ഞായർ പ്രസംഗം, ഉയിർപ്പുകാലം മൂന്നാം ഞായർ മെയ് 01, മനുഷ്യന്‍: ദൈവകരങ്ങളിലെ ഉപകരണം

ബ്ര. സെബാസ്റ്റ്യന്‍ പറമ്പുംമുറി

ദിവ്യകാരുണ്യ ഈശോയാല്‍ ഒത്തിരിയേറെ സ്‌നേഹിക്കപ്പെടുന്ന പ്രിയ  മാതാപിതാക്കളേ, സഹോദരങ്ങളേ, കുഞ്ഞുമക്കളേ,

നമ്മളെല്ലാം ദൈവമക്കളാണ് എന്നും അവിടുന്ന് നമ്മെ ഓരോരുത്തരെയും വളരെയേറെ സ്‌നേഹിക്കുന്നെന്നും അവിടുത്തെ അറിയാനും സ്‌നേഹിക്കാനും തന്റെ ഹിതം ഭൂമിയില്‍ നിറവേറ്റാനുമായി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്ന പ്രേഷിതരാണ് നാമോരോരുത്തരും എന്ന സത്യമാണ് ഉയിര്‍പ്പുകാലത്തിലെ ഈ ഞായറാഴ്ച വിചിന്തനത്തിനായി സഭ നമ്മോട് ആവശ്യപ്പെടുന്നത്.

നമ്മളൊക്കെ കുടുംബങ്ങളില്‍ ജീവിക്കുന്നവരാണ്. കളിച്ചും ചിരിച്ചും പ്രാര്‍ത്ഥിച്ചുമൊക്കെ കഴിയുന്ന നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ചിലപ്പോഴൊക്കെ മാതാപിതാക്കള്‍ മക്കളെ ചെറുതും വലുതുമായ ചില ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുന്നത് കാണാന്‍ സാധിക്കും. ഇവിടെ നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മക്കള്‍ തങ്ങളുടെ സ്വന്തമായതുകൊണ്ടാണ് മാതാപിതാക്കള്‍ മക്കള്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നത്. അല്ലാതെ മറ്റുള്ളവരുടെ മക്കളോട് ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് അവരെക്കൊണ്ട് അനുസരിപ്പിക്കാന്‍ നമുക്ക് സാധിക്കുമോ? ഇല്ല. അതുപോലെ മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തമായതുകൊണ്ടും അവര്‍ തങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ടുമാണ് മക്കള്‍ അവരുടെ കടമകള്‍ മനസിലാക്കി ഉത്തരവാദിത്വത്തോ ടെ അനുസരിക്കാന്‍ തയ്യാറാകുന്നതും.

