ഞായർ പ്രസംഗം, കൈത്താക്കാലം രണ്ടാം ഞായർ ജൂലൈ 31,നല്ല ഫലം പുറപ്പെടുവിക്കുവിന്‍

ബ്ര. അഗസ്റ്റിന്‍ കാരക്കാട്ട് MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹമുള്ള പ്രിയ സഹോദരങ്ങളേ,

ശ്ലീഹന്മാരുടെയും രക്തസാക്ഷികളുടെയും ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ട സഭാവൃക്ഷം ജീവവൃക്ഷമായി വളര്‍ന്നുവന്ന സത്യത്തെ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കൈത്താക്കാലത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് തിരുസഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് ക്രിസ്തുവിനോട് ക്രിസ്തുശിഷ്യരായ നാം എപ്രകാരം സഹവസിക്കണമെന്നും അവിടുത്തെ സ്‌നേഹത്തില്‍ എപ്രകാരം നിലനില്‍ക്കണമെന്നും പ്രതിപാദിക്കുന്ന നാല് വായനകളാണ്. നിയമാവര്‍ത്തന പുസ്തകത്തില്‍ നിന്നുള്ള ഒന്നാമത്തെ വായന നമ്മോട് പങ്കുവയ്ക്കുന്നത്, ദൈവകല്‍പനകള്‍ പാലിച്ച് ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു വ്യക്തിക്കു ലഭിക്കുന്ന അനുഗ്രഹങ്ങളുടെ ഒരു പട്ടികയാണ്. പ്രഭാഷകന്റെ പുസ്തകത്തില്‍ നിന്നുള്ള രണ്ടാം വായന നമ്മോടു പറയുന്നതും അതേ കാര്യം തന്നെയാണ് – കര്‍തൃകല്‍പനകള്‍ പാലിക്കുന്ന ഒരു വ്യക്തി ബഹുമാനം അര്‍ഹിക്കുന്നു എന്ന്. ഇവയില്‍ നിന്നും വ്യത്യസ്തമായി പൗലോസ് ശ്ലീഹാ ദൈവകരുണക്ക് മുന്‍തൂക്കം നല്‍കി ദൈവകരുണയെ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനുള്ള അടിസ്ഥാനമാക്കി മാറ്റുന്നു. ഈ വായനകളുടെയെല്ലാം സന്ദേശം സംക്ഷിപ്തമായി യോഹന്നാന്‍ സുവിശേഷത്തിലെ മുന്തിരച്ചെടികളുടെയും ശാഖകളുടെയും ഉപമയിലൂടെ നമുക്ക് ലഭിക്കുന്നു.

ഈ മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമ യോഹന്നാന്റെ സുവിശേഷത്തില്‍ ക്രിസ്തുവിജ്ഞാനീയപരവും സഭാവിജ്ഞാനീയപരവുമായി സുപ്രധാനമായ ഒന്നാണ്. “ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്” (15:1) എന്നത് ക്രിസ്തുവിജ്ഞാനീയത്താല്‍ സമ്പന്നമായ ഒരു രൂപകമാണ്. “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും” എന്ന ഈശോയുടെ വാക്കുകള്‍ സഭാവിജ്ഞാനീയത്തിലേക്ക് വെളിച്ചം വീശുന്നു. പഴയനിയമത്തില്‍ മുന്തിരിച്ചെടി എന്ന രൂപകം ഇസ്രായേല്‍ ജനത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി നാം കാണുന്നുണ്ട്. ഇസ്രായേല്‍ എന്ന തന്റെ മുന്തിരിച്ചെടിയെ സ്‌നേഹിച്ച്, പരിപാലിച്ച് വളര്‍ത്തിയെങ്കിലും ഒടുവില്‍ കാട്ടുമുന്തിരിപ്പഴങ്ങള്‍ മാത്രം നല്‍കുകയോ, ഫലം നല്‍കാതിരിക്കുകയോ ചെയ്യുമ്പോള്‍ പരിതപിക്കുന്ന കൃഷിക്കാരനായ ദൈവപിതാവിനെ ഏശയ്യായുടെ പുസ്തകത്തില്‍ (5:7) കാണാന്‍ സാധിക്കും. ഒടുവില്‍ സ്വന്തം പുത്രനെ – ജീവനുള്ള യഥാര്‍ത്ഥ മുന്തിരിച്ചെടിയെ ലോകത്തിലേക്ക് അയച്ച ദൈവം, പുതിയ ഇസ്രായേല്‍ സഭ ദൈവമായ കര്‍ത്താവിനോട് ചേര്‍ന്നുനില്‍ക്കണം, നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കണം. അങ്ങനെ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

പ്രിയ സഹോദരങ്ങളേ, ഈ തിരുവചനങ്ങളുടെ വെളിച്ചത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളെ നമ്മുടെ ചിന്തക്ക് വിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി, നാം ചിന്താവിഷയമാക്കേണ്ടത്, നാം എപ്രകാരം ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാണ് എന്നതാണ്. നമ്മുടെ ജീവിതവ്യഗ്രത പലപ്പോഴും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിലാണ്. എങ്ങനെ കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉണ്ടാക്കാം, എങ്ങനെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്താം, ജീവിതപങ്കാളിയെ എങ്ങനെ കൂടുതല്‍ സന്തോഷിപ്പിക്കാം എന്നിങ്ങനെ പലതും. ഇവ മെച്ചപ്പെടുത്താന്‍ നാം ആഗ്രഹിക്കുകും ചെയ്യുന്നു. എന്നാല്‍ ഈ വ്യഗ്രതകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊക്കെ ഒരു ക്രിസ്ത്യാനിക്ക് ഒറ്റ മറുപടിയേ ഉള്ളൂ, തായ്ത്തടിയാകുന്ന യേശുവിനോട് ചേര്‍ന്നുനില്‍ക്കുക. യേശുവില്‍ വസിക്കുന്ന ഏതൊരു ശാഖയും ഏറെ ഫലം പുറപ്പെടുവിക്കുന്നു എന്ന് യോഹ. 15:5-ല്‍ നാം വായിക്കുന്നു.

