ഞായർ പ്രസംഗം: നോമ്പുകാലം മൂന്നാം ഞായര്‍ മാർച്ച് 01, മത്തായി 6: 1-8, 16-18 ദൈവബന്ധം വളര്‍ത്താന്‍: ഉപവാസം, പ്രാര്‍ഥന, ദാനധര്‍മ്മം

യേശുവിന്റെ പീഡാനുഭവ-മരണരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുന്ന നോമ്പുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നോമ്പിലെ മൂന്നാം ഞായറായ ഇന്ന് മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ, മലയിലെ പ്രസംഗത്തിന്റെ ഭാഗമാണ് നമുക്ക് വചനവിചിന്തനത്തിനായി തിരുസഭാമാതാവ് നല്‍കിയിരിക്കുന്നത്. മത്തായി ശ്ലീഹാ യഹൂദക്രൈസ്തവര്‍ക്കു വേണ്ടിയാണ് സുവിശേഷം രചിക്കുന്നത്. അതുകൊണ്ട് യഹൂദവിശ്വാസവുമായി ബന്ധമുള്ള ഒരുപാട് കാര്യങ്ങള്‍ ഈ സുവിശേഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

യേശു ദൈവപുത്രനാണെന്നും മിശിഹായാണെന്നും അബ്രഹാത്തിന്റെയും ദാവീദിന്റെയും സന്തതിയാണെന്നും വ്യക്തമായി ഈ സുവിശേഷത്തില്‍ പറയുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് യേശു രണ്ടാം മോശയാണ് എന്നത്. ഇസ്രായേല്‍ ജനത്തിന് നിയമം ലഭിക്കുന്നത് മോശ വഴിയാണ്; പുതിയ ഇസ്രായേലിന് നിയമം നല്‍കുന്നത് യേശുവും. മലയിലെ പ്രസംഗം എന്ന പേര് നല്‍കിയത് സഭാപിതാവായ മാര്‍ അഗസ്തീനോസാണ്. അതിനു കാരണം അഞ്ചാം അധ്യായം ഒന്നാം വാക്യത്തില്‍, മലയിലേക്കു കയറുന്ന യേശു മലയില്‍ നിന്നിറങ്ങുന്നത് എട്ടാം അധ്യായം ഒന്നാം വാക്യത്തിലാണ്.

ഉപവാസത്തിനും പ്രാര്‍ഥനയ്ക്കും ദാനധര്‍മ്മത്തിനും യഹൂദവിശ്വാസത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. പക്ഷേ, ഇവയുടെ ആന്തരികതലത്തിലേക്ക് കടന്നുചെല്ലാതെ നിയമപൂര്‍ത്തീകരണത്തിനായി ബാഹ്യ അനുഷ്ഠാനങ്ങളില്‍ മാത്രമായിരുന്നു യഹൂദര്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്. തന്നില്‍ വിശ്വസിക്കുന്നവര്‍ എപ്രകാരം ഇവ മൂന്നും പാലിക്കണമെന്നാണ് യേശു ഇവിടെ പറയുന്നത്. ഈ മൂന്ന് കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ യേശു പൊതുവായി പറയുന്ന ഒരു കാര്യം, നിങ്ങള്‍ കപടനാട്യക്കാരെപ്പോലെ ആകരുത് എന്നതാണ്. ഇല്ലാത്തത് ഉണ്ടെന്ന് ഭാവിച്ചും ദൈവത്തെയും സ്വന്തം മനഃ സാക്ഷിയെയും വഞ്ചിക്കുന്നവരാണ് ഇവര്‍. മനുഷ്യരുടെ പക്കല്‍ നിന്ന് പ്രശംസയും ആദരവും കിട്ടുന്നതിനുവേണ്ടി ഭക്തകാര്യങ്ങള്‍ അനുഷ്ഠിക്കുന്നത് ദൈവത്തിന് സ്വീകാര്യമുള്ളതല്ല.

വി. അല്‍ഫോന്‍സ് ലിഗോരി പറയുന്നു: ”ആദരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നയാളെ ദൈവം ഒട്ടും ആദരിക്കില്ല.” സ്വര്‍ഗസ്ഥനായ പിതാവില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിനാണ് യേശു പ്രാധാന്യം നല്‍കുന്നത്. പിതാവില്‍ നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ പിതാവുമായുള്ള ബന്ധത്തില്‍ നിന്ന് നാം പ്രവര്‍ത്തിക്കണം. ഉപവാസവും പ്രാര്‍ഥനയും ദാനധര്‍മ്മവും പിതാവിന്റെ ഹിതപ്രകാരം നിര്‍വഹിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ഇവയ്ക്ക് ഒരു ക്രമം ഉണ്ടായിരിക്കണം.

ആദ്യമായി നമ്മുടെ പ്രാര്‍ഥനാജീവിതത്തെ നാം ക്രമപ്പെടുത്തണം. ദൈവവുമായുള്ള ജീവസുറ്റ വ്യക്തിപരമായ ബന്ധമാണ് പ്രാര്‍ഥന. CCC 2559 ഖണ്ഡിക പറയുന്നു: ”മനസ്സും ഹൃദയവും ദൈവത്തിലേക്ക് ഉയര്‍ത്തുന്നതാണ് പ്രാര്‍ഥന.” പ്രാര്‍ഥിക്കുമ്പോള്‍ യേശു പ്രാര്‍ഥിച്ചതുപോലെ പ്രാര്‍ഥിക്കണം. മര്‍ക്കോ. 1:35, ”അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.” എല്ലാ തിരക്കുകളും മാറ്റിവച്ച് യേശു ചെയ്തതുപോലെ ദൈവവും ഞാനും മാത്രമായുള്ള ഒരു സമയം എല്ലാ ദിവസവും നമുക്കുണ്ടായിരിക്കണം. ബന്ധങ്ങളില്‍ വിള്ളലും വിഷാദരോഗവും വര്‍ധിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദൈവവുമായുള്ള നമ്മുടെ വ്യക്തിബന്ധം വഴി സഹോദരരുമായി രമ്യപ്പെടാന്‍ നമുക്ക് സാധിക്കും.

