ഞായർ പ്രസംഗം, ശ്ലീഹാക്കാലം ആറാം ഞായർ ജൂലൈ 10, വിളഭൂമിയില്‍ വേല ചെയ്യാന്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

ശ്ലീഹാക്കാലത്തിലെ ആറാമത്തെ ഞായറാഴ്ചയായ ഇന്ന് തിരുസഭ നമ്മുടെ വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം ഒന്‍പതാം അധ്യായം 27 മുതല്‍ 38 വരെയുള്ള തിരുവചന ഭാഗങ്ങളാണ്.

വി. മത്തായിയുടെ സുവിശേഷം അഞ്ചു മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങള്‍ യേശുവിന്റെ ഗിരിപ്രഭാഷണം അഥവാ മലയിലെ പ്രസംഗം എന്നറിയപ്പെടുന്ന യേശുവിന്റെ ഔദ്യോഗികപ്രബോധനങ്ങളാണ്. തുടര്‍ന്ന് 8, 9 അധ്യായങ്ങളില്‍ യേശു പ്രവര്‍ത്തിച്ച പത്ത് അത്ഭുതങ്ങളാണ് മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തിലെ മോശയാണ് യേശു എന്ന് സൂചിപ്പിക്കാനാണ് മത്തായി സുവിശേഷകന്‍ യേശു പ്രവര്‍ത്തിച്ച പത്ത് അത്ഭുതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന പത്ത് അത്ഭുതങ്ങളില്‍ അവസാനത്തെ രണ്ട് അത്ഭുതങ്ങളാണ് നമ്മള്‍ ഇന്ന് വായിച്ചുകേട്ടത്. വി. മത്തായിയുടെ സുവിശേഷത്തിലെ അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള അധ്യായങ്ങളുടെ സാരസംഗ്രഹമാണ് മത്തായി 9:35. “യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചു.” അന്ധനും ഊമനും സൗഖ്യം നല്‍കി താന്‍ വിഭാവനം ചെയ്ത ദൈവരാജ്യം ഭൂമിയില്‍ സംജാതമാക്കിയ ക്രിസ്തു താന്‍ ചെയ്ത കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ കഴിവുള്ളവരെ ഈ മേഖലകളിലേക്ക് അയക്കണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.

ഇന്നത്തെ സുവിശേഷഭാഗത്തോട് ചേര്‍ന്നുപോകുന്നതാണ് പഴയനിയമ വായനകള്‍. വാഗ്ദാനങ്ങള്‍ നല്‍കി താന്‍ തെരഞ്ഞെടുത്ത തന്റെ ജനത്തിനിടയില്‍ പുരോഹിതന് ദൈവം പ്രധാനസ്ഥാനം നല്‍കുന്നു. അഹറോനെ അണിയിക്കുന്ന വ്യത്യസ്തമായ വസ്ത്രങ്ങള്‍ പുരോഹിതശുശ്രൂഷയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. അഹറോനെ വെള്ളം കൊണ്ട് കഴുകുന്നതും തൈലം പൂശുന്നതും സഭയുടെ കൂദാശകളായ മാമ്മോദീസായുടെയും തൈലാഭിഷേകത്തിന്റെയും മുന്നാസ്വാദനമാണെന്ന് ജെറുസലേമിലെ വി. സിറിള്‍ വ്യാഖ്യാനിക്കുന്നുണ്ട്.

പഴയനിയമത്തില്‍ ഇസ്രായേല്‍ ജനതയെ നയിക്കാന്‍ അഹറോനെ പിതാവായ ദൈവം തെരഞ്ഞെടുത്തതു പോലെ പുതിയനിയമത്തില്‍ നയിക്കുക, വിശുദ്ധീകരിക്കുക, പഠിപ്പിക്കുക എന്നീ ദൗത്യങ്ങള്‍ തുടരാന്‍ ഈശോ പന്ത്രണ്ട് ശിഷ്യന്മാരെ തെരഞ്ഞെടുത്തു. ഈ ദൗത്യം ഇന്നും തുടരാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കാന്‍ ഉദ്ബോധിപ്പിക്കുന്നതാണല്ലോ ഇന്നത്തെ സുവിശേഷം.