ഇതുപോലെയുള്ള ഒരു ബന്ധമാണ് ഇന്നത്തെ വായനകളില്‍ നാം കാണുന്നത്. സ്‌നേഹസമ്പന്നനായ ദൈവവും ദൈവത്തിന്റെ ജനവും. തന്റെ ഉത്ഥാനത്തിനു ശേഷം ഈശോ ശിഷ്യരില്‍ പ്രധാനിയായ പത്രോസിനു പ്രത്യക്ഷപ്പെട്ട് തിരുസഭയുടെ മുഴുവന്‍ ദൗത്യവും ഏല്‍പിച്ചുകൊണ്ട് പറയുകയാണ് ‘എന്റെ ആടുകളെ മേയ്ക്കുക’ എന്ന്. പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്നും നാം വായിച്ചു, വെറും ഇടയനായി ഈശോയുടെ ആടുകളെയും മേയ്ച്ച് മിദിയാനില്‍ ഒളിച്ചുജീവിക്കുകയായിരുന്ന മോശയെ വിളിച്ച്, ദൈവം പത്രോസിനെ ഏല്‍പിച്ചതുപോലെയൊരു ദൗത്യം ഏല്‍പിക്കുകയാണ് ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നും പുറത്തു കൊണ്ടുവരാന്‍. പിന്നീട് മരണം വരെ മോശ ദൈവത്തിനും ഇസ്രായേല്‍ ജനത്തിനുമായി ജീവിച്ചു. അതിനുശേഷം പിന്നീടു വന്ന ജോഷ്വായും ന്യായാധിപന്മാരും പ്രവാചകരുമെല്ലാം ദൈവത്തിന്റെ കൈയ്യിലെ ഉപകരണങ്ങളായിരുന്നു. അവരെല്ലാം ദൈവസ്വരം ശ്രവിച്ച് മരണം വരെ ദൈവജനത്തിന് ശുശ്രൂഷ ചെയ്തു. എന്നിരുന്നാലും പറുദീസായുടെ യഥാര്‍ത്ഥ ചൈതന്യത്തിലേക്ക് മനുഷ്യരെ വീണ്ടെടുക്കുന്ന സമ്പൂര്‍ണ്ണരക്ഷ കൈവരുന്നത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയായിരുന്നു. ദേശത്ത് ശാന്തിയും സമാധാനവും സ്ഥാപിക്കുന്ന ഒരു നല്ല ഇടയന്‍ ഉദയം ചെയ്യുമെന്ന പ്രത്യാശയുടെ വചനങ്ങളാണ് എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നും നാം വായിച്ചത്. സമൂഹത്തില്‍ ഞെരുക്കപ്പെട്ട ദരിദ്രരും നിരാശരുമായ ഒരു ജനത്തോട് പ്രവാചകന്‍ പറയുകയാണ്, ‘ഞാന്‍ എന്റെ ഇടയനെ, എന്റെ ദാസനായ ദാവീദിനെ നിയമിക്കും’ എന്ന്. എന്നാല്‍ ഇന്ന് നമുക്കറിയാം, ഈ പ്രവചനം പൂര്‍ത്തിയായത് ദാവീദിന്റെ പുത്രനും നമ്മുടെ കര്‍ത്താവും ദൈവവുമായ ഈശോമിശിഹായിലൂടെയാണ്. അങ്ങനെ പിതാവായ ദൈവം തന്റെ പുത്രനിലൂടെ ലോകത്തെ വീണ്ടെടുത്തു.

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ രക്ഷാകരദൗത്യം ഇന്ന് തുടര്‍ന്നുപോരുന്നത് അവിടുന്ന് സ്ഥാപിച്ച പരിശുദ്ധ കത്തോലിക്കാ സഭയിലൂടെയാണ്. തന്റെ അജഗണമായ തിരുസഭയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈശോ പത്രോസിനെ ഏല്‍പിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്ടത്. വാസ്തവത്തില്‍, പത്രോസും മറ്റു ശിഷ്യന്മാരും ഈശോയില്‍ നിന്നും പ്രതീക്ഷിച്ചത് കിരീടവും ചെങ്കോലുമുള്ള ഒരു രാജാവിനെയായിരുന്നു. അതിനാല്‍ തന്നെ ഈശോയുടെ പീഡാനുഭവവും അതിദാരുണമായ കുരിശുമരണവുമൊക്കെ കണ്ട് നിരാശരായ ശിഷ്യന്മാര്‍ എല്ലാം മതിയാക്കി തങ്ങളുടെ പഴയ ജീവിതാവസ്ഥകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങുമ്പോഴാണ് ഉത്ഥിതനായ ഈശോയുടെ ഈ ഇടപെടല്‍. ഈശോ പത്രോസിനോട് ചോദിക്കുകയാണ്: “നീ എന്നെ സ്‌നേഹിക്കുന്നുവോ” എന്ന്.

