ഞായർ പ്രസംഗം, ഉയിർപ്പുകാലം ഏഴാം ഞായർ മെയ് 29, ചലിക്കുന്ന ദൈവാലയം

ബ്ര. റിന്‍സ് കെ. ജോസഫ് MCBS

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരീസഹോദരന്മാരേ,

സ്‌നേഹത്തിന് കുരിശോളം അര്‍ത്ഥമുണ്ടെന്ന് കാണിച്ചുതന്ന് മരണത്തെ ജയിച്ചടക്കി മൂന്നാം നാള്‍ മഹിമയോടെ ഉത്ഥാനം ചെയ്ത മിശിഹായുടെ വിജയത്തിന്റെ ഓര്‍മ്മയിലൂടെ കടന്ന് ഉയിര്‍പ്പുകാലത്തിന്റെ അവസാന ആഴ്ചയില്‍ നാം എത്തിനില്‍ക്കുകയാണ്. ഈ ഉത്ഥാനാനുഭവത്തിലൂടെ അവനോടു കൂടെ ആയിരിക്കാനും അവനു വേണ്ടി അയയ്ക്കപ്പെടാനുമുള്ള ഒരു പ്രേഷിതദൗത്യം നാം ഏറ്റെടുക്കുകയാണ്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചറിഞ്ഞ മിശിഹായെ ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന, അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരിക്കുന്ന ഒരു ശിഷ്യസമൂഹത്തെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്.

ലൂക്കാ സുവിശേഷകന്‍ തന്റെ സുവിശേഷം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: “അവര്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് സദാ സമയവും ദൈവാലയത്തില്‍ കഴിച്ചുകൂട്ടി.” ദൈവസാന്നിധ്യമുള്ള ഇടമാണ് ദൈവാലയം അഥവാ ദൈവസാന്നിധ്യം എവിടെയോ അവിടം ദൈവാലയമായി മാറുകയാണ്. ഇത്തരത്തില്‍ ദൈവസാന്നിധ്യം കൊണ്ട് ദൈവാലയമായി മാറുന്ന ഒരു സ്ഥലത്തെക്കുറിച്ച് ഇന്നത്തെ ഒന്നാം വായനയില്‍ ഉല്‍. 28-ല്‍ നാം കാണുകയുണ്ടായി. അബ്രാഹത്തിനും ഇസഹാക്കിനും എന്നപോലെ തനിക്കും പ്രത്യക്ഷനായ ദൈവത്തെ യാക്കോബ് ദര്‍ശിക്കുന്നതും ആ സ്ഥലത്തിന് ‘ബെഥേല്‍’ എന്ന് പേര് നല്‍കുകയും ചെയ്യുന്നതാണ് പശ്ചാത്തലം. ‘ബെഥേല്‍’ എന്ന ഹീബ്രുപദത്തിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ഭവനം’ എന്നാണ്. വീണ്ടും രണ്ടാം വായനയില്‍ മിക്കാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നും നാം വായിച്ചുകേട്ടു: “വരുവിന്‍, നമുക്ക് കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം.” ഇവിടെ ദൈവഭവനത്തില്‍ പ്രവേശിക്കാനുള്ള ഒരു ഭക്തന്റെ അഭിനിവേശമാണ് വ്യക്തമാക്കപ്പെടുന്നത്.

സുവിശേഷത്തില്‍ ശിഷ്യന്മാര്‍ ദൈവാലയത്തില്‍ ഒത്തുചേര്‍ന്നു എന്നു പറയുമ്പോള്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്, ജെറുസലേം ദൈവാലയമല്ല മറിച്ച് അവര്‍ എവിടെ പ്രാര്‍ത്ഥിക്കാന്‍ ഒത്തുകൂടിയോ അവിടം ദൈവാലയമായി മാറുകയായിരുന്നു. പ്രാര്‍ത്ഥനയാല്‍ കാത്തിരുന്ന അവര്‍ക്ക് ഒരു വാഗ്ദാനപൂര്‍ത്തീകരണത്തിന്റെ പ്രതീക്ഷയുണ്ടായിരുന്നു. ഒരു പെന്തക്കുസ്താ അനുഭവത്തിനായി അവര്‍ കാത്തിരുന്നത് മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാനാണ്. ലൂക്കാ 24:47-ല്‍ പറയുന്നു: “പാപമോചനത്തിന്റെ അനുതാപം ജെറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളിലും പ്രഘോഷിക്കപ്പെടണം.” ഇത് ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. മിക്കാ പ്രവാചകന്റെ പുസ്തകം 4-ാം അദ്ധ്യായം 2-ാം വാക്യത്തില്‍ നാം കാണുന്നു: “സീയോനില്‍ നിന്നു നിയമവും ജെറുസലേമില്‍ നിന്ന് കര്‍ത്താവിന്റെ വചനവും പുറപ്പെടും.” ഇത് നിറവേറാനാണ് അവര്‍ ഉന്നതത്തില്‍ നിന്നുള്ള ശക്തിക്കായി സദാ പ്രാര്‍ത്ഥനയിലായിരുന്നത്.

