വിശുദ്ധവാരത്തില്‍ വിശുദ്ധഗ്രന്ഥ വില്‍പനയോടൊപ്പം വായനയിലും റിക്കാര്‍ഡ് വര്‍ദ്ധനവ്

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പൊതുജനപങ്കാളിത്തമില്ലാതെ തിരുക്കര്‍മ്മങ്ങളും വിശുദ്ധവാര ചടങ്ങുകളും നടക്കുന്ന സാഹചര്യത്തിലും വ്യക്തികളുടെ ആത്മീയജീവിതത്തിന് യാതൊരു പരിക്കുകളുമില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. മതപരമായ ചടങ്ങുകള്‍ക്ക് വിലക്കുകളില്ലാതിരുന്ന കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 54 ശതമാനം വര്‍ദ്ധനവ് ബൈബിള്‍ വായനയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യൂവേര്‍ഷന്‍ ആപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.

തങ്ങളുടെ ആപ്പ് ഉപയോഗിച്ച് വിശുദ്ധഗ്രന്ഥം വായിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ 54 ശതമാനം വര്‍ദ്ധനവുണ്ടായതായി അവര്‍ അവകാശപ്പെടുന്നു. 26.4 മില്യന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷമെങ്കില്‍ ഇത്തവണ അത് 40.6 മില്യനായി വളര്‍ന്നിരിക്കുന്നു. അതുപോലെ 10.8 മില്യന്‍ വചനങ്ങളായിരുന്നു ഷെയര്‍ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ അത് 14.1 മില്യനായിരിക്കുന്നു. അതായത്, ആകെ 30 ശതമാനത്തിന്റെ വര്‍ദ്ധനവ്.

ഈസ്റ്റര്‍ ദിനത്തിലാണ് ഏറ്റവും കൂടുതല്‍ ബൈബിള്‍ വചനങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ബൈബിളിന്റെ വില്പനയിലും കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ കുതിച്ചുച്ചാട്ടം ഉണ്ടായിട്ടുണ്ടെന്ന് ചില പ്രസാധകരും അഭിപ്രായപ്പെട്ടിരുന്നു.