
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ
ക്രിസ്തുവിന്റെ ഉത്ഥാനത്തെ ധ്യാനിക്കുന്ന ഉയിര്‍പ്പുകാലത്തിന്റെ അഞ്ചാം ആഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്കു നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായം ഒന്നുമുതല്‍ 14 വരെയുള്ള തിരുവചനങ്ങളാണ്. തന്റെ സ്‌നേഹവലയത്തില്‍നിന്നു വിട്ടുപോകുന്ന മനുഷ്യരെ തേടിയിറങ്ങുന്ന ഒരു ദൈവത്തെയാണ് വചനഭാഗത്ത് നാം കണ്ടുമുട്ടുന്നത്. നഷ്ടപ്പെട്ടുപോയതിനെ മാതൃസ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന ദൈവത്തെ നാം കാണുന്നു. ”നീ പീഡിപ്പിക്കുന്ന കര്‍ത്താവാണ് ഞാന്‍” എന്ന ഒറ്റവാക്കില്‍ മാനസാന്തരത്തിലേക്കു തിരിഞ്ഞ പൗലോസ് ശ്ലീഹായെ നാം ദര്‍ശിക്കുന്നു. തങ്ങളെ സ്‌നേഹിച്ച ദൈവം വിശ്വസ്തനാകയാല്‍ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തണമെന്ന് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനത്തില്‍ ദൈവം അരുള്‍ചെയ്യുന്നു. ഈ വായനകളിലൂടെയെല്ലാം തന്റെ സ്‌നേഹം എന്താണ് എന്ന് ദൈവം വെളിപ്പെടുത്തുന്നു.
സുവിശേഷത്തിലേക്കു കടന്നുവരുമ്പോള്‍, ഒരിക്കല്‍ ക്രിസ്തുവിനെ ഉപേക്ഷിച്ചിട്ടുപോകുന്ന ശിഷ്യരെയാണ് വി. യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായം ഒന്നുമുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ നാം കാണുന്നത്. പ്രധാനമായും മൂന്നു സന്ദേശങ്ങളാണ് വചനഭാഗം നമുക്കു നല്‍കുന്നത്.
ഒന്നാമതായി, സ്വയം വെളിപ്പെടുത്തുന്ന ക്രിസ്തുവിനെ തിരിച്ചറിയുക. തിബേരിയാസ് കടല്‍ത്തീരത്ത് സ്വയം വെളിപ്പെടുത്തുന്ന യേശു ഇന്ന് നമ്മുടെ ജീവിതത്തില്‍ അനുദിന ബലിയര്‍പ്പണത്തിലൂടെയും മറ്റു ജീവിതസാഹചര്യങ്ങളിലൂടെയും വ്യക്തികളിലൂടെയും കടന്നുവരാറുണ്ട്.
ആകാശപ്പറവകള്‍ക്കുവേണ്ടി ജീവിതം നയിച്ച ജോര്‍ജ് കുറ്റിക്കലച്ചന്റെ ജീവിതത്തിലെ ഒരു സംഭവം ഇപ്രകാരമാണ്. ഒരി ക്കല്‍ തിരക്കേറിയ ഒരു റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ അന്ധയായ ഒരു പെണ്‍കുട്ടി സാധനങ്ങള്‍ വിറ്റു നടക്കുകയാണ്. പെട്ടെന്നുണ്ടാകുന്ന തിക്കിലും തിരക്കിലുംപെട്ട് അവള്‍ താഴെവീഴുന്നു. അവളുടെ കൈയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം നിലത്തുവീണ് ചിതറി. അതെല്ലാം പെറുക്കിയെടുക്കാന്‍ അച്ചന്‍ അവളെ സഹായിക്കുകയാണ്. പോകാന്‍നേരം ഒരു നൂറുരൂപ അച്ചന്‍ ആ പെണ്‍കുട്ടിക്കു കൊടുക്കുന്നു. അവള്‍ ചോദിച്ചു: ”നിങ്ങള്‍ ക്രിസ്തുവാണോ” എന്ന്. കാരണം ആരുമില്ലാത്ത വര്‍ക്ക് ആശ്രയം ദൈവം മാത്രമാണ്. അപരന്റെ ജീവിതത്തില്‍ ഒരു ക്രിസ്തുസാന്നിധ്യമായി മാറാന്‍ നമുക്കു കഴിയണം.