ഏശയ്യാ പ്രവാചകന്റെ പുസ്തകം ആറാം അധ്യായത്തില്‍ ഏശയ്യായെ വിളിച്ച് ശുദ്ധീകരിച്ച് തന്റെ ദൗത്യം ഏല്‍പിച്ചുകൊടുക്കുന്ന ദൈവത്തെ കാണാന്‍ സാധിക്കും. ഏശയ്യാ പ്രവാചകനുണ്ടായ ദര്‍ശനത്തില്‍ സെറാഫുകള്‍ ദൈവത്തെ അനവരതം പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് സ്തുതിക്കുന്നതായി കാണുന്നുണ്ട്. യഹൂദവ്യാഖ്യാനം അനുസരിച്ച് മൂന്നു പ്രാവശ്യം പരിശുദ്ധന്‍ എന്ന് സ്തുതിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധി സ്വര്‍ഗത്തിലും ഭൂമിയിലും വരാനിരിക്കുന്ന യുഗത്തിലും നിറഞ്ഞുനില്‍ക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈ ഭയാനകമായ ദര്‍ശനത്തിലൂടെ പ്രവാചകന്‍ ചൂണ്ടിക്കാണിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധിയും നമുക്കുണ്ടായിരിക്കേണ്ട പരിശുദ്ധിയുമാണ്. ദൈവവചനം സംവഹിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട പരിശുദ്ധി എടുത്തുകാണിക്കുന്നതാണ് തീക്കനലിന്റെ സ്പര്‍ശനത്തിലൂടെ ഏശയ്യാ പ്രവാചകന്റെ മാലിന്യം നീക്കുന്ന വചനഭാഗം.

കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിലൂടെ വി. പൗലോസ് ശ്ലീഹാ പറയുന്നു: “വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ തക്കവിധം ദൈവം ലോകത്തിന്റെ ഭോഷന്മാരെ തെരഞ്ഞെടുത്തു. ശക്തരെ ലജ്ജിപ്പിക്കാന്‍ ദൈവം ലോകത്തിലെ ബലഹീനരെ തെരഞ്ഞെടുത്തു.” യേശു തെരഞ്ഞെടുത്തത് ശക്തരെയല്ല; ബലഹീനരെയാണ്. അവന്‍ തെരഞ്ഞെടുത്തവര്‍ അവനെ തള്ളിപ്പറയാനും ഒറ്റുകൊടുക്കാനും മാത്രം ബലഹീനത നിറഞ്ഞവരായിരുന്നു, ഒരു മണിക്കൂര്‍ സമയം പോലും ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കാന്‍ ത്രാണിയില്ലാത്തവരായിരുന്നു, പ്രതിസന്ധികളില്‍ ഒളിച്ചോടുന്നവരായിരുന്നു. ദൈവം ബലഹീനരെ തെരഞ്ഞെടുത്തത് തന്റെ ശക്തി അവരിലൂടെ പ്രകടമാക്കാനായിരുന്നുവെന്ന് റേഡിയോ പ്രഭാഷകനായിരുന്ന ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍ അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ കൃപ ഈ ബലഹീനരില്‍ നിറഞ്ഞപ്പോള്‍ അവര്‍ തീക്ഷ്ണമതികളായ സുവിശേഷപ്രഘോഷകരായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ വായനകള്‍ നല്‍കുന്ന സന്ദേശം ജീവിതത്തിലും നമുക്ക് പ്രാവര്‍ത്തികമാക്കാം. അഹറോനെ ദൈവം തെരഞ്ഞെടുത്ത് വിശുദ്ധീകരിച്ച് അഭിഷേകം ചെയ്തതുപോലെ പ്രവേശക കൂദാശകളിലൂടെ നമുക്ക് ലഭിച്ച വിശുദ്ധിയില്‍ നിലനില്‍ക്കാന്‍ പരിശ്രമിക്കാം. ഏശയ്യാ പ്രവാചകനെപ്പോലെ വചനം പങ്കുവച്ചു കൊടുക്കാന്‍ നമ്മെത്തന്നെ വിശുദ്ധീകരിക്കാം. ബലഹീനതകള്‍ നിറഞ്ഞ നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിന്റെ ശക്തി പ്രകടമാകുവാന്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കാം. ഒപ്പം ഈ വിശുദ്ധ കുര്‍ബാനയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം, തമ്പുരാനേ വിളവ് അധികമാണ്. വേലക്കാര്‍ ചുരുക്കമാണ്. വിളവിന്റെ നാഥാ, വയലിന്റെ ഉടയവനേ, ഈ വിളഭൂമിയിലേക്ക് ധാരാളം വേലക്കാരെ നല്‍കണമേ.

സര്‍വ്വശക്തനായവന്‍ അനുഗ്രഹിക്കട്ടെ.

ബ്ര. ജോസഫ് ആര്യപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.