
ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,
അനുതാപത്തിന്റെ ചൈതന്യം പുലര്‍ത്താനും പാപം ഉപേക്ഷിച്ച് വിശുദ്ധിയില്‍ വളരാനും ഈശോയുടെ പീഡാസഹനമരണങ്ങളെക്കുറിച്ച് ധ്യാനിക്കാനും നമ്മെ ക്ഷണിക്കുന്ന ഒരു കാലമാണ് നോമ്പുകാലം. ഈ നോമ്പുകാലത്തിന്റെ നാലാമത്തെ ആഴ്ചയിലൂടെ നാം കടന്നുപോകുമ്പോള്‍ നമ്മെത്തന്നെ വിശുദ്ധീകരിക്കാനുള്ള ഒരു ആഹ്വാനമാണ് തിരുസഭാമാതാവ് ഇന്ന് നല്‍കുന്നത്.
ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ‘വിശുദ്ധി പ്രാപിക്കുക’ എന്ന ഒരു ആശയമാണ് ഈശോ നമ്മോട് പങ്കുവയ്ക്കുന്നത്. ദൈവത്തിന്റെ മുന്‍പില്‍ വ്യാപരിക്കാന്‍ വിശുദ്ധി അത്യന്താപേക്ഷിതമാണെന്ന് ഇന്നത്തെ നാല് വായനകളും നമ്മെ പഠിപ്പിക്കുന്നു. ഒന്നാം വായനയില്‍, വിശുദ്ധി നഷ്ടപ്പെട്ട് ദൈവത്തിന്റെ മുന്‍പില്‍ പാപം ചെയ്യുന്ന സോദോം-ഗോമോറയുടെ തകര്‍ച്ച കാണിക്കുമ്പോള്‍ രണ്ടാം വായനയില്‍ ഇസ്രായേല്‍ ജനത്തിന്റെ ന്യായവും നീതിയും നടത്തുന്നതിനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ട ദാവീദ്, രാജാവ് അനീതിയുടെ വക്താവായി മാറുമ്പോള്‍ ദൈവീകസ്വരമായി എത്തുന്ന നാഥാന്‍ പ്രവാചകന്‍ എന്നിവരെ കാണാം.
ലേഖനഭാഗത്ത് വിശുദ്ധി എങ്ങനെ ലളിതമായി നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാന്‍ പറ്റുമെന്ന് പൗലോസ് ശ്ലീഹാ തിമോത്തിയോസിന് എഴുതുകയാണ്. യുവസഹജമായ മോഹങ്ങളില്‍ നിന്ന് ഓടിയകലുവിന്‍. പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടൊപ്പം ചേര്‍ന്ന് നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യംവയ്ക്കുക.
ആദ്യത്തെ രണ്ട് വായനകള്‍ പാപത്തിന്റെ ബാഹ്യതലത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ മൂന്നും നാലും വായനകള്‍ പാപത്തിന്റെ ആന്തരികതലത്തെക്കുറിച്ച് വ്യക്തമാക്കുന്നു. പഴയനിയമത്തില്‍ ഒരുവന്‍ പാപം ചെയ്താല്‍ അത് അവന്റെ തെറ്റല്ല, മറിച്ച് അവന്റെ സാഹചര്യവും അവന്റെ ചുറ്റുപാടും അവനെ നിര്‍ബന്ധിപ്പിച്ച് പാപം ചെയ്തതാണെന്നു പറയുന്നു. പക്ഷേ, പുതിയനിയമ കാലഘട്ടത്തില്‍ ഒരുവന്‍ പാപം ചെയ്താല്‍ അത് അവന്റെ തെറ്റാണെന്നും അതിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും തിരുത്തുകയും ചെയ്യണമെന്ന് ഈശോ പറയുന്നു. അതുകൊണ്ടാണ് പാപിനിയായ സ്ത്രീയെ രക്ഷിക്കുമ്പോള്‍ മേലില്‍ പാപം ചെയ്യരുത് എന്ന് ഈശോ അവരെ ഓര്‍മ്മിപ്പിച്ചത്. ഇങ്ങനെ പഴയനിയമത്തിലും പുതിയനിയമത്തിലുമായിട്ട് രണ്ടുതരം വിശുദ്ധി നമുക്ക് കാണാന്‍ സാധിക്കും.
വചനത്തിലൂടെ ഈശോ പറയുന്നു: “സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞു” എന്ന്. പാപത്തിന്റെ ബാഹ്യമായ പഴയനിയമ കാഴ്ചപ്പാടില്‍ നിന്നും പാപത്തിന്റെ ആന്തരികതലത്തിലുള്ള ഒരു മാറ്റമാണ് ഇവിടെ ഈശോ ഉദ്ദേശിക്കുന്നത്. പഴയനിയമകാലത്ത് ഒരുവന്‍ തന്റെ ഭാര്യയോട് എന്തെങ്കിലും അനിഷ്ടം തോന്നിയാലോ, അവളെ ഉപേക്ഷിക്കേണ്ടിവരികയോ, വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്യണമെങ്കിലോ ഉപേക്ഷാപത്രം നല്‍കി അത് നിര്‍വഹിക്കാന്‍ അവരുടെ നിയമം അനുവദിച്ചിരുന്നു. പുതിയ നിയമത്തിലേക്കു വരുമ്പോള്‍, ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍ എന്നും ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണമെന്നും പറയുന്നു.
