ഞായർ പ്രസംഗം: ഉയിര്‍പ്പുകാലം രണ്ടാം ഞായര്‍ ഏപ്രിൽ 27, യോഹ. 20: 19-29 തൊട്ടറിഞ്ഞ വിശ്വാസം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളെ,

വേദപാഠം പഠിപ്പിക്കുന്ന സമയത്ത് ഞാന്‍ കുട്ടികളോട് ഒരു ചോദ്യം ചോദിച്ചു: നിങ്ങളുടെ സ്‌കൂളില്‍ നിങ്ങളോടൊപ്പം പഠിക്കുന്ന മറ്റു മതത്തിലുള്ള കുട്ടികളുടെ വിശ്വാസം എങ്ങനെയുണ്ട്? അവര്‍ പറഞ്ഞു, അത് വളരെ സ്‌ട്രോങ്ങ് ആണ്. നിങ്ങളുടെ വിശ്വാസം എങ്ങനെയുണ്ട്? അത് എന്താണെന്ന് എനിക്കു പറഞ്ഞുതരാമോ എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇപ്രകാരമാണ്: ഈശോയിലുള്ള വിശ്വാസം ഞങ്ങള്‍ക്കുണ്ട്; പക്ഷേ അതെപ്പറ്റി കൂടുതലായി പറയാന്‍ ഞങ്ങള്‍ക്കറിയില്ല.

ഉയിര്‍പ്പുകാലത്തിലെ രണ്ടാം ഞായറാഴ്ചയില്‍ നാം ധ്യാനിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം 19 മുതല്‍ 29 വരെയുള്ള വചനങ്ങളാണ്. ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട ഈശോയെക്കുറിച്ച് കേട്ടിട്ടും വിശ്വസിക്കാനാവാതെ നില്‍ക്കുന്ന തോമാശ്ലീഹായെയാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. പലപ്പോഴും നാം ഈ വചനഭാഗം വിചിന്തനം ചെയ്യുമ്പോള്‍ തോമാശ്ലീഹായുടെ അവിശ്വാസം എന്ന് ഈ ഭാഗത്തെ നാം വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ അതിലുമുപരിയായി താന്‍ ജീവനുതുല്യം സ്‌നേഹിച്ച ഈശോ എല്ലാവര്‍ക്കും പ്രത്യക്ഷപ്പെട്ടിട്ടും തനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്ന വേദനയില്‍നിന്നുള്ള ഒരു ശിഷ്യന്റെ ആഗ്രഹമായിട്ടുവേണം നാം ഇതിനെ കാണാന്‍. അത്രമാത്രം സ്‌നേഹമുള്ളതുകൊണ്ടാണ് ‘നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്ന് തോമാശ്ലീഹാ പറഞ്ഞത്.’

നമ്മുടെ ജീവിതത്തിലും പലപ്പോഴും നാം പറയുന്ന പരാതികളും നമ്മുടെ അവിശ്വാസവുമെല്ലാം നാം സ്‌നേഹിക്കുന്ന ഈശോയുടെ സാന്നിധ്യവും ഈശോയോടുള്ള പ്രാര്‍ഥനകള്‍ക്കുള്ള ഉത്തരങ്ങളും ലഭിക്കാതെ വരുമ്പോഴുള്ള കുഞ്ഞുകുഞ്ഞു സങ്കടങ്ങളുടെ വ്യക്തിപരമായ പ്രകടനങ്ങളല്ലേ. നമ്മുടെ വിശ്വാസത്തെപ്പറ്റി ബൈബിളില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നമുക്കു നോക്കാം.

യോനാ പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായം ഒന്‍പതാം തിരുവചനം ഇങ്ങനെ പറയുന്നു: ”ഞാനൊരു ഹെബ്രായനാണ്. കടലും കരയും സൃഷ്ടിച്ച സ്വര്‍ഗസ്ഥനായ ദൈവമായ കര്‍ത്താവിനെയാണ് ഞാന്‍ ആരാധിക്കുന്നത്.” ഈ വചനം നമ്മുടെ വിശ്വാസപ്രമാണത്തിന്റെ ആദ്യവരിയുമായി ചേര്‍ന്നുപോകുന്നതാണ്. വിശ്വാസപ്രമാണത്തില്‍ നാം ഇപ്രകാരമാണ് പ്രാര്‍ഥിക്കുന്നത്: ”സര്‍വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.” ഇതിലൂടെ നാം ആരാധിക്കുന്ന നമ്മുടെ ദൈവമായ കര്‍ത്താവ് തന്നെയാണ് ഏകദൈവമെന്നും ഈ ലോകവും ലോകത്തിലുള്ളവയും സൃഷ്ടിച്ചതും ഇതേ ദൈവം തന്നെയാണെന്നും വിശ്വാസത്തോടെ നാം ഏറ്റുപറയുന്നു. പത്തു കല്‍പനകളിലെ ഒന്നാമത്തെ കല്‍പനയായ, ”നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്” എന്ന ഒന്നാം പ്രമാണവും ഈ ഭാഗങ്ങളോട് ചേര്‍ന്നുപോകുന്നവയാണ്.