ലൂക്കാ 24-44 ല്‍ ഇപ്രകാരം പറയുന്നു: “അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു.” മോശയുടെ നിയമം, പ്രവാചകന്മാര്‍, സങ്കീര്‍ത്തനങ്ങള്‍ ഇവ കൂടി ചേരുന്നതാണ് പഴയനിയമം. പഴയനിയമത്തില്‍ രക്ഷകനു വേണ്ടി കാത്തിരിക്കുന്ന ഒരു ജനത്തെ നാം കണ്ടുമുട്ടുന്നുണ്ട്. ആ രക്ഷ പൂര്‍ത്തിയാക്കപ്പെടുന്നത് പുതിയനിയമത്തിലാണ്. ഈ സത്യം പ്രഘോഷിക്കാനാണ് മിശിഹാ അവരെ ഭരമേല്‍പിക്കുന്നത്. സഭാപിതാവായ വി. അഗസ്തീനോസ് പറയുന്നത് ഇപ്രകാരമാണ്: “പുതിയനിയമത്തില്‍ പഴയനിയമം വെളിവാക്കപ്പെടുന്നു. പഴയനിയമത്തില്‍ പുതിയനിയമം മറഞ്ഞിരിക്കുന്നു.” ഈയൊരു കാഴ്ച്ചപ്പാടിലേക്കാണ് സഭ നമ്മെയും ഇന്ന് ക്ഷണിക്കുന്നത്.

ഉയിര്‍പ്പുകാലത്തിന്റെ അവസാന ആഴ്ചയിലേക്കു പ്രവേശിക്കുന്ന നമുക്കായി സഭ നല്‍കിയിരിക്കുന്നത് വളരെ മനോഹരമായ സന്ദേശങ്ങളാണ്. മിശിഹായില്‍ കേന്ദ്രീകൃതമായ ഒരു ജീവിതം കെട്ടിപ്പടുത്ത് പരിശുദ്ധാത്മാവിന്റെ ഫലദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച്, ദൈവസാന്നിധ്യസ്മരണയില്‍ ആയിരിക്കാനാണ് സഭ നമ്മെ ഇന്ന് വിളിക്കുന്നത്. ദൈവത്തെ നോക്കി ജീവിക്കുന്നവനില്‍ മാനവികതയുടെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കപ്പെടും. അപരനില്‍ ദൈവത്തെ തിരിച്ചറിയാന്‍ അവന്/ അവള്‍ക്ക് സാധിക്കും.

കൂടെ ആയിരിക്കാന്‍ കുര്‍ബാനയായി നിത്യസാന്നിധ്യമായി മാറിയവന്റെ സ്വര്‍ഗീയവിരുന്നില്‍ നാം ആയിരിക്കുമ്പോള്‍ പൂര്‍വ്വപിതാവായ യാക്കോബിനെപ്പോലെ ദൈവത്തെ പരിശുദ്ധ കുര്‍ബാനയില്‍ മുഖാമുഖം കാണാന്‍ നമുക്ക് സാധിക്കണം. ദിവ്യകാരുണ്യമായി മാറുന്ന ആ ദൈവസാന്നിധ്യത്തെ സ്വീകരിക്കുന്ന നമ്മള്‍ ഓരോരുത്തരും ഹൃദയങ്ങള്‍ സക്രാരികളാക്കിയ ദേവാലയങ്ങളായി മാറുകയാണെന്ന സത്യം മറക്കാതിരിക്കാം. ഈ വിശുദ്ധ ബലി മധ്യേ ആയിരിക്കുമ്പോള്‍ ഒരു നിമിഷം കണ്ണുകളടച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം, ദൈവമേ, ദിവ്യകാരുണ്യത്തില്‍ നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ തക്ക വിശ്വാസം ഞങ്ങള്‍ക്ക് തരേണമേ. നിന്നിലുള്ള പ്രത്യാശയില്‍ ഞങ്ങളെ വളര്‍ത്തണമേ. ചുറ്റുമുള്ളവരില്‍ നിന്നെ കാണാനുള്ള സ്‌നേഹാര്‍ദ്രത ഞങ്ങളില്‍ ഉണര്‍ത്തേണമേ. അങ്ങനെ ഞങ്ങള്‍ ചലിക്കുന്ന ദൈവാലയങ്ങളായി മാറാന്‍ കനിയണമേ.

സര്‍വ്വശക്തനായ ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്ര. റിന്‍സ് കെ. ജോസഫ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.