
ദിവ്യകാരുണ്യ ഈശോയില്‍ സ്നേഹം നിറഞ്ഞ മാതാപിതാക്കളേ, പ്രിയമുള്ള സഹോദരീ സഹോദരന്മാരേ,
ഇന്ന് പന്തക്കുസ്താ തിരുനാള്‍ ദിനം; സഭയുടെ ജന്മദിനം. ഇന്നലെ വരെ ഭയത്തിന്റെ ആവൃത്തിക്കുള്ളില്‍ അടക്കിപ്പിടിച്ച് സംസാരവും പേടിച്ചരണ്ട കണ്ണുകളുമായി കഴിഞ്ഞ ശിഷ്യന്മാര്, ആത്മാവിനെ സ്വീകരിച്ച് അനന്തനന്മയായ യേശുവിനെ പ്രഘോഷിച്ച ദിനമാണ് പന്തക്കുസ്താ തിരുനാള്‍. ഇതൊരു മാനസാന്തരത്തിന്റെ ദിനം കൂടിയാണ്. ഭയത്തില്‍ നിന്ന് ആത്മധൈര്യത്തിലേക്കും ദുഃഖത്തില്‍ നിന്ന് സന്തോഷത്തിലേക്കുമുള്ള ഒരു മാനസാന്തര ദിനം.
ഇന്നത്തെ ആദ്യ മൂന്നു വായനകളില്‍ നാം കാണുന്നത് ദൈവത്തിന്റെ അരൂപിയെ നല്കി മനുഷ്യനെ സൃഷ്ടിച്ച ദൈവം സ്രഷ്ടാവ് മാത്രമല്ല, മനുഷ്യന്റെ സംരക്ഷനും കൂടിയാണ് എന്ന വസ്തുതയാണ്. ദൈവത്തിന്റെ അരൂപി അഥവാ ആത്മാവ് സഹായകനാണ്. നമ്മുടെ ആവശ്യനേരങ്ങളില്‍ സഹായിക്കുന്ന നിത്യസഹായകന്. നീ ആ ശ്രയമര്പ്പിച്ചിരിക്കുന്ന കരങ്ങളെല്ലാം പിന് വലിക്കപ്പെടുമ്പോള്‍ ഓടിയെത്തുന്നവന്, മറ്റെല്ലാ വഴികളും നിന്റെ ജീവിതത്തിനു മുമ്പില്‍ ഇരുളടഞ്ഞതാകുമ്പോള് പ്രകാശവീഥി തെളിക്കുന്നവന്, മറ്റെല്ലാവരും നിന്നോട് യാത്രാമൊഴി ചൊല്ലി അകലുമ്പോഴും ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുമ്പോഴും പിരിയാതെ നിന്റെ കൂടെ നില്ക്കുന്നവന്.
ഇന്നത്തെ വചനവിചിന്തനത്തിനായുള്ള സുവിശേഷഭാഗം ആരംഭിക്കുന്നത്, ഒരു ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നടുവില്‍ നിന്നാണ്. ഭയന്ന് കതകടച്ചിരുന്ന ശിഷ്യസമൂഹത്തിലേക്കാണ് യേശു കടന്നുവരുന്നത് (യോഹ. 20:19). ക്രിസ്തുവിന്റെ സാന്നിധ്യം ശിഷ്യസമൂഹത്തില്‍ വരുത്തിയ മൂന്നു ചിന്തകളാണ് നാം ഇന്ന് ധ്യാനവിഷയമാക്കുന്നത്.
കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര് സന്തോഷിച്ചെന്നും ക്രിസ്തു തന്റെ ശിഷ്യരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആദ്യം നല്‍കിയത് സമാധാനമാണ് എന്നുമാണ് തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. തൊട്ടുമുമ്പ് ഭയപ്പെട്ടിരുന്നവരാണ് ഇപ്പോള്‍ സന്തോഷിക്കുന്നത്. യേശുവിന്റെ സാന്നിധ്യം തന്നെ അവരുടെ സങ്കടങ്ങളെ സന്തോഷമാക്കിയെന്നും ഭയത്തിന്റെ നടുവില്‍ കഴിഞ്ഞവര്‍ക്ക് ആത്മധൈര്യത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചുവെന്നുമാണ് ഇന്നത്തെ സുവിശേഷം നമ്മെ അനുസ്മരിപ്പിക്കുന്നത്. അപരന്റെ ജീവിത തകര്‍ച്ചകളില്‍ അവന് ഒരു സന്തോഷത്തിന്റെ സാന്നിധ്യമാകുമ്പോള്‍, ജീവിതപങ്കാളിയുടെ നൊമ്പരങ്ങളുടെ നേരത്ത് അവര്‍ക്ക് ആശ്വാസമാകുമ്പോള്‍, മക്കളുടെ വേദനകളുടെ നിമിഷങ്ങളില്‍ അവര്‍ക്ക് സമാധാനത്തിന്റെ ഒരു തൂവല്സ്പര്ശമാകുമ്പോള് അവരുടെ ജീവിതങ്ങളില്‍ നീയും ഒരു ക്രിസ്തുസാന്നിധ്യമായി മാറുന്നുണ്ട്.