വി. അഗസ്റ്റിന്‍ ഇപ്രകാരം പറയുന്നു: ”ഓ ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും.” അതായത്, ദൈവത്തെ തേടാനുള്ള ഒരു ആഗ്രഹം നമ്മുടെ ആത്മാവില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്നു. വിശ്വാസത്തോടെയുള്ള അന്വേഷണത്താല്‍ ഈ ദൈവത്തെ നാം വ്യക്തിപരമായി അനുഭവിക്കണം. വിശ്വാസം എന്നത് ഞാന്‍ ആരാധിക്കുന്ന, ഞാന്‍ വിശ്വസിക്കുന്ന, എന്റെ ദൈവത്തെ വ്യക്തിപരമായി അനുഭവിച്ചറിയുക എന്നതും കൂടിയാണ്. വ്യക്തിപരമായുള്ള ദൈവാനുഭവങ്ങള്‍ ആഴത്തിലുള്ള വിശ്വാസത്തില്‍ വളരാന്‍ നമ്മെ പ്രാപ്തരാക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 26, 27 ഖണ്ഡികകളില്‍ ദൈവത്തെപ്പറ്റിയുള്ള ഒരു ആഗ്രഹം ദൈവം നമ്മളില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നും വിശ്വാസത്തിലൂടെ ദൈവത്തെ നാം കണ്ടെത്തണമെന്നും സഭ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ ആത്മീയജീവിതത്തിന്റെ അടിത്തറ ഓരോരുത്തരുടെയും വ്യക്തിപരമായ ദൈവാനുഭവത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ആഴമനുസരിച്ച് ഉറപ്പുള്ളതായിരിക്കും.

വിശ്വാസത്തില്‍ ആഴമായി വളരാന്‍ നാം എപ്പോഴും പരിശുദ്ധാത്മാവിനോടു പ്രാര്‍ഥിക്കണം. കാരണം, മൂന്നുവര്‍ഷം ഈശോയോടൊപ്പം നടന്നതിനുശേഷം ഈശോ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും സാക്ഷികളായതിനുശേഷവും ശിഷ്യന്മാര്‍ക്ക് ഈശോയെ സാക്ഷ്യപ്പെടുത്താന്‍ സാധിച്ചില്ല. എന്നാല്‍ പന്തക്കുസ്ത തിരുനാളിനുശേഷം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അവര്‍ക്ക് ഈശോയ്ക്ക് സാക്ഷ്യം നല്‍കാനായി. ”നിങ്ങള്‍ക്ക് കടുകു മണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ ചെന്നു വീഴുക എന്നുപറഞ്ഞാല്‍ അത് സംഭവിക്കും” എന്ന ഈശോയുടെ വാക്കുകള്‍ ഹൃദയത്തില്‍ വിശ്വസിച്ച പത്രോസ് ശ്ലീഹാ ജെറുസലേം ദൈവാലയത്തിലെ സുന്ദരകവാടത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനെ നോക്കി ”സ്വര്‍ണ്ണമോ, വെള്ളിയോ എന്റെ കൈയിലില്ല; എന്നാല്‍ എനിക്കുള്ളത് നിനക്ക് ഞാന്‍ തരുന്നു. നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റുനടക്കുക.” ഇങ്ങനെ പറഞ്ഞപ്പോള്‍ ആ മുടന്തന്‍ എഴുന്നേറ്റുനടന്നത് ഈശോയിലുള്ള വിശ്വാസം ആഴമായി പത്രോസ് ശ്ലീഹായുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇതിന് സാക്ഷ്യം നല്‍കാനായി തലകീഴായി കുരിശില്‍ മരിക്കാനും അദ്ദേഹം തയ്യാറായി. അതിനാല്‍ പരിശുദ്ധാത്മാവിനോടുള്ള ആഴമായ പ്രാര്‍ഥന നമ്മുടെ വിശ്വാസജീവിതത്തില്‍ വളരെ വലിയ പങ്കു വഹിക്കുന്നു. ‘കര്‍ത്താവേ, ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കേണമേ’ എന്ന് ശ്ലീഹന്മാര്‍ പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം.

ഈ പുതുഞായറാഴ്ച ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹായോടു ചേര്‍ന്ന് നമ്മുടെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈശോയ്ക്ക് സാക്ഷികളാകാനുള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ഥിക്കാം.

ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ഡൊമിന്‍ കളപ്പുരയ്ക്കല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.