തന്റെ ഗുരുവാണ് മുമ്പില്‍ നില്‍ക്കുന്നത് എന്നു മനസിലാക്കുന്ന പത്രോസ് ഉടനടി ഏറ്റുപറയുകയാണ്: “ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.” എന്നാല്‍ പത്രോസിനെ അസ്വസ്ഥമാക്കുംവിധം ഈശോ രണ്ടാമതും മൂന്നാമതും അതേ ചോദ്യം ആവര്‍ത്തിക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ ഈശോ പത്രോസിനെ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കാനായി ഒരുക്കുകയായിരുന്നു. പത്രോസ് മൂന്നു തവണ തന്നെ നിഷേധിച്ചു പറഞ്ഞതിനാലാണ് ഈശോ പത്രോസിനോട് ഇങ്ങനെ ഒരേ ചോദ്യം മൂന്നു തവണ ആവര്‍ത്തിച്ചത് എന്ന് സഭാപിതാക്കന്മാരായ വി. അഗസ്റ്റിനും സിപ്രിയാനും തെര്‍തുല്യനുമൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് അവസരങ്ങളിലും ഈശോ പത്രോസിന് മറുപടിയായി നല്‍കുന്നത് ഒരൊറ്റ കല്‍പന മാത്രമാണ്. “എന്റെ ആടുകളെ മേയ്ക്കുക.” പത്രോസ് ഇനിയൊരിക്കലും തന്റെ ലക്ഷ്യത്തില്‍ നിന്നും മാറാതിരിക്കാനാണ് ഈശോ പത്രോസിന്റെ ഹൃദയത്തില്‍ തട്ടുംവിധം ഇങ്ങനെ ആവര്‍ത്തിച്ചു ചോദിച്ചത്.

തുടര്‍ന്നുള്ള വചനങ്ങളില്‍ പത്രോസ് എങ്ങനെ തന്റെ ഗുരുവിനെ സ്‌നേഹിക്കുമെന്ന് ഈശോ വ്യക്തമാക്കുന്നു. രക്തസാക്ഷിത്വത്തിലൂടെ പത്രോസ് ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് ഈശോ പ്ര വചിക്കുകയായിരുന്നു. സഭാപിതാവായ തെര്‍തുല്യന്‍ പത്രോസിന്റെ രക്തസാക്ഷിത്വത്തെ കര്‍ത്താവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ് പരാമര്‍ശിച്ചത്.

മോശയെയും പ്രവാചകന്മാരെയും പത്രോസിനെയും എല്ലാം വിളിച്ച അതേ ദൈവം തന്നെ നമ്മെ ഓരോരുത്തരെയും വിളിക്കുന്നു എന്ന സന്ദേശമാണ് ഇന്നത്തെ വായനകളില്‍ നിന്നും നാം സ്വാംശീകരിച്ചെടുക്കേണ്ടത്. ‘അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രസംഗകരും ഇടയന്മാരും പ്രബോധകരുമാകാനുള്ള വരം നല്‍കി’ എന്നാണ് പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നും നാം ശ്രവിച്ചത്. ദൈവത്തിന്റെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി അവിടുത്തെ കരങ്ങളിലെ ഉപകരണങ്ങളാകാന്‍ വിളിക്കപ്പെടുന്നവരാണ് നാമോരോരുത്തരും. ദൈവം തന്റെ സ്വന്തമായ നമ്മോട് എന്ത് ആവശ്യപ്പെട്ടാലും അതിനായി പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കാനുള്ള കൃപ നാം സ്വായത്തമാക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനായി നാം ഒരുങ്ങുമ്പോള്‍ നമ്മള്‍ അവിടുത്തെ സ്വന്തമാണ് എന്ന ബോധ്യത്തോടെ, വിധേയത്വത്തോടെ നമ്മെത്തന്നെ അവിടുത്തെ തിരുമുമ്പില്‍ സമര്‍പ്പിക്കാന്‍ നമുക്ക് സാധിക്കണം. ദൈവം നമ്മിലൂടെ എന്തെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അതെല്ലാം പൂര്‍ണ്ണമനസ്സോടെ ചെയ്തുതീര്‍ക്കാനുള്ള കൃപ നല്‍കണമേയെന്ന് യാചിച്ചുകൊണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം ആത്മാര്‍ത്ഥതയോടെ നമുക്ക് ദിവ്യബലി തുടരാം.

ബ്ര. സെബാസ്റ്റ്യന്‍ പറമ്പുംമുറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.