ഞായർ പ്രസംഗം, ശ്ലീഹാക്കാലം മൂന്നാം ഞായർ ജൂൺ 19, വൈരുദ്ധ്യത്തിന്റെ യാത്ര

ബ്ര. മിജോ കൊല്ലന്റെകിഴക്കേതില്‍ MCBS

മിശിഹായില്‍ പ്രിയപ്പെട്ട മാതാപിതാക്കളേ, സഹോദരങ്ങളേ,

ബൈബിളിന്റെ ആദ്യ പുസ്തകത്താള്‍ മുതല്‍ പരിശോധിക്കുമ്പോള്‍ നാം ഒരുപാട് യാത്രകള്‍ കാണുന്നുണ്ട്. അബ്രഹാം-സാറാ ദമ്പതിമാരുടെ യാത്ര, കാനാന്‍ ദേശം ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ യാത്ര, പുതിയനിയമത്തിലെ തിരുക്കുടുംബത്തിന്റെ യാത്ര… അങ്ങനെ ഒരുപാട്. ബൈബിളിന്റെ ചരിത്രത്തില്‍ യാത്രകള്‍ക്ക് ഒരുപാട് പങ്കുണ്ട്.

ഇന്ന് ശ്ലീഹാക്കാലം മൂന്നാം ഞായര്‍. തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നമുക്ക് നല്‍കുന്നത്, വി. ലൂക്കായുടെ സുവിശേഷം 9-ാം അധ്യായം 1 മുതല്‍ 6 വരെയുള്ള തിരുവചനഭാഗങ്ങളാണ്. മിശിഹാദൗത്യം തുടര്‍ന്നുകൊണ്ടു പോകാന്‍ ശ്ലീഹന്മാരെ യാത്രയാക്കുന്ന ഈശോയെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. അതായത് സുവിശേഷവും ഹൃദയത്തില്‍ പേറിയുള്ള ഒരു ‘യാത്രയുടെ’ കഥ. ക്രിസ്തുവിന്റെ ദൗത്യം തുടര്‍ന്നുകൊണ്ടു പോകുന്ന ശ്ലീഹന്മാരെയാണ് ഈ ശ്ലീഹാക്കാലത്തില്‍ നാം ധ്യാനിക്കുന്നത്. ഇന്ന് ഈ മൂന്നാമത്തെ ആഴ്ചയില്‍ നാം എത്തിനില്‍ക്കുമ്പോള്‍ ഈ സുവിശേഷയാത്രയിലെ ഒരു പ്രത്യേകത നാം ധ്യാനിക്കുന്നു. അതിലേക്കു തന്നെ നമുക്ക് കടന്നുചെല്ലാം.

നമ്മള്‍ പലതരം യാത്രകള്‍ ജീവിതത്തില്‍ നടത്താറുണ്ട്. വിനോദയാത്രകള്‍, വിജ്ഞാനത്തിന്റെ യാത്രകള്‍ അങ്ങ നെ ഒരുപാട്. ഒരു മകന്‍/ മകള്‍ യാത്ര തിരിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മാതാപിതാക്കളെ നാം കാണാറുണ്ട്. ഇപ്രകാരം സഭയെപ്പറ്റി, ശിഷ്യരെപ്പറ്റി കരുതലുള്ള ഒരു അപ്പന്‍ യാത്രക്കൊരുങ്ങുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് നാം ഇന്ന് വായിച്ചുകേട്ടത്. ഇന്നത്തെ സുവിശേഷത്തിന്റെ 9-ാം അധ്യായം 3 മുതല്‍ 5 വരെ വാക്യങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ദൈവികയാത്രകളുടെ രഹസ്യമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ഈ വാക്യങ്ങളെ നാം ധ്യാനിക്കുമ്പോള്‍ മാനുഷികമായ രീതിയില്‍ ‘വൈരുദ്ധ്യം’ എന്നു തോന്നാവുന്നവയാണ് നാം കണ്ടുമുട്ടുന്നത്.

