

ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും പ്രിയപ്പെട്ടവരേ,
ഏവര്‍ക്കും ഈസ്റ്ററിന്റെ ആശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു. നാം പുതിയ ഒരു കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് – ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ളാദിക്കാനുള്ള അവസരമാണിത്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം. തന്റെ കുരിശുമരണം വഴി നമ്മെ പാപത്തില്‍ നിന്നും മോചിപ്പിച്ച് തന്റെ ഉയിര്‍പ്പു വഴി പുതിയ ജീവിതത്തിലേക്കുള്ള വഴി തുറന്നുതന്ന് മൂന്നാം ദിനം അവിടുന്ന് കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു.
ഇന്ന് തിരുസഭാമാതാവ് ധ്യാനവിചിന്തനത്തിനായി തന്നിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം 28-ാം അധ്യായം ഒന്നു മുതല്‍ ആറു വരെയുള്ള വാക്യമാണ്. ഈശോയുടെ മൃതസംസ്‌ക്കാരത്തിനു ശേഷമുള്ള സംഭവങ്ങളാണ് പ്രതിപാദ്യവിഷയം. ഇവിടെ യേശുവിന്റെ കല്ലറയിങ്കല്‍ ഒരേ സമയം ദൂതന്റെയും ഭക്തസ്ത്രീകളുടെയും കാവല്‍ക്കാരുടെയും സാന്നിധ്യം കാണാം. ഇതില്‍ ഭക്തസ്ത്രീകളുും കാവല്‍ക്കാരും ക്രിസ്തുവിന് കല്ലറയിങ്കല്‍ എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ തിരിച്ചു പോകുകയും ചെയ്യുന്നു.
ശൂന്യമായ കല്ലറയാണ് യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്റെ ആധാരം. നാല് സുവിശേഷങ്ങളിലും സ്ത്രീകള്‍ ഉത്ഥാനത്തിന് സാക്ഷികളാകുന്നതു കാണാം. ഇവരുടെ സാക്ഷ്യങ്ങളിലൂടെയാണ് യേശുവിന്റെ ഉത്ഥാനം ശിഷ്യര്‍ അറിയുന്നത്. യേശുവിന്റെ ഉത്ഥാനം നമ്മുടെ ജീവിതങ്ങളെയും തീരുമാനങ്ങളെയും നിലനില്‍പ്പിനെയും വിശുദ്ധീകരിക്കാനും നവീകരിക്കാനുമുള്ള ആഹ്വാനമാണ്. നാല് സുവിശേഷങ്ങളിലൂടെ നാം കടന്നുചെല്ലുമ്പോള്‍ കാണാന്‍ സാധിക്കും, ഈശോയുടെ ഉത്ഥാനത്തെക്കുറിച്ച് ആരംഭിക്കുന്നത് ഇപ്രകാരമാണ്:
‘ആഴ്ചയുടെ ഒന്നാം ദിവസം’ ഇത് ഒരു പുതിയ തുടക്കമാണ്. സൃഷ്ടികര്‍മ്മത്തിന്റെ ആദ്യ ദിവസം വെളിച്ചത്തിന്റെ ദിനമായിരുന്നു. ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായം 35-ാം വാക്യം. യേശുവിന്റെ ഉയിര്‍പ്പിലൂടെ ദൈവം പുതിയ സൃഷ്ടികര്‍മ്മം ആരംഭിക്കുന്നു. അന്ധകാരം നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കൂ; മൂന്നാം നാള്‍ നിനക്കും ഒരു ഉയിര്‍പ്പുണ്ട്.