പ്രിയമുള്ളവരേ, നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കുടുംബപ്രാര്‍ഥന കൂടാതെ ഉറങ്ങുന്നതിനു മുന്‍പ് ഒരു അഞ്ച് മിനിറ്റെങ്കിലും ദൈവവുമായുള്ള സംഭാഷണത്തിനായി മാറ്റിവയ്ക്കാം. പ്രാര്‍ഥനകളും സുകൃതജപങ്ങളും എത്തിക്കുന്നതിനു പകരം ഈ ദിവസത്തെ സന്തോഷങ്ങളും വേദനകളും പിറ്റേദിവസം നാം ചെയ്യാന്‍ ഒരുക്കിവച്ചിരിക്കുന്ന കാര്യങ്ങളുമൊക്കെ ദൈവത്തോടു പറയാം. അങ്ങനെ ദൈവം എന്റെ ജീവിതരഹസ്യങ്ങള്‍ അറിയുന്ന ഒരു നല്ല പിതാവും സുഹൃത്തുമായിരിക്കട്ടെ. അതുവഴി എനിക്ക് ദൈവവുമായുള്ള വ്യക്തിബന്ധത്തില്‍ ആഴപ്പെടാന്‍ സാധിക്കും.

ഉപവസിക്കുക എന്നാല്‍ കൂടെ വസിക്കുക എന്നാണ്. പ്രാര്‍ഥന വഴി ദൈവവുമായി വ്യക്തിബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ ദൈവത്തിന്റെ കൂടെ താമസിക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കുക എന്നത് ഉപവാസത്തിന്റെ ഒരു തലം മാത്രമാണ്. യഥാര്‍ഥ ഉപവാസം എന്താണെന്ന് ഏശയ്യ 58:6 ല്‍ പറയുന്നുണ്ട്. ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുന്നതും നുകത്തിന്റെ കയറുകള്‍ അഴിക്കുന്നതും മര്‍ദിതരെ സ്വതന്ത്രരാക്കുന്നതും എല്ലാ നുകങ്ങളും അഴിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. വിശക്കുന്നതിനുമായി ആഹാരം പങ്കുവയ്ക്കുന്നതും ഭവനരഹിതരെ വീട്ടില്‍ സ്വീകരിക്കുന്നതും നഗ്നരെ ഉടുപ്പിക്കുന്നതും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയും ചെയ്യുന്നതല്ലേ അത്.”

പ്രിയമുള്ളവരേ, ഇതുതന്നെയല്ലേ യേശു തന്റെ പരസ്യജീവിതകാലത്ത് ചെയ്തത്. ആദിമസഭ പ്രയത്‌നിച്ചത് ഇവ അനുഷ്ഠിക്കാനല്ലേ. യേശുവിനോടൊപ്പം ആയിരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ യേശു തന്നെത്തന്നെ കാല്‍വരിയിലും ഇന്ന് ഈ പരിശുദ്ധ കുര്‍ബാനയിലും നിസ്വാര്‍ഥമായി സ്വയം പങ്കുവയ്ക്കുന്നതുപോലെ ഞാന്‍ എനിക്കുള്ളതും എന്റെ സഹോദരനുമായി പങ്കുവയ്ക്കണം. നല്ല കാര്യങ്ങള്‍ക്കായി ധനവും ആരോഗ്യവും കഴിവുകളും വിനിയോഗിക്കുന്നതില്‍ നമ്മള്‍ ഒട്ടും വിമുഖരല്ല. പക്ഷേ, മറ്റുള്ളവരില്‍ നിന്നുള്ള അംഗീകാരമോ, പ്രശസ്തിയോ പ്രതിഫലമായി പ്രതീക്ഷിച്ചാണ് നാം ഇത് ചെയ്യുന്നതെ ങ്കില്‍ യേശുവില്‍ നിന്ന് നാം ദൂരത്താണ്. നമ്മുടെ ആരോഗ്യവും സമ്പത്തും സ്ഥാനമാനങ്ങളും എല്ലാം ദൈവദാനമാണ്.

പ്രിയമുള്ളവരേ, നമ്മുടെ സഭാപ്രവര്‍ത്തികള്‍ ദൈവവുമായുള്ള ബന്ധത്തില്‍ നിന്ന് ഉദ്ഭവിക്കട്ടെ. ബന്ധം വളര്‍ത്തുന്നതിനുവേണ്ടി ദൈവവും ഞാനും മാത്രമുള്ള വ്യക്തിപരമായ ഒരു സമയം നമ്മുടെ അനുദിന ജീവിതത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തം. അങ്ങനെ പ്രാര്‍ഥന വഴി ദൈവത്തോട് കൂടെയിരുന്ന് യേശു ചെയ്ത പ്രവര്‍ത്തികള്‍ നമുക്ക് അനുകരിക്കാം. നിസ്വാര്‍ഥമായി യേശുവിനെപ്പോലെ സ്വയം പങ്കുവയ്ക്കാം. അങ്ങനെ യഥാര്‍ഥ ദൈവമക്കളാകാം. അതിന് കാരുണ്യവാനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ആല്‍ബര്‍ട്ട് പൊന്മലക്കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.