രണ്ടാമതായി, ഈശോ തന്റെ ശിഷ്യരെ കാണിക്കുന്നത് മുറിവേറ്റ കൈകളും പാര്‍ശ്വവുമാണ് (യോഹ. 20:20). ക്രിസ്തുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളാണിവ. നിന്നെ നിന്റെ സഹജര്‍ തിരിച്ചറിയുന്നതിന്റെയും നിന്നില്‍ വിശ്വാസമര്പ്പിക്കുന്നതിന്റെയും മാനഡണ്ഡം ഇതു മാത്രമായിരിക്കും. നീ അവര്‍ക്കു വേണ്ടി ഏറ്റ മുറിവുകളും സഹനങ്ങളും; അതായിരിക്കും നീയും സഹജരും തമ്മിലുള്ള ആത്മബന്ധത്തിന്റെയും അളവുകോല്‍. നിന്റെ ജീവിതപങ്കാളിക്കും മക്കള്‍ക്കും വേണ്ടി നീ മുറിവേല്ക്കുമ്പോള് നീ ക്രൂശിതനോടാണ് താദാത്മ്യപ്പെടുന്നത്. നിന്നെ മറ്റുള്ളവര്‍ തിരിച്ചറിയാനുള്ള നിന്റെ ഐഡന്റിറ്റി (Identity) രൂപപ്പെടുന്ന അവസരങ്ങളാണിവ. ഈ കൊച്ചുജീവിതം കൂടുതല്‍ നിറം പകരുന്നതായി മാറുന്നത് അത് മറ്റുള്ളവര്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായി ജീവിക്കുമ്പോഴാണ്. ക്രിസ്തു തന്റെ ജീവിതത്തിലും ചെയ്തത് ഇതു തന്നെയാണ്. സ്നേഹിതനു വേണ്ടി ജീവന് ബലി കഴിച്ചുള്ള സ്നേഹം (യോഹ. 15:13). നമുക്ക് പരിശ്രമിക്കാം, അപരന്റെ ഇരുളടഞ്ഞ വഴികളില്‍ ഒരു നുറുങ്ങുവെട്ടമായി പ്രകാശിക്കാന്‍.
മൂന്നാമതായി, ശിഷ്യന്മാര്ക്ക് ഈശോ ഒരു ദൗത്യം ഏല്പിക്കുന്നുണ്ട്. നാലു സുവിശേഷങ്ങളും അവസാനിക്കുന്നത് ഉത്ഥിതനായ ഈശോയുടെ ഒരു ദൗത്യം ഏല്പിക്കുന്നതോടു കൂടി (Commissioning) ആണ്. ഈ ഭൂമിയില്‍ നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ല എന്നു പറഞ്ഞ അവരിലേക്ക് പരിശുദ്ധാത്മാവിനെ നിവസിപ്പിച്ച് ഈശോ അവരില്‍ നിന്നു മറയുകയാണ്. ഈ പരിശുദ്ധാത്മശക്തി കൊണ്ടാണ് ശിഷ്യന്മാര് ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുന്നതും ഈശോയ്ക്ക് സാക്ഷികളായിത്തീരുന്നതും.
പരിശുദ്ധാത്മാവ് ഒരുവനില്‍ നിറയുമ്പോള്‍ വിശക്കുന്നവന് അപ്പമേകാനും, കരയുന്നവന് സാന്ത്വനമേകാനും, ബലഹീനന് ശക്തിയേകാനും, ബന്ധിതന്‍ മോചനമേകാനും, രോഗിക്ക് സൗഖ്യമേകാനും അവനെ ശക്തനാക്കുന്നു. ഈ പരിശുദ്ധാത്മ ബലിവേദിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, ആറിപ്പോയതിന് ചൂട് നല്‍കുകയും, വാടിപ്പോയതിനെ നനയ്ക്കുകയും ചെയ്യുന്ന പ രിശുദ്ധാത്മാവേ, തണുത്തുമരവിച്ച ഞങ്ങളുടെ ഹൃദയങ്ങളെ ചൂടുള്ളതാക്കണമെന്നും വാടിപ്പോയ ഞങ്ങളുടെ ആത്മീയജീവിതത്തെ നിന്റെ അനുഗ്രഹങ്ങളാല്‍ നിറയ്ക്കണമേ.
ബ്ര. റെലിന്‍ പടിഞ്ഞാറേവീട്ടില്‍ MCBS