ബൈബിളിനെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം ‘ബൈബിൾ പസിൽസ്’ പ്രകാശനം ചെയ്തു

കുട്ടികൾക്കും മുതിർന്നവർക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിൾ പഠിക്കുവാനും സഹായിക്കുന്ന ബൈബിൾ പസിൽസ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി. ജൂലൈ 3 വി. തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആചാരണത്തോടനുബന്ധിച്ച് വാൽത്താംസ് റ്റോയിൽ വെച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് പുസ്തകം പ്രകാശനം ചെയ്തത്. റവ ഫാ. ജോസ് അന്ത്യാകുളം, റവ. ഫാ. ഫാൻസ്വാ പത്തിൽ, ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ എന്നിവർ സന്നിഹിതരായിരുന്നു.

യേശുവിന്റെ ജനനവും ജീവിതവും മരണവും പുനരുത്ഥാനവും കേന്ദ്രമാക്കിയ 27 പുസ്തകങ്ങൾ ചേരുന്ന പുതിയ നിയമത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ പുസ്തകം ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മനസ്സിനെ ശാന്തമാക്കാനും ദൈവവചനം പഠിക്കാനും സഹായിക്കുന്ന രീതിയിൽ വിനോദത്തിനും വിജ്ഞാനത്തിനും ഊന്നൽ കൊടുത്തുകൊണ്ടാണ് പുസ്‌തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബൈബിൾ പഠിച്ച് ചോദ്യങ്ങൾക്ക് പസിൽ മാതൃകയിൽ ഉത്തരങ്ങൾ എഴുതുവാനും ശ്രദ്ധേയമായ ബൈബിൾ വാക്യങ്ങൾ ഹൃദിസ്ഥമാക്കാനും സാധ്യമാക്കുന്ന ശൈലിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ബൈബിൾ പസിൽസ് ബൈബിൾ പഠനത്തിന് ഏറെ സഹായകരമാകുമെന്ന് പുസ്തകപ്രകാശനമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.