക്കാള്‍ മറിയത്തിന്റെ പ്രവര്‍ത്തികള്‍ പ്രശംസിക്കപ്പെടുന്നതായിട്ടാണ്. മാര്‍ത്താ, മാര്‍ത്താ, നീ പലതിനെയും കുറിച്ച് ഉത്കണ്ഠാകുലയും അസ്വസ്ഥയും ആയിരിക്കുന്നു എന്ന് ഈശോ മാര്‍ത്തായോടു പറയുന്നു. എന്നാല്‍ നല്ല ഭാഗം തിരഞ്ഞെടുത്ത മറിയമാകട്ടെ ഈശോയാല്‍ പ്രശംസിക്കപ്പെടുന്നു. ഈശോയുടെ ഈ മറുപടിയില്‍ നമുക്ക് ചിലപ്പോള്‍ അത്ഭുതം തോന്നാം. കാരണം മാര്‍ത്തയും മറിയത്തെപ്പോലെ തന്നെ ഈശോക്കായി സമയം ചെലവഴിച്ചവളാണ്. സ്വന്തം ആരോഗ്യം വ്യയം ചെയ്തവളാണ്. എന്നിട്ടും മാര്‍ത്ത കുറ്റപ്പെടുത്തലിന് വിധേയയാവുന്നു.

നമ്മുടെ ഭവനത്തിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നുവരുമ്പോള്‍ നമ്മുടെ അമ്മമാരിലാരും അവരുമായി സംസാരിച്ചിരിക്കാറില്ല. അതിഥിയെ സത്ക്കരിക്കാനുള്ള തിരക്കിലായിരിക്കും അവര്‍. ഇത്രമാത്രമേ മാര്‍ത്തയും ചെയ്തുകാണൂ. എന്നിട്ടും മാര്‍ത്ത തിരഞ്ഞെടുത്തത് സ്വീകാര്യമല്ലാത്ത പ്രവര്‍ത്തിയായി മാറുന്നു. മാര്‍ത്തയുടെ പ്രവര്‍ത്തി തിരസ്‌ക്കരിക്കപ്പെടാനുള്ള കാരണം എന്തായിരിക്കും? അവളുടെ ശ്രദ്ധ പ്രവര്‍ത്തികളില്‍ മാത്രമായി പോവുകയും തന്റെ ഭവനത്തിലേക്കു കടന്നുവന്ന കര്‍ത്താവിനെ വെറുമൊരു മനുഷ്യന്‍ മാത്രമായി കണ്ടതുമായിരിക്കാം. ദൈവപുത്രനായ മിശിഹായെ അവള്‍ ദര്‍ശിക്കാതെ പോകുന്നു. തന്റെ ഭവനത്തിലായിരിക്കുന്ന മിശിഹായ്ക്കു മുന്നില്‍ സമയം ചെലവഴിക്കുന്നതില്‍ അവള്‍ പരാജയപ്പെട്ടു പോകുന്നു. സങ്കീര്‍ത്തകന്‍ ഉദ്ഘോഷിക്കുന്നു: “കര്‍ത്താവേ, അന്യഭവനത്തില്‍ ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ ഭവനത്തിന്റെ വാതില്‍പ്പടി ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു” എന്ന വചനത്തിന്റെ പൊരുള്‍ അറിയുന്നതിലും അതിന്റെ മാധുര്യം ആസ്വദിക്കുന്നതിലും മാര്‍ത്ത പരാജയപ്പെട്ടു പോവുകയാണ്.

പ്രാചീനമതങ്ങളിലൊന്നായ യഹൂദമതം ഇത്രയേറെ കാലം കഴിഞ്ഞിട്ടും ഇന്നും തെറ്റാതെ പാലിക്കുന്ന നിയമമാണ് സാബത്താചരണം. തങ്ങളുടെ സൃഷ്ടാവും രക്ഷകനുമായ ദൈവത്തിനു വേണ്ടി ആഴ്ചയുടെ അവസാനദിനം വരെ അവര്‍ പൂര്‍ണ്ണമായി മാറ്റിവയ്ക്കുന്നു. കര്‍ത്താവിന്റെ ദിനം പരിശുദ്ധമായി ആചരിക്കണം. അന്ന് വിലക്കപ്പെട്ട ജോലികള്‍ ചെയ്യരുത് എന്ന്, ഇതിന്റെ ചുവടു പിടിച്ചുകൊണ്ടാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. കര്‍ത്താവിന്റെ ദിവസം എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു: “വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒരു ക്രിസ്ത്യാനിയെ അനുവദിക്കുന്നതും കര്‍ത്താവിന്റെ വിശുദ്ധ ദിനത്തിന് ചേരാത്തതുമായ പ്രവര്‍ത്തികളില്‍ നിന്ന് മാറിനില്‍ക്കുന്നതു മാണ് ഞായര്‍ വിശ്രമം.” കര്‍ത്താവിന്റെ ദിവസത്തില്‍ അവിടുത്തെ പാദത്തിങ്കലിരുന്ന് വചനം ശ്രവിക്കാനും പ്രാര്‍ത്ഥിക്കാനും മറിയത്തെപ്പോലെ നാമും ശ്രദ്ധിക്കണം. മാര്‍ത്തയെപ്പോലെ പലവിധ ചിന്തയിലും ജോലിയിലും വ്യഗ്രതപ്പെട്ട് കര്‍ത്താവിന്റെ അനുഗ്രഹനീര്‍ച്ചാലുകള്‍ തട്ടിക്കളയുന്നവരാണ് നമ്മള്‍.