രണ്ടാമതായി, ക്രിസ്തുനിര്‍ദേശങ്ങള്‍ മുറുകെപ്പിടിക്കണം. തിബേരിയാസ് കടല്‍ത്തീരത്ത് ഒന്നും കിട്ടാതെയിരുന്ന ശിഷ്യര്‍ക്ക് പ്രത്യാശ പകര്‍ന്നുകൊണ്ടാണ് വലതുവശത്തേക്കു വലയിടാന്‍ ക്രിസ്തു അവരോട് നിര്‍ദേശിക്കുന്നത്. അവര്‍ വിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ അദ്ഭുതം സംഭവിക്കുന്നു. ശിഷ്യരെപ്പോലെ ക്രിസ്തുവിന്റെ വാക്കുകളെ മുറുകെപ്പിടിച്ച് നമുക്ക് പ്രവര്‍ത്തിക്കാം. ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന അവന്റെ സാന്നിധ്യത്തെ സ്വന്തമാക്കാം. ശ്ലീഹന്മാര്‍ ദര്‍ശിച്ചതുപോലെ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ നമുക്കാകണം.
ഒരിക്കല്‍ വായിച്ചുകേട്ട കഥയാണ്. ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. വലിയ മലയുടെ മുകളിലെത്തി ദൈവത്തെ പഴിക്കുന്നു. തുടര്‍ന്ന് മരിക്കാനൊരുങ്ങുമ്പോള്‍ ഒരു ഭിക്ഷക്കാരന്‍ വന്ന് അദ്ദേഹത്തെ രക്ഷിക്കുകയാണ്. അപ്പോള്‍ ആ ഭിക്ഷക്കാരനോട് അയാള്‍ ചോദിക്കുകയാണ്, എന്തുകൊണ്ടാണ് നിങ്ങള്‍ എന്റെ ജീവന്‍ രക്ഷിച്ചതെന്ന്. ഭിക്ഷക്കാരന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു ‘ഫുള്‍സ്റ്റോപ്പ്’ ഇടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു ‘കോമ’ ഇട്ടു. ജീവിതപ്രതിസന്ധികള്‍ക്കുശേഷം പ്രത്യാശയുടെ തിബേരിയാസ് നമുക്കു കിട്ടും.
മൂന്നാമതായി, ക്രിസ്തുവിന്റെ ജീവിതത്തിനനുസൃതം നമ്മുടെ ജീവിതങ്ങളെ രൂപപ്പെടുത്തുക എന്നതാണ്. തിബേരിയാസിന്റെ തീരത്തുവച്ച് ക്രിസ്തുവിനെ തിരിച്ചറിഞ്ഞ ശിഷ്യന്മാര്‍ ഒരിക്കലും തിരിച്ചുനടന്നില്ല. അവര്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കി. ക്രിസ്തുവിന്റെ ജീവിതത്തിനനുസൃതം ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി. അവന് സാക്ഷ്യം നല്‍കുക. അങ്ങനെ നമുക്ക് ക്രിസ്തുവിന്റെ മുഖമായി രൂപാന്തരപ്പെടാനും അവന്റെ സ്വരമായിത്തീരാനും കഴിയണം.
ഒരു ക്രിസ്തുശിഷ്യന്റെ ഏറ്റവും പരമമായ വിളി മറ്റൊരു ക്രിസ്തുവായിത്തീരുക എന്നതാണ്. തിബേരിയസിന്റെ തീരത്ത് ശിഷ്യര്‍ക്ക് പ്രത്യക്ഷനായി, സ്‌നേഹം കൊണ്ട് അവരെ കൂട്ടിയ ആ സ്‌നേഹസാന്നിധ്യത്തെ മറ്റുള്ളവരിലേക്കും പകര്‍ന്നുകൊടുക്കാന്‍ നമുക്കു സാധിക്കട്ടെ. അതിനായി ഓരോ വിശുദ്ധ കുര്‍ബാനയിലും നമുക്കു ലഭിക്കുന്ന ക്രിസ്തുവിനെ ഉജ്ജ്വലിപ്പിക്കാം. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുവഴി നാം സ്വന്തമാക്കിയ ക്രിസ്തുവിനെ നമുക്ക് പകര്‍ന്നുകൊടുക്കാം. അവിടുത്തെ ഇഷ്ടമനുസരിച്ച് നമ്മുടെ ജീവിതങ്ങളെ നമുക്ക് രൂപാന്തരപ്പെടുത്താം. അതിനായി ദിവ്യകാരുണ്യനാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ബ്രദര്‍ സഞ്ചു തോമസ് MCBS