‘യാത്രയ്ക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്.’ എന്തിനാണ് ക്രിസ്തു ഇപ്രകാരം പറയുന്നത്. പലപ്പോഴും ഈ വചനഭാഗത്തെ, ദൈവാശ്രയബോധ്യത്തിലേക്കു നയിക്കാനുതകുന്ന ഒന്നായി നാം ധ്യാനിക്കാറുണ്ട്. എന്നാല്‍ ഈ ഭാഗം മറ്റു പലതും നമ്മോട് പറയുന്നുണ്ട്. ആ കാലഘട്ടത്തില്‍ ഒരാള്‍ തന്റെ യാത്രയ്ക്ക് കരുതുന്നവയായിരുന്നു വടിയും സഞ്ചിയും അപ്പവും ഉടുപ്പുമെല്ലാം. എന്നാല്‍ ഇവ വേണ്ട എന്നു പറയുമ്പോള്‍ ഈ യാത്ര പ്രത്യേകതയുള്ളതാണ് എന്നതാണ് സത്യം. വഴിയില്‍ വച്ച് ഈ യാത്ര ചെയ്യുന്ന ശിഷ്യരെ കാണുന്ന ഏതൊരുവനും ചിന്തിച്ചുപോകും, ‘ഭോഷന്മാര്‍’ എന്ന്. എന്തെന്നാല്‍ ഇവര്‍ യാത്ര ചെയ്യുന്നു; എന്നാല്‍ കൈയ്യില്‍ ഒന്നുമില്ലാതാനും. ഇതാണ് പ്രിയപ്പെട്ടവരേ ക്രിസ്തുവിന്റെ യാത്രയുടെ പ്രത്യേകതകള്‍. മാനുഷികദൃഷ്ടിയില്‍ ഭോഷത്വം എന്നു തോന്നുന്നവ ദൈവികദൃഷ്ടിയില്‍ വലിയ സുവിശേഷയാത്രകളാണ്. സുവിശേഷം വഹിച്ചുകൊണ്ടുള്ള യാത്രകള്‍; പലപ്പോഴും അത് അറിയാത്തവന് ‘വൈരുദ്ധ്യങ്ങളുടെ യാത്രയാണ്.’ ശത്രുവിനെ സ്‌നേഹിക്കുന്നത്, ദ്രോഹിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്, സ്വയം പട്ടിണി കിടന്നും മറ്റുള്ളവനെ ഊട്ടുന്നത്. അങ്ങനെ സുവിശേഷത്തിന്റെ പ്രവര്‍ത്തികള്‍ പലതും അറിവില്ലാത്തവന് ഭോഷത്വമാണ്. ഇതു തന്നെയാണ് വി. പൗലോസ് അപ്പസ്‌തോലനും പറയുന്നത്: “നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്വമാണ്” എന്ന്. യഥാര്‍ത്ഥത്തില്‍ വിശ്വാസികളായ നമുക്കും പലപ്പോഴും ഇത് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.

ഇതിനു വേണ്ടിയാണ് പ്രിയപ്പെട്ടവരേ, സഭ ഇന്നത്തെ പഴയനിയമ ലേഖനവായനയിലൂടെ നമ്മോട് സംസാരിക്കുന്നത്. ഒന്നാം വായനയില്‍, അതായത് പുറപ്പാട് പുസ്തകം 23-ാം അധ്യായം 20 മുതല്‍ 26 വരെയുള്ള വചനഭാഗത്ത് നാം വായിച്ചുകേട്ടു, കാനാന്‍ ദേശം ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേലിന് ദൈവം വാഗ്ദാനങ്ങള്‍ നല്‍കുന്നത്. നമുക്കറിയാം, ദൈവത്തിന്റെ വാക്കുകള്‍ അവര്‍ പാലിച്ചില്ലെങ്കിലും ദൈവം അവരോട് കരുണയുള്ളവനായിരുന്നു. അവരുടെ യാത്രയില്‍ പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിയായും അവന്‍ കൂടെ ഉണ്ടായിരുന്നു.
തുടര്‍ന്ന് രണ്ടാം വായനയിലും, അതായത് യോനാ 4-ാം അധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങള്‍ നമ്മോടു പറയുന്നത്, ദൈവത്തിന്റെ വാക്കുകളില്‍ നിന്നും മാറി യാത്ര ചെയ്തിട്ടും ഒടുവില്‍ ദൈവത്തിന്റെ വഴിയെ നടന്ന് ജീവിതദൗത്യം പൂര്‍ത്തിയാക്കിയ യോനാ പ്രവാചകന്റെ വാക്കുകളാണ് പ്രത്യേകിച്ച് രണ്ടാം വാക്യത്തില്‍. ഇതിനോട് ചേര്‍ന്നു വായിക്കാവുന്ന ഒന്നാണ് ഇന്നത്തെ ലേഖനഭാഗത്ത് നാം വായിച്ചുകേട്ടത്. വി. പൗലോസ് ശ്ലീഹാ റോമായിലെ സഭയ്‌ക്കെഴുതിയ ലേഖനം 15-ാം അധ്യായം 14 മുതല്‍ 21 വരെയുള്ള ഭാഗമാണ്. ക്രിസ്തുവിനെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കാന്‍ സാധിച്ചതിന്റെ നന്ദിയുടെ വാക്കുകള്‍. ഈ വായനകളെല്ലാം നമ്മോട് പറയുന്നത്, ദൈവത്തിന്റെ യാത്രകളുടെ ഒടുവില്‍ ദൈവികപദ്ധതിയുടെ സാക്ഷാത്ക്കാരം ഉണ്ട് എന്നതാണ്.

