
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,
പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയുംമേല്‍ വിജയം വരിച്ച ഈശോയുടെ ഉത്ഥാനത്തെ ധ്യാനവിഷയമാക്കുന്ന കാലഘട്ടമാണ് ഉയിര്‍പ്പുകാലം. ഉയിര്‍പ്പുകാലം നാലാം ഞായറാഴ്ചയിലേക്ക് തിരുസഭാമാതാവ് ഇന്ന് പ്രവേശിക്കുകയാണ്. ജീവിതത്തിലെ സഹനങ്ങളുടെയും വേദനകളുടെയും നടുവില്‍ ദൈവമേ, നീ എവിടെ എന്നു ചോദിക്കുന്ന മനുഷ്യന്റെ മുന്‍പില്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്നു പറയുന്ന, നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം തരുമെന്നു വാഗ്ദാനം ചെയ്യുന്ന ദൈവസ്‌നേഹത്തെക്കുറിച്ചാണ് ഇന്നത്തെ വായനകളില്‍ നാം കാണുന്നത്. ഒരിക്കലും മറക്കാത്ത ദൈവകരുണയെക്കുറിച്ചാണ് ഏശയ്യ പ്രവാചകന്റെ പുസ്തകം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. രക്ഷ ദൈവദാനമാണെന്ന തിരിച്ചറിവാണ് പൗലോസ് ശ്ലീഹ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ശിഷ്യന്മാരില്‍ ഉത്ഥാനത്തിനുശേഷം സംഭവിക്കേണ്ട ആന്തരികപരിവര്‍ത്തനമാണ് സുവിശേഷഭാഗത്തെ ചിന്താവിഷയം. യേശുവിന്റെ ശാരീരികമായുള്ള സാന്നിധ്യം ശിഷ്യസമൂഹത്തിന് എത്രയധികം സന്തോഷം നല്‍കിയോ, അതിലുപരി സന്തോഷവും പ്രത്യാശയും ഉത്ഥിതനായ ക്രിസ്തുവില്‍ അവര്‍ക്കു ലഭിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദുഃഖമാനമായ അവസ്ഥയെ അതിജീവിക്കുന്ന സന്തോഷത്തിലേക്കാണ് യേശു തന്റെ ശിഷ്യന്മാരെ ഇന്നത്തെ വചനഭാഗത്തിലൂടെ ക്ഷണിക്കുന്നത്.
ഉത്ഥാനശേഷമുള്ള ഈശോയുടെ പ്രത്യക്ഷീകരണം പുതിയ മാറ്റങ്ങളിലേക്കാണ് നയിക്കുന്നത്. യേശുവിന്റെ പ്രത്യക്ഷപ്പെടല്‍ മറിയത്തിന്റെ കരച്ചില്‍ നില്‍ക്കാന്‍ കാരണമാകുന്നു (യോഹ. 20:16). യേശുവിന്റെ പ്രത്യക്ഷപ്പെടല്‍ ശിഷ്യന്മാരുടെ സന്തോഷത്തിനു കാരണമാകുന്നു (യോഹ. 20:20). ഇന്നത്തെ തിരുവചനം നമ്മോടു പറയുന്നത് ക്രിസ്തുവിന്റെ സാന്നിധ്യം സങ്കടങ്ങള്‍ മാറാനും സന്തോഷം പകരാനും കാരണമാകുമെന്ന വലിയ സത്യമാണ്.