ഒരിക്കല്‍ ഒരിടത്ത് ഒരമ്മ ജീവിച്ചിരുന്നു. സമ്പത്തില്‍ ദരിദ്രയെങ്കിലും തന്റെ പിഞ്ചുമകനോടുള്ള സ്‌നേഹത്തില്‍ സമ്പന്നയായിരുന്നു ആ അമ്മ. ഗ്രാമത്തില്‍ ജീവിച്ചിരുന്ന അവര്‍ പട്ടണത്തിലേക്ക് ജോലിക്കായി യാത്രയായി. നടന്നുനടന്ന് ഒരു കുന്നിന്‍ചെരുവിലെത്തിയ അവര്‍ ക്ഷീണമകറ്റാന്‍ അടുത്തു കണ്ട ചെറിയൊരു ഗുഹയില്‍ പ്രവേശിച്ചു. ഉള്ളില്‍ പ്രവേശിച്ചയുടനെ ഗുഹാമുഖം അടഞ്ഞു. കഠിനമായൊരു പ്രകാശം ആ അമ്മയുടെ കണ്ണുകളിലേക്ക് തുളച്ചുകയറി. താന്‍ കയറിയ ഗുഹയില്‍ മുഴുവന്‍ സ്വര്‍ണ്ണവും രത്‌നങ്ങളുമാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞു. പെട്ടെന്ന് ഗുഹയില്‍ ഒരു ശബ്ദം മുഴങ്ങി. നിങ്ങള്‍ക്ക് വേണ്ടതെല്ലാം എടുത്ത് പെട്ടെന്ന് ഗുഹയില്‍ നിന്ന് വെളിയില്‍ പോവുക. അമ്മ ത നിക്ക് ലഭിച്ച സൗഭാഗ്യത്തെയോര്‍ത്ത് സന്തോഷിച്ചു. തന്റെ മകന് വരാനിരിക്കുന്ന സുഖമാര്‍ന്ന ജീവിതത്തെയോര്‍ത്ത് അവര്‍ ആഹ്ലാദിച്ചു. കയ്യില്‍ കിട്ടിയ സ്വര്‍ണ്ണവും രത്‌നങ്ങളുമെല്ലാമെടുത്ത് ചുരുങ്ങിയ സമയം കൊണ്ട് ആ അമ്മ ഗുഹക്കു വെളിയിലെത്തി. വെളിയിലിറങ്ങിയ ഉടനെ ഗുഹ അടഞ്ഞു. തന്റെ മകന്റെ ഭാഗ്യത്തെയോര്‍ത്ത് ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ പെട്ടെന്ന് ഞെട്ടലോടെ ആ അമ്മ തിരിച്ചറിഞ്ഞു, തന്റെ മകനെ ഗുഹക്കുള്ളില്‍ നഷ്ടമായിരിക്കുന്നു. സ്വര്‍ണ്ണവും രത്‌നവുമെല്ലാം തന്റെ മകനായി ശേഖരിക്കുന്നതിനിടക്ക് തന്റെ മകനെ മറന്നുപോയിരിക്കുന്നു. ജീവിതത്തില്‍ പല നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊയ്തുകൂട്ടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ജീവനു തുല്യം സ്‌നേഹിച്ചവനെ ആ അമ്മക്ക് നഷ്ടപ്പെടുന്നു. ജീവിതവ്യഗ്രതയില്‍ ദൈവത്തെ നഷ്ടപ്പെട്ടവര്‍ക്ക് ഉദാഹരണമാണ് ഈ അമ്മ.