ഇനി നമുക്ക് എപ്രകാരം ഈ യാത്രകള്‍ നമ്മുടെ ജീവിതത്തില്‍ നടത്താന്‍ സാധിക്കുമെന്നു ചിന്തിക്കാം. സാധാരണക്കാരായ നമുക്കോരോരുത്തര്‍ക്കും ദൈവം നല്‍കുന്ന യാത്ര എന്നത് നമ്മുടെ ജീവിതം തന്നെയാണ്. നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും സുവിശേഷം പങ്കുവച്ചു നല്‍കാന്‍ ദൈവം നമ്മെ ഓരോരുത്തരെയും വിളിക്കുന്നുണ്ട്. നമ്മെ ചതിക്കുന്നവരെയും വഞ്ചിക്കുന്നവരെയും, സ്‌നേഹിക്കുമ്പോള്‍ വിശക്കുന്നവര്‍ക്ക് സ്‌നേഹത്തോടെ നാം പട്ടിണി കിടന്നും അവര്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ എല്ലാറ്റിലുമുപരി വേദനകളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും നമ്മുടെ മുന്നില്‍ നില്‍ക്കുന്നവനെ ഒന്ന് പുഞ്ചിരിച്ചു കാട്ടുമ്പോഴെല്ലാം നാം ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഭാഗഭാക്കാവുകയാണ്. ഇതില്‍ പലതും പലര്‍ക്കും ഭോഷത്വമായി തോന്നിയേക്കാം. സമ്പന്നമായ മാളിക ഉപേക്ഷിച്ച് ചാക്കുടുത്തു നടന്ന വി. ഫ്രാന്‍സിസിന്റെ ഭോഷത്വം പോലെ. തന്നെ കൊല്ലാന്‍ ശ്രമിച്ചവനെപ്പോലും ജയിലില്‍ പോയി കണ്ട് മാപ്പ് കൊടുത്ത വി. ജോണ്‍ പോള്‍ പാപ്പായുടെ ഭോഷത്വം പോലെ. ക്രിസ്തുവിന്റെ മണവാട്ടിയാവാന്‍ കനലില്‍ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ ഭോഷത്വം പോലെ. നമുക്കും നമ്മുടെ ജീവിതം കൊണ്ട് ഭോഷത്വത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാം. എന്നാല്‍ ദൈവിക കാഴ്ച്ചപ്പാടില്‍ ഇത് വലുതാണ് എന്ന് നമുക്ക് മനസിലാക്കാം. പാദുവായിലെ വി. അന്തോണീസ് ഇപ്രകാരം പറയുന്നു: “യാത്രക്കാര്‍ നീണ്ട യാത്ര പോകുമ്പോള്‍ ഒരു പടിയില്‍ ചാരിയിരിക്കുന്നതു പോലെ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ കുരിശില്‍ ആശ്രയിക്കണം.”

നമ്മള്‍ ക്രിസ്തുവിന്റെ വചനത്തിനൊത്ത് യാത്ര ചെയ്യുമ്പോള്‍ ക്രിസ്തു കൂടെ കാണുമെന്നതിന് ഉത്തരമാണ് ഒന്നുമില്ലാതെ പോയ ശിഷ്യര്‍ പിന്നീട് ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സഭ പടുത്തുയര്‍ത്തി എന്നത്. ഇനിയും ആ ദൗത്യം നമുക്കും തുടരാം. നമ്മുടെ വാക്കുകളില്‍, പ്രവര്‍ത്തികളില്‍, ചിന്തകളില്‍ നമുക്ക് ക്രിസ്തുസ്‌നേഹം നിറയ്ക്കാം. അതിന് നാം മറ്റെങ്ങും പോകണ്ട. ഒറ്റിക്കൊടുത്തവനു പോലും നല്‍കപ്പെട്ട പരിശുദ്ധ കുര്‍ബാനയിലാണ് നാം നമ്മുടെ ജീവിതത്തിന്റെ സുവിശേഷയാത്രക്ക് ശക്തി നല്‍കുന്നത്. ഈ കുര്‍ബാനയിലെ വചനമാകുന്ന ഈശോയും അപ്പമാകുന്ന ഈശോയുമായുള്ള ഈ പരിശുദ്ധ കുര്‍ബാനയാണ്. അതിനാല്‍ യാത്രകള്‍ക്കുള്ള പാഥേയമാണ് ഈ ബലിവേദി. നമുക്ക് ഒന്നുചേര്‍ന്നു പ്രാര്‍ത്ഥിക്കം, ദൈവമേ, ലോകത്തിനു മുമ്പില്‍ ഭോഷത്വമാണ് എന്നു തോന്നുന്ന നിന്റെ സുവിശേഷവേല തളര്‍ച്ച കൂടാതെ എനിക്കും ശക്തി തരണേ. ശിഷ്യരോടെന്ന പോലെ ഞങ്ങളുടെ ഓരോരുത്തരുടെയും യാത്രകളില്‍ അങ്ങ് കൂടെയുണ്ടായിരിക്കേണമേ.

ബ്ര. മിജോ കൊല്ലന്റെകിഴക്കേതില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.