നിരാശയിലും ദുഃഖങ്ങളിലും ക്ലേശങ്ങളിലും കഴിയുന്ന സകല മനുഷ്യരോടും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പറയുന്നു: നീ നിരാശനാകരുത്. ഒരുനാള്‍ നിനക്ക് ഉയിര്‍പ്പുണ്ടാകും. പാടത്ത് വിത്തെറിയുന്ന കര്‍ഷകന്റെയും, കടലില്‍ പലവുരു വലയെറിഞ്ഞ് പരാജയപ്പെട്ട മുക്കുവന്റെയുമൊക്കെ മുകളില്‍ ഇനിയുമുണ്ട് സാധ്യതകള്‍. ഒന്നും ഉപേക്ഷിച്ച് നിര്‍ത്തേണ്ട എന്നുപറഞ്ഞ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ് നില്‍പ്പുണ്ട്. നാം വായിച്ചുകേട്ട ആദ്യവായന ഏശയ്യാ പ്രവാചകന്റെ പുസ്തകം 60-ാം അധ്യായം ഒന്നു മുതല്‍ ഏഴു വരെയാണ്. പ്രവാസികളുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള പ്രവചനഭാഗമാണ്. ജനതകളുടെ മധ്യേ പ്രകാശമായി നിലകൊള്ളുന്നത് ജെറുസലേമാണ്. അതിനു കാരണം കര്‍ ത്താവിന്റെ മഹത്വപൂര്‍ണ്ണമായ സാന്നിധ്യവും ഉത്ഥിതനായ ഈശോ ഒരു പ്രകാശമായി നമ്മുടെ മുന്നിലുണ്ട്. രണ്ടാം വായന, ഒന്ന് സാമുവല്‍ 2-ാം അധ്യായം ഒന്നു മുതല്‍ പത്തു വരെയുള്ള ഭാഗമാണ്. ഇതിന്റെ 9-ാം വാക്യം ഇപ്രകാരമാണ്: “തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന് കാക്കുന്നു.” നമ്മുടെ ജീവിതങ്ങള്‍ ഉത്ഥിതനായ ഈശോയെ മുന്നില്‍ കണ്ടുകൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് അവിടുന്ന് സമീപസ്ഥനാണ്. അവരുടെ കൂടെ എന്നും ഉത്ഥിതനായ ഈശോയുണ്ട്.
തന്റെ പ്രിയഗുരു മരിച്ചു എന്ന ഉറപ്പിന്മേല്‍ മൃതശരീരത്തില്‍ പൂശാന്‍ സുഗന്ധക്കൂട്ടുമായി വരുന്ന മദ്ഗലേന മറിയം. എല്ലാം തീര്‍ന്നു, ഇനി എന്തു ചെയ്യും എന്നു വിചാരിച്ച് ഭയപ്പാടോടെ മുറിയടച്ചിരിക്കുകയാണ് ശിഷ്യര്‍. ഇങ്ങനെ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടവരുടെ നടുവിലേക്കാണ് ക്രിസ്തു പ്രത്യക്ഷപ്പെടുന്നത്. അതോടെ അവര്‍ക്കെല്ലാം പ്രതീക്ഷയായി. പുതുജീവിതത്തിന്റെ പ്രതീക്ഷയിലേക്ക് കടന്നുവരാനായി ഉത്ഥിതനായ ഈശോ തിബേരിയാസ് കടല്‍ത്തീരത്ത് പ്രാതലൊരുക്കി കാത്തിരിക്കുന്നു നമുക്കു വേണ്ടി.
വി. പൗലോസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനമാണ് നാം വായിച്ചുകേട്ടത്. ആറാം അധ്യായത്തിലെ 9-ാം വാക്യം ഇപ്രകാരമാണ്.