നമ്മുടെ ജീവിതവ്യഗ്രതകളില്‍ പലപ്പോഴും നമുക്കും ദൈവത്തെ നഷടപ്പെട്ടു പോകാറുണ്ടോ എന്ന് ചിന്തിക്കാം. തിരക്കുപിടിച്ച ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ വരുത്തുമ്പോള്‍ ദൈവത്തെയും പ്രാര്‍ത്ഥനയെയുമാണ് ആദ്യം നാം ഒഴിവാക്കുന്നത്. കൊറോണക്കു ശേഷം നമ്മുടെ ഇടവകയില്‍ വിശുദ്ധ കുര്‍ബാനക്ക് വരുന്നവരുടെ എണ്ണം എത്രമാത്രം കുറഞ്ഞുവെന്ന് നമുക്ക് തന്നെ അറിയാം. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ കുര്‍ബാന കണ്ടാലും മതി. കുര്‍ബാനയില്‍ പങ്കെടുത്തില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്ത നമ്മില്‍ പലരെയും ഗ്രസിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ദൈവത്തെയാണ് പലര്‍ക്കും ആവശ്യം. ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും വിശുദ്ധ കുര്‍ബാന ലഭിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്ന വിശ്വാസ സമൂഹം വരുന്ന തലമുറകളില്‍ ചിലപ്പോള്‍ പിറവിയെടുത്തേക്കാം.

ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയും വേദപാഠവും മുടക്കി ടൂര്‍ പോകാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും പലരും വ്യഗ്രതപ്പെടുമ്പോള്‍ വിശുദ്ധ കുര്‍ബാനയിലൂടെ നമ്മുടെ ഹൃദയഭവനത്തിലേക്ക് കടന്നുവന്ന കര്‍ത്താവിനെ നാം തിരിച്ചറിയാതെ പോവുകയാണ്. സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കര്‍ത്താവിന്റെ ദിനത്തിന്റെ കടമകള്‍ നിറവേറ്റുന്നതില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ ഗൗരവപാപം ചെയ്യുന്നു എന്ന് തിരുസഭ തന്റെ മതബോധന ഗ്രന്ഥത്തിലൂടെ (1281) നമ്മെ പഠിപ്പിക്കുന്നു. മാര്‍ത്തയെപ്പോലെ ആകുലതയിലും വ്യഗ്രതയിലും മുഴുകി പാപമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുത്ത് നന്മ പ്രവര്‍ത്തിക്കുന്നവരാകാം.

വി. മദര്‍ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്: ജോലിത്തിരക്കുകള്‍ ഏറിവരുന്നതില്‍ ആകുലപ്പെട്ട് ഒരു സിസ്റ്റര്‍ മദറിനോടു പറഞ്ഞു: “അമ്മേ, നമ്മുടെ ജോലികള്‍ ഏറിവരികയാണ്. അതിനാല്‍ എന്നുമുള്ള നമ്മുടെ ആരാധനയുടെ സമയം അല്‍പം കുറച്ചാലോ” എന്ന്. എന്നാല്‍ മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ദിനവുമുള്ള നമ്മുടെ ആരാധനയുടെ സമയം ഇന്നുമുതല്‍ നമുക്ക് കൂട്ടാം. കാരണം, ദൈവത്തെ കൂടാതെയുള്ള ജോലികളൊന്നും ദൈവം പോയാല്‍ ആവില്ല.”

യേശുവിനെ മാറ്റിവച്ചൊരു ജീവിതം ക്രിസ്ത്യാനിക്കില്ല എന്നുള്ള സത്യമാണ് മദര്‍ തെരേസ പറഞ്ഞുതരുന്നത്. നമ്മുടെ ജീവിതത്തില്‍ തന്നെ മാര്‍ത്തയുടെയും മറിയത്തിന്റെയും ഭാവം നമുക്ക് കാണാന്‍ സാധിക്കും. യേശുവിനായി കൊതിക്കുന്ന മറിയത്തിന്റെ ആന്തരികഭാവവും ജീവിത തിരക്കുകള്‍ക്കു പിറകെ നടന്ന് ദൈവത്തെ മറന്ന് വ്യഗ്രതപ്പെട്ട് ഓടുന്ന മാര്‍ത്തയുടെ ഭാവവും നമ്മുടെ ജീവിതത്തില്‍ തന്നെയുണ്ട്. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തതു പോലെ നമുക്കും നമ്മുടെ ആന്തരികഭാവത്തെ ഉണര്‍ത്താം. അങ്ങനെ കര്‍ത്താവിന്റെ പാദത്തിങ്കലിരുന്ന് വചനം കേട്ട് നല്ല ജീവിതം നയിക്കാനും കര്‍ത്താവിനു വേണ്ടി ജീവിതം സമര്‍പ്പിക്കാനുമുള്ള കൃപാവരം വിശുദ്ധ കുര്‍ബാനയിലൂടെ നമുക്കും ലഭിക്കാനായി പ്രാര്‍ത്ഥിക്കാം. സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. ഫ്രാന്‍സിസ് പണ്ടാരത്തില്‍ക്കുടിയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.