വി. മദര്‍ തെരേസ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നുണ്ട്: “ഓരോ ശാഖയ്ക്കും തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുക എന്ന വലിയ ഉത്തരവാദിത്വമുണ്ട്.” അതിനാല്‍, തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന ഓരോ ശാഖയും കൂടുതല്‍ ഫലം പുറപ്പെടുവിക്കുന്നു. യേശു പിതാവിനോട് ഒന്നായിരിക്കുന്നതുപോലെ ക്രിസ്തുശിഷ്യരായ നാമും അവിടുത്തോട് ചേര്‍ന്നുനിന്നാല്‍ ജീവിതഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകും.

രണ്ടാമതായി, വി. യോഹന്നാന്‍ 15:6-ല്‍ പറയുന്നു: “കര്‍ത്താവില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖ പോലെ ഉണങ്ങിപ്പോവുകയും പുറത്ത് എറിയപ്പെടുകയും ചെയ്യുന്നു” എന്ന്. ഈ ഉണങ്ങിയ ശാഖ എന്നത് ഓരോ ക്രിസ്ത്യാനിയുടെയും ആദ്ധ്യാത്മികമരണത്തെ സൂചിപ്പിക്കുന്നു എന്ന് വി. അഗസ്തിനോസ് പറയുന്നു. എങ്ങനെയാണ് നാം ഉണങ്ങിയ ശാഖ പോലെയായി മാറുന്നത് എന്നു ചിന്തിക്കുന്നത് ഉചിതമാണ്. പലപ്പോഴും ഈ ആദ്ധ്യാത്മികമരണം നമ്മില്‍ സംഭവിക്കുന്നത്, നാം ദൈവത്തെ മറന്ന് ലോകത്തിന്റെ സുഖസന്തോഷങ്ങളിലായിരുന്നപ്പോള്‍ ആയിരിക്കാം, അയല്‍ക്കാരനോട് സ്‌നേഹവും കരുണയും പുലര്‍ത്താതിരുന്നപ്പോള്‍ ആയിരിക്കാം, ജീവിതത്തില്‍ അലസത മൂടുപടം വിരിച്ചപ്പോള്‍ ആയിരിക്കാം. ഇങ്ങനെ നമ്മുടെ ജീവിതങ്ങളെ വിലയിരുത്തിയാല്‍ അനേകം അവസരങ്ങളില്‍ നാം ഉണങ്ങിപ്പോയതായി നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ട് ക്രിസ്തുശിഷ്യരായ നമ്മുടെ കടമ, നൂറുമേനി ഫലം നല്‍കുന്ന ശാഖയായി മാറാന്‍ സാധിക്കുക എന്നതാണ്. അതിന് നാം ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കണം.

മൂന്നാമതായി, ഈശോ നല്‍കുന്ന വാഗ്ദാനം വളരെ പ്രധാനപ്പെട്ടതാണ്. “നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്ക് നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്മുള്ളത് ചോദിച്ചുകൊള്ളുക. നിങ്ങള്‍ക്ക് ലഭിക്കും.” (15:7). തന്നില്‍ വിശ്വസിക്കുന്ന, തന്നില്‍ വസിക്കുന്ന ഓരോ വ്യക്തിക്കും അവനോ, അവളോ ചോദിക്കുന്നതെന്തും ലഭിക്കും എന്ന ഉറപ്പ് ഈശോ ഇവിടെ നല്‍കുകയാണ്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുന്നില്ല, കേള്‍ക്കുന്നില്ല എന്നിങ്ങനെ നാം വ്യഗ്രചിത്തരാകാറുണ്ട്. അപ്പോള്‍ ഒരു കാര്യം നാം നമ്മോടു തന്നെ ചോദിക്കണം. ഞാന്‍ എത്രത്തോളം ദൈവൈക്യത്തില്‍ ആയിരിക്കുന്നുവെന്ന്? അതിനാല്‍, ഈശോയോട് ചേര്‍ന്നുനിന്ന് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന കരുത്തുറ്റ ശാഖകളായി മാറാന്‍ നമുക്ക് ശ്രമിക്കാം.

അവസാനമായി, ഈശോയുമായുള്ള ഐക്യം ഉപരിപ്ലവമായ ഒന്നകാതിരിക്കാന്‍ നാം പരിശ്രമിക്കണം. അത് ആഴമേറിയ അനുഭവമാകണമെങ്കില്‍ ഇന്ന് നമുക്ക് ഈശോ എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങള്‍, അവിടുന്ന് സ്ഥാപിച്ച തിരുസഭ, തിരുസഭയുടെ പ്രബോധനങ്ങള്‍ എന്നിവയോടുള്ള അഭേദ്യവും സുദൃഢവുമായ ബന്ധം അനിവാര്യമാണ്. അങ്ങനെയെങ്കില്‍ മാത്രമേ ഉണങ്ങിപ്പോകാതെ, നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തമശാഖകളായി മാറാന്‍ നമുക്ക് സാധിക്കൂ. അതിന് നമ്മെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഓരോ വിശുദ്ധ ബലിയും. അതിനാല്‍, ഈ വിശുദ്ധ ബലിയിലൂടെ ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപാവരവും അനുഗ്രഹവും നമുക്ക് യാചിക്കാം.
ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്ര. അഗസ്റ്റിന്‍ കാരക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.