‘മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനിയൊരിക്കലും മരിക്കുകയില്ല. മരണത്തിന് അവന്റെമേല്‍ ഇനി അധികാരമില്ല.’ ഉത്ഥിതനായ ക്രിസ്തു ഇന്നും ജീവിക്കുന്നു. ഓരോ ദിവസവും വിശുദ്ധ ബലിയര്‍പ്പണത്തിലൂടെ നമ്മുടെ ഹൃദയമാകുന്ന സക്രാരിയില്‍ എന്നും വരുന്നുണ്ട്. നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്ത് ഈശോ മരിച്ച് ഉത്ഥിതനായത് നമുക്കു വേണ്ടിയാണ്. നമ്മുടെ കൂടെയായിരിക്കാന്‍ വേണ്ടി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. ഓരോ ബലിയര്‍പ്പണത്തില്‍ ഈശോയുടെ ശരീരവും രക്തവും അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ നാം സ്വീകരിക്കുമ്പോള്‍ എത്രപേര്‍ വിശ്വസിക്കുന്നുണ്ട്, ഇത് ഈശോയുടെ യഥാര്‍ത്ഥമായ നമുക്കു വേണ്ടി പീഡകള്‍ സഹിച്ചു മരിച്ച് മൂന്നാം നാള്‍ ഉത്ഥിതനായ ഈശോയുടെ ശരീരവും രക്തവുമാണ് എന്ന്.
ഇന്ന് ഈശോയുടെ ഉയിര്‍പ്പ് നാം ആഘോഷിക്കുമ്പോള്‍ ഈശോ പറയുക, മകനേ, മകളേ നീ എന്റെ ബലിക്കല്ലിനോട് ചേര്‍ന്നുനില്‍ക്കൂ. നിന്റെ ജീവിതം ഇതിനോട് ചേര്‍ത്തുവയ്ക്കൂ. ഞാന്‍ നിന്നെ അനുഗ്രഹിക്കാം. നമ്മുടെ വരവും കാത്ത് ഉത്ഥിതനായ ഈശോ അവിടെ നില്‍പ്പുണ്ട്. ജീവിതത്തില്‍ ഒരു മരുഭൂമി അനുഭവത്തിലൂടെയാണ് നാം നടന്നുനീങ്ങുന്നതെങ്കില്‍ ഒന്നോര്‍ക്കുക, ഉത്ഥിതനായ ഈശോ നമ്മുടെ വരവും കാത്തുനില്‍പ്പുണ്ട്.
നമുക്കൊന്നു ചിന്തിക്കാം, നമ്മുടെ ജീവിതങ്ങള്‍ ബലിക്കല്ലിനോട് ചേര്‍ന്നാണോ നില്‍ക്കുന്നതെന്ന്. അല്ലെങ്കില്‍ നമ്മുടെ ജീവിതങ്ങള്‍ ഇനിയും ക്രമപ്പെടുത്തേണ്ടിയിരിക്കുന്നു.
കല്ലറയുടെ ദുര്‍വഹമായ കല്ല് ഉരുട്ടിനീക്കാന്‍ കഴിവില്ലാതിരുന്നിട്ടും കല്ലറയിങ്കല്‍ സുഗന്ധലേപനത്തിനു പോയ സ്ത്രീകള്‍ വിശ്വാസത്തിന്റെ ഉദാത്തമാതൃകയാണ്. മനുഷ്യനാല്‍ അസാധ്യമായത് ചെയ്യാന്‍ ദൈവം തന്റെ മാലാഖയെ അയച്ചുതരുമെന്ന വിശ്വാസമാണ് അവരെ നയിച്ചത്. ജീവിതത്തിന്റെ പ്രതിസന്ധികളാകുന്ന കല്ലുകള്‍ ഉരുട്ടിമാറ്റാന്‍ ദൈവം തന്റെ മാലാഖയെ അയക്കുമെന്ന പ്രത്യാശയുള്ളവര്‍ക്കേ ഉയിര്‍പ്പിന്റെ ആനന്ദം അനുഭവിക്കാനാകൂ.
ഇന്നത്തെ വിശുദ്ധ ബലിയര്‍പ്പണത്തിലൂടെ നമുക്ക് വൈദികനോടൊപ്പം ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. ഉത്ഥിതനായ മിശിഹായുടെ സമാധാനം നമ്മില്‍ എന്നും വസിക്കട്ടെ. വിശ്വാസത്തിലും സ്‌നേഹത്തിലും വളരാനും അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേന്‍.
ബ്ര. റോബിന്‍സ് പി.ജെ. പുന്നക്കുഴി MCBS