ഞായർ പ്രസംഗം, ദനഹാക്കാലം നാലാം ഞായർ ജനുവരി 23 യോഹ. 4: 1-26 ക്രിസ്തുവിനെ അനുഭവിച്ച് പ്രേഷിതയായവള്‍

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ പ്രിയ മാതാപിതാക്കളേ, സഹോദരങ്ങളേ,

മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തു മനുഷ്യന് തന്നെത്തന്നെ വെളിപ്പെടുത്തിയതിനെ അനുസ്മരിക്കുന്ന ദനഹാക്കാലത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്. സമരിയാക്കാരി സ്ത്രീക്കു മുമ്പില്‍ സ്വയം വെളിപ്പെടുത്തുന്ന ക്രിസ്തുവിനെയാണ് യോഹന്നാന്‍ സുവിശേഷത്തിലൂടെ തിരുസഭാമാതാവ് നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

ജറുസലേമിലേക്കുള്ള യാത്രാമധ്യേ സമരിയായിലെ ഒരു കിണറ്റിന്‍കരയില്‍ ദാഹിച്ചു നില്‍ക്കുന്ന യേശുവിനെയും യേശുവില്‍ വരാനിരിക്കുന്ന രക്ഷകനെ തിരിച്ചറിയുന്ന സമരിയാക്കാരി സ്ത്രീയെയും അവളിലൂടെ രക്ഷയിലേക്കു കടന്നുവരുന്ന സമരിയാക്കാരെയുമാണ് സുവിശേഷം നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. സഭാപിതാവായ വി. അഗസ്തീനോസ് ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുമ്പോള്‍, ഈശോയ്ക്കുണ്ടായ ദാഹം സമരിയാക്കാരില്‍ വിശ്വാസം ജനിപ്പിക്കാനുള്ള ദാഹമായിരുന്നു എന്ന് പറഞ്ഞുവയ്ക്കുന്നു.

ഒന്നാമത്തെ പഴയനിയമ വായനയില്‍, കിണറ്റിന്‍കരയില്‍ വച്ച് റാഹേലിനെ കണ്ടുമുട്ടുന്ന യാക്കോബിനെയാണ് വിശുദ്ധ ഗ്രന്ഥം നമുക്കു മുമ്പില്‍ അവതരിപ്പിച്ചത്. പഴയനിയമ ചരിത്രത്തില്‍ കിണറ്റിന്‍കരയിലെ കണ്ടുമുട്ടലുകളൊക്കെ വിവാഹത്തിലായിരുന്നു കലാശിച്ചിരുന്നത്. ഇസഹാക്കിന്റെ ഭൃത്യന്‍ റബേക്കായെയും യാക്കോബ് റാഹേലിനെയും മോശ സിപ്പോറായെയും കണ്ടുമുട്ടുന്നത് കിണറ്റിന്‍കരയില്‍ വച്ചാണ്. ബൈബിള്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ യേശു തന്റെ ഉടമ്പടി വധുവായ വിശ്വാസികളെ തേടി സമരിയായിലെ കിണറ്റിന്‍കരയില്‍ എത്തുന്നതായാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.

രണ്ടാമത്തെ വായനയില്‍ സമരിയാക്കാരുടെ ഉത്ഭവത്തെക്കുറിച്ചാണ് നാം വായിച്ചുകേട്ടത്. ബി.സി. 721 -ല്‍ അസ്സീറിയന്‍ സാമ്രാജ്യം ഇസ്രായേലിന്റെ പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പാലസ്തീനായെ കീഴടക്കി അവിടെയുള്ള കുറെ യഹൂദരെ അസ്സീറിയയിലേക്ക് നാടു കടത്തുകയും അസ്സീറിയയിലുള്ള അഞ്ച് നഗരങ്ങളില്‍ നിന്നുള്ള വിജാതീയരെ സമരിയായില്‍ അധിവസിപ്പിക്കുകയും ചെയ്തു. സമരിയായില്‍ ശേഷിച്ച യഹൂദര്‍ ഇവരോട് കലര്‍ന്ന് അവരുടെ ആചാരങ്ങളെയും ദേവന്മാരെയും സ്വീകരിച്ച് സ്വയം കളങ്കിതരായി.

സമരിയാക്കാരി സ്ത്രീയോട്, നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്നാല്‍ ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല എന്നു പറയുമ്പോള്‍ സമരിയായുടെ പൂര്‍വ്വകാല ചരിത്രത്തെ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. അഞ്ച് വിജാതീയദേശങ്ങളുടെ ആചാരങ്ങളും ദേവസങ്കല്‍പങ്ങളും കൂട്ടിക്കലര്‍ത്തി ആറാമതൊന്നായി യഹോവയെയും സ്വീകരിച്ച് മിശിഹായുടെ വരവിനെ കാത്തിരിക്കുന്ന സമരിയായുടെ പ്രതീകം തന്നെയാണ് സുവിശേഷത്തിലെ സ്ത്രീ.

സുവിശേഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍, പടിപടിയായി ഈശോയെ തിരിച്ചറിയുന്ന സമരിയാക്കാരിയെയാണ് സുവിശേഷകന്‍ നമുക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. ആദ്യം യഹൂദനായും ശേഷം പ്രവാചകനായും ഒടുവില്‍ വരാനിരിക്കുന്ന ക്രിസ്തുവായും യേശുവിനെ മനസിലാക്കുന്ന സമരിയാക്കാരി സ്ത്രീ തന്റെ കുടം കിണറ്റിന്‍കരയില്‍ ഉപേക്ഷിച്ച് താന്‍ കണ്ടെത്തിയ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനായി പട്ടണത്തിലേക്കു യാത്രയാകുന്നു. അങ്ങനെ ഈ സ്ത്രീ സുവിശേഷത്തിലെ ആദ്യ പ്രേഷിതയായി മാറുന്നു.

ഈ തിരുവചനഭാഗം വായിച്ച് ധ്യാനിച്ച് കടന്നുപോകുന്ന നമുക്കു മുമ്പില്‍ സുവിശേഷം പ്രധാനമായും രണ്ടു വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഒന്നാമതായി, അനുദിന ജീവിതത്തില്‍ ഈശോയെ അനുഭവിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം തിരുവചന വായനയാണ്. സന്ധ്യാപ്രാര്‍ത്ഥനയോടു ചേര്‍ന്നുള്ള ഏതാനും നിമിഷത്തെ വചനവായനക്കപ്പുറം ഈശോയെ ആഴത്തില്‍ അറിയാനും അനുഭവിക്കാനുമുള്ള ആഗ്രഹത്തോടെ വ്യക്തിപരമായി വചനം വായിക്കാന്‍ നമുക്ക് പരിശ്രമിക്കാം. അങ്ങനെ വചനത്തില്‍ ഈശോയെ അനുഭവിച്ചറിയുമ്പോള്‍ ഈ വിശുദ്ധ ബലിയിലും ഈശോയെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും.

സുവിശേഷം നമുക്കു മുമ്പില്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ വെല്ലുവിളി, ജീവിതത്തില്‍ നാം കൂടെ കൊണ്ടുനടക്കുന്ന പാപങ്ങളാകുന്ന, പാപസാഹചര്യങ്ങളാകുന്ന കുടങ്ങളെയൊക്കെ സമരിയാക്കാരി സ്ത്രീയെപ്പോലെ ഉപേക്ഷിക്കാനുള്ളതാണ്. ഇന്നത്തെ ഹെബ്രായ ലേഖനം നമ്മെ ഓര്‍മ്മിപ്പിച്ചതും ഇതു തന്നെയാണ്. “ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയസമ്മാനം ആസ്വദിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍ അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക സാധ്യമല്ല. കാരണം അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറക്കുകയും ചെയ്തിരിക്കുന്നു” (ഹെബ്രാ. 6:6-7). അതിനാല്‍ സ്‌നേഹമുള്ളവരേ, നമുക്ക് ഈശോയെ ബോധപൂര്‍വ്വം കുരിശില്‍ തറയ്ക്കുന്നവരാകാതിരിക്കാം.

അവസാനമായി സുവിശേഷം നമുക്കു മുമ്പിലേക്കു വച്ചുനീട്ടുന്ന അളവുകോലിനെ നമുക്ക് ആത്മപരിശോധനക്ക് വിധേയമാക്കാം. ഈശോയെ അനുഭവിച്ചറിഞ്ഞ സമരിയാക്കാരി സ്ത്രീ, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്ന ഒരു പ്രേഷിതയായി രൂപപ്പെട്ടു. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ നമ്മുടെ സഹോദരങ്ങളോട്, സ്‌നേഹിതരോട്, സഹപ്രവര്‍ത്തകരോട്, നാം കണ്ടുമുട്ടുന്ന വ്യക്തികളോട് ഈശോയെക്കുറിച്ചു പറയാനും അവരെ ഈശോയിലേക്ക് അടുപ്പിക്കാനും നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഉള്ളിന്റെയുള്ളില്‍ ഈശോയെക്കുറിച്ച് പറയാന്‍ ലജ്ജയും മടിയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ നമുക്ക് ഓര്‍ക്കാം, നമ്മുടെ ആത്മീയജീവിതത്തില്‍, പ്രാര്‍ത്ഥനാജീവിതത്തില്‍ ഈശോയെ അനുഭവിച്ചറിയാന്‍ അല്‍പം കൂടി ആത്മാര്‍ത്ഥമായി നാം പരിശ്രമിക്കേണ്ടതുണ്ട്. ഈ വിശുദ്ധ ബലിയില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് ഈശോയോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, സമരിയാക്കാരെ മുഴുവന്‍ ദൈവാനുഭവത്തിന്റെയും വിശ്വാസത്തിന്റെയും ആഴങ്ങളിലേക്കു നയിച്ച ഈശോയേ, അനുദിന ജീവിതത്തില്‍ അങ്ങയെ തിരുവചനത്തിലൂടെ അനുഭവിച്ചറിയാനും പാപത്തെയും പാപസാഹചര്യങ്ങളെയും പൂര്‍ണ്ണമായി ഉപേക്ഷിച്ച് ജീവിക്കാനും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ, ആമ്മേന്‍.

ബ്ര. ടോണി മങ്ങാട്ടുപൊയ്കയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.