സഹോദരരേ, പൗലോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്, ക്രിസ്തീയജീവിതം ഒരു യുദ്ധമാണെന്ന്. അവിടെ നമ്മള്‍ ആരോടാണ് യുദ്ധം ചെയ്യുന്നതെന്നും എപ്പോഴാണ് യുദ്ധം ചെയ്യേണ്ടതെന്നും യുദ്ധം ചെയ്യാനുള്ള ഒരു സന്നദ്ധത എനിക്കുണ്ടോ എന്നും ഞാന്‍ തിരിച്ചറിയണം. ഈ ആധുനിക കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ നമുക്കു ചുറ്റും അശുദ്ധമായവയും അശുദ്ധമായി ജീവിക്കുന്നവരുമായ ഒരു വലിയ കൂട്ടായ്മയുണ്ട്. നമ്മെ തിന്മയിലേക്കു നയിക്കാനായി നിരവധി വാതിലുകളാണ് തുറന്നുകിടക്കുന്നത്. എന്തുകൊണ്ടാണ് വിശുദ്ധി അഥവാ ശുദ്ധതയ്ക്ക് ക്രിസ്തീയജീവിതത്തില്‍ ഇത്ര പ്രാധാന്യമെന്നു ചോദിച്ചാല്‍ അതിനുത്തരം 1 പത്രോസ് 1:16 ആണ്. ”ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍” എന്ന ആഹ്വാനം.
നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം പരിശുദ്ധനായതുകൊണ്ട് ആ പരിശുദ്ധിയിലേക്ക് അവിടുന്ന് നമ്മെ ഓരോരുത്തരെയും സ്വാഗതം ചെയ്യുകയാണ്. ഈശോ നമ്മുടെ ഓരോരുത്തരുടെയും അടുത്തുവന്ന് പറയുകയാണ് ”ഞാനാണ് വഴി, ഞാനാണ് സത്യം, ഞാനാണ് ജീവന്‍. എന്നെ അനുഗമിക്കുവിന്‍.” ഈശോയുടെ ഈ വിളിക്ക് നമ്മള്‍ പ്രത്യുത്തരം നല്‍കണമെങ്കില്‍ നമ്മള്‍ ഓരോരുത്തരും വ്യക്തിപരമായി ചിന്തിക്കണം. എന്നെ എന്റെ ദൈവത്തില്‍ നിന്നുമകറ്റുന്ന ഓരോ പ്രവര്‍ത്തികളും സാഹചര്യങ്ങളും അവസ്ഥകളോടും ഞാന്‍ യുദ്ധം ചെയ്യണമെന്നത് അനിവാര്യമാണ് എന്ന്. ഇങ്ങനെ യുദ്ധം ചെയ്താല്‍ മാത്രമേ വിശുദ്ധി എന്ന പുണ്യം നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഈശോ സുവിശേഷഭാഗത്ത് പറയുന്നുണ്ട്. ”അശുദ്ധമായത് കാണാതിരിക്കാന്‍ ഞാന്‍ എന്റെ കണ്ണുകളോട് യുദ്ധം ചെയ്യണമെന്നും, അശുദ്ധമായത് പ്രവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ എന്റെ കൈകളോട് യുദ്ധം ചെയ്യണമെന്നും, അശുദ്ധമായത് പറയാതിരിക്കാന്‍ ഞാന്‍ എന്റെ നാവുകളോട് യുദ്ധം ചെയ്യണമെന്നും.”
CCC ല്‍ വിശുദ്ധിക്കെതിരെ ചെയ്യുന്ന പാപങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അവ ഓരോന്നും ആന്തരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ‘ആനന്ദിച്ചാഹ്ളാദിക്കുവിന്‍’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍, ഒരു വ്യക്തി വിശുദ്ധിയില്‍ വളരാന്‍വേണ്ടി നാല് കാര്യങ്ങളിലൂടെ സഞ്ചരിക്കണമെന്ന് വ്യക്തമാക്കുന്നു. മറ്റുള്ളവരെ വിധിക്കാതിരിക്കുക, ജീവിതത്തിന്റെ നല്ലൊരു സമയം കുടുംബാംഗങ്ങളുമായി ചിലവഴിക്കുക, ദൈവത്തെ സ്‌നേഹിക്കുക, ദൈവാനുഭവത്തില്‍ വളരുക, കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത് സഹോദരനെ സ്‌നേഹിക്കുക.
പ്രിയ സഹോദരരേ, വിശുദ്ധി എന്ന പുണ്യത്തിന്റെ വിത്ത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ പാകാന്‍ ആഗ്രഹിച്ചുകൊണ്ട് നമുക്ക് പ്രാര്‍ഥിക്കാം. നമ്മുടെ ജീവിതത്തിലും മനസ്സിലും നാം ആയിരിക്കുന്ന ഓരോ സാഹചര്യങ്ങളിലും ദൈവം വസിക്കുന്നു എന്നും ദൈവം നമ്മെ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ഒരു ബോധ്യം നമ്മുടെ ഹൃദയത്തില്‍ ഉറപ്പിക്കാം. ദൈവസാന്നിധ്യസ്മരണ പുലര്‍ത്തി വിശുദ്ധിയിലേക്കുള്ള പടവുകള്‍ ഓരോന്നായി നമുക്ക് ചവിട്ടിക്കയറാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍.
ബ്രദര്‍ അഖില്‍ ഫ്രാന്‍സിസ് MCBS



