എന്തെല്ലാം കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിവുള്ളവരാണെങ്കിലും ബൈബിളില്‍ വായിച്ചിട്ടുള്ള കാര്യങ്ങള്‍ മറന്നു പോകുന്ന സ്വഭാവമുള്ള കുറേയാളുകളുണ്ട്. അത്തരക്കാര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ ബൈബിള്‍ മെമ്മറി മാന്‍’ എന്ന് വിളിപ്പേരുള്ള, ബൈബിളിലെ ഇരുപതോളം പുസ്തകങ്ങള്‍ മനപാഠമാക്കിയിട്ടുള്ള പ്രഫ. ടോം മേയര്‍. തങ്ങള്‍ വായിച്ച വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പൊടിക്കൈകളുമായാണ് കാലിഫോര്‍ണിയ റെഡിംഗിലെ ശാഷ്ത ബൈബിള്‍ കോളേജ് പ്രൊഫസറായ അദ്ദേഹം എത്തിയിരിക്കുന്നത്.
നമ്മുടെ ജീവിതത്തില്‍ മെച്ചപ്പെടുത്തുവാന്‍ നാം ആഗ്രഹിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗം തിരഞ്ഞെടുത്ത് വായിക്കുവാനാണ് മെയെര്‍ പറയുന്നത്. ദൈവവചനം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അവയെ ഓര്‍മ്മയില്‍ ഉറപ്പിക്കുവാനുള്ള മൂന്നു ലളിതമായ പൊടിക്കൈകളും അദ്ദേഹം നിര്‍ദ്ദേശിച്ചു. വായന, കേള്‍വി, എഴുത്ത് എന്നിവയാണ് മെയെറിന്റെ പൊടിക്കൈകള്‍.
ഒരേ വാക്യം തന്നെ പലപ്രാവശ്യം വായിക്കുക എന്നതാണ് മെയെറുടെ ആദ്യ പൊടിക്കൈ. സി.ഡി പ്ലെയറോ, ഏതെങ്കിലും ആപ്ലിക്കേഷനോ, റെക്കോര്‍ഡിംഗ് ഉപകരണമോ ഉപയോഗിച്ച് ഒരേ വാക്യം തന്നെ പല പ്രാവശ്യം കേള്‍ക്കുക എന്നതാണ് അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടാമത്തെ പൊടിക്കൈ. മൂന്നാമതായി അദ്ദേഹം പറയുന്നത് ബൈബിള്‍ വാക്യങ്ങള്‍ എഴുതി പഠിക്കുവാനാണ്. ഒരു വരിയില്‍ എട്ടു വാക്കുകളില്‍ കൂടുതല്‍ ആകാതെ പല വരികളിലായി എഴുതി മനപാഠമാക്കുകയാണ് വേണ്ടത്. ഹൃദിസ്ഥമാക്കിയ കാര്യങ്ങളെക്കുറിച്ച് തുടരെ തുടരെ ചിന്തിക്കുവാനും മെയെര്‍ നിര്‍ദ്ദേശിച്ചു. ‘എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം’ (1തെസലോനിക്ക 5:18) എന്നതാണ് മേയറുടെ പ്രിയപ്പെട്ട ബൈബിള്‍ വാക്യം.