അമ്മമാരുടെ ദിനത്തിൽ സന്തോഷം കണ്ടെത്തുവാൻ നിങ്ങൾക്കു കഴിയുന്നില്ലേ? എങ്കിൽ വചനത്തിൽ ആശ്രയിക്കാം 

ഇന്ന് ലോകമെമ്പാടുള്ള അമ്മമാരുടെ ദിനം. തന്റെ മക്കൾക്കായി, കുടുംബത്തിനായി അടുക്കളയുടെ ഓരത്ത് ഒതുങ്ങിത്തീരുന്ന നമ്മുടെ അമ്മമാരെ പ്രത്യേകം ഓർക്കുന്ന, അനുസ്മരിക്കുന്ന ദിവസം. ഈ ദിവസം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആഘോഷിക്കാൻ ചിലർക്ക് കഴിയാറില്ല.

അതിന് പല കാരണങ്ങൾ ഉണ്ടാവാം. ദീർഘനാളത്തെ ദാമ്പത്യത്തിൽ ദൈവത്തിന്റെ സമ്മാനമായ കുഞ്ഞുങ്ങൾ കടന്നുവരാത്തതാകാം, മക്കളിൽ നിന്നുള്ള ദുരനുഭവങ്ങളാകാം, അവരെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയാകാം. എന്തു തന്നെയായാലും വേദനകളുടെ നിമിഷങ്ങളിൽ ആശ്വാസം പകരുന്ന വിശുദ്ധ ഗ്രന്ഥം നമുക്ക് ഈ സമയം നെഞ്ചോട് ചേർത്തുവയ്ക്കാം. അമ്മമാരുടെ ദിനത്തിൽ സന്തോഷം കണ്ടെത്തുവാൻ സഹായിക്കുന്ന ഏതാനും ചില വചനഭാഗങ്ങൾ ഇതാ:

1. ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പര്‍വ്വ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനം കൊണ്ടു പര്‍വ്വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല (സങ്കീ. 46 :1 -3).

2. കര്‍ത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാന്‍ അതില്‍ ഓടിക്കയറി സുരക്ഷിതനായിക്കഴിയുന്നു (സുഭാ. 18 :10).

3. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും (യോഹ. 16 :20).

4. നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് കരുതുന്നു. സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു (റോമാ 8 :18 -19).