ഒരിക്കല്‍ ഒരു വൈദികന്‍ രോഗീലേപനം നല്‍കാനായി ഒരു കാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാനിടയായി. ശരീരം മുഴുവന്‍ പൊട്ടിയൊലിച്ച് വല്ലാത്ത ദുര്‍ഗന്ധം വമിക്കുകയാണ്. അച്ചന്‍ വളരെ സങ്കടത്തോടെ അദ്ദേഹം കിടന്നിരുന്ന മുറിയിലേക്കു പ്രവേശിച്ചു. ഭീകരമായ വേദനയുടെ നടുവിലും പുഞ്ചിരിക്കുന്ന ഒരു മുഖമാണ് ആ വ്യക്തിയില്‍ അച്ചന്‍ ദര്‍ശിച്ചത്. ഒരു സങ്കടവുമില്ല, പരാതിയുമില്ല. എങ്ങനെയാണ് ഇത്രമാത്രം വേദനയുടെ നടുവിലും ഈ വ്യക്തിക്ക് പുഞ്ചിരിയോടെ അവയെ നേരിടാന്‍ സാധിക്കുന്നതെന്ന് അച്ചന്‍ ചിന്തിച്ചപ്പോഴാണ്, ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ഒരു ബൈബിള്‍വാക്യം ശ്രദ്ധിച്ചത്. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന്” നമുക്കറിയാമല്ലോ (റോമാ 8:28).
സഹനങ്ങളുടെ താഴ്‌വരയിലൂടെ ഏകനായി നടക്കുമ്പോഴും ക്രൂശിലേറി ഉത്ഥാനം ചെയ്തവന്‍ കൂടെയുണ്ടെന്നുള്ള തിരിച്ചറിവാണ് ഒരുവനെ തന്റെ സഹനങ്ങളെ കൃപകളാക്കി മാറ്റാന്‍ സഹായിക്കുന്നത്. മരണത്തെ അതിജീ വിച്ച ക്രിസ്തുവിനെ സ്വീകരിക്കാനും അതിന്‍ഫലമായി ക്രിസ്തീയസന്തോഷം പൂര്‍ണ്ണമാക്കാനും ലഭിക്കുന്ന ഓരോ അവസരങ്ങളാണ് നമ്മുടെ ജീവിതസഹനങ്ങള്‍. ലോകത്തിന്റെ ദൃഷ്ടിയില്‍ അത് നഷ്ടവും അര്‍ഥശൂന്യവുമാണെങ്കിലും ഉത്ഥിതനായ ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കുന്ന നമുക്ക് ജീവിതസഹനങ്ങള്‍ സ്വര്‍ഗീയസന്തോഷം പ്രദാനം ചെയ്യുന്ന നിമിഷങ്ങളാണ്. ദൈവത്തെ കൂടുതല്‍ അറിയാനും സ്‌നേഹിക്കാനും ദൈവപരിപാലനയില്‍ കൂടുതല്‍ ആശ്രയിക്കാനും നമ്മെ സഹായിക്കുന്ന ഒന്നായി ജീവിതസഹനത്തെ നാം കാണണം. എങ്കില്‍ മാത്രമേ ലൗകികതലത്തില്‍നിന്ന് ആത്മീയജീവിതത്തിന്റെ പടവുകള്‍ കയറാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനും നമുക്കു കഴിയുകയുള്ളൂ.
ഈ പരിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നമ്മെത്തന്നെ ദൈവഹിതത്തിനു സമര്‍പ്പിച്ചുകൊണ്ട്, ഉത്ഥിതനായ മഹത്വീകരിക്കപ്പെട്ടവനായ ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ കൃപ നല്‍കണമേ എന്ന് നമുക്കു പ്രാര്‍ഥിക്കാം. വേദനകള്‍ക്കും സഹനങ്ങള്‍ക്കും നടുവില്‍ നിത്യരക്ഷ നല്‍കാന്‍ നമുക്കായി കാത്തിരിക്കുന്ന യേശു ഉണ്ടെന്ന വിശ്വാസം നമ്മെ ശക്തിപ്പെടുത്തട്ടെ. അങ്ങനെ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടാനും അവനില്‍ പ്രത്യാശ വച്ചുകൊണ്ടു ജീവിക്കാനും ദിവ്യകാരുണ്യനാഥന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ അനില്‍ ചിറയ്ക്കല്‍ MCBS