ലത്തീൻ മാര്‍ച്ച്‌ 09 ലൂക്കാ 4: 24-30 തിരഞ്ഞെടുപ്പ്

“അവര്‍ അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍ നിന്ന് താഴേയ്ക്കു‌ തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്‌തു” (ലൂക്കാ 4:29).

സമകാലീനരാൽ തിരസ്കരിക്കപ്പെട്ട പ്രവാചക മാതൃകകളായ യേശുവിനെയും ജെറമിയായെയും ഇന്നത്തെ തിരുവചനഭാഗങ്ങൾ അവതരിപ്പിക്കുന്നു. തങ്ങളുടെ പ്രവാചകദൗത്യത്തോടുള്ള സമർപ്പണമാണ് ഈ തിരസ്കരണം ക്ഷണിച്ചുവരുത്തുന്നത്. പഴയനിയമത്തിൽ ഒരു പ്രവാചകൻ പരിപൂർണ്ണമായും ദൈവത്തിന്റെ വക്താവാകാൻ ജീവിതം മാറ്റിവച്ചിരിക്കുന്നവനാണ്. അതിനാൽ ഒരു പ്രവാചകൻ ഒരു വ്യക്തിയുടെയോ, സമൂഹത്തിന്റെയോ സ്വന്തമല്ല. മറിച്ച്, ദൈവത്തിന്റെ മാത്രം സ്വന്തമാണ്. അതിനാൽ മറ്റുള്ളവരുടെ താൽപര്യങ്ങൾക്കും ഇച്ഛകൾക്കുമനുസരിച്ച് സംസാരിക്കേണ്ടവനല്ല പ്രവാചകൻ. മറിച്ച്, ദൈവേഷ്ടം ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടവനാണ് പ്രവാചകൻ.

തങ്ങളുടെ പ്രവാചകദൗത്യത്തിന്റെ ഭാഗമായി രാഷ്ട്രീയ-മത മേലാളന്മാര്‍ക്കെതിരായി ശബ്ദമുയർത്തിയപ്പോൾ അവരുടെ മനസ്സിൽ യേശുവിനും ജെറമിയായ്ക്കുമെതിരെ സമകാലികരുടെ മനസ്സിൽ അസൂയയും വെറുപ്പും ഉടലെടുത്തു. ദൈവിക കൃപയോട് സഹകരിക്കാത്ത സമകാലീനരോട്, ജെറമിയായുടെ ബാബിലോൺ പ്രവാസ പ്രവചനം, സിറിയക്കാരനായ നാമാൻ എന്ന കുഷ്ഠരോഗിയുടെ സൗഖ്യം, സ്റെപ്ത്തയിലെ വിധവയ്ക്കു നല്‍കപ്പെട്ട അദ്ഭുത അന്നദാനം എന്നീ ഉദാഹരണങ്ങൾ സമർഥിച്ച് ദൈവം വിജാതീയരോട് അനുഭാവം കാണിക്കുന്ന അനുഭവങ്ങളെ യേശു ഓർമ്മപ്പെടുത്തുന്നു.

ഇസ്രായേൽ ജനത്തിന്റെ ‘ദൈവജനം’ എന്ന തിരഞ്ഞെടുപ്പ് ദൈവത്തിന്റെ ഒരു പ്രത്യേക പക്ഷപാതപരമായ പ്രവർത്തിയല്ല. മറ്റു ജനതതികളേക്കാളും മേന്മ  ഭാവിക്കാനുമല്ല. മറിച്ച്, ദൈവജനം എന്ന അർഥത്തിൽ ദൈവികപദ്ധതിയോട് സഹകരിക്കുക എന്ന ദൗത്യനിർവഹണത്തിനു വേണ്ടിയാണ്‌. ദൈവമക്കൾ എന്ന അഭിധാനം മറ്റുള്ളവരേക്കാൾ മേന്മ ഭാവിക്കുന്ന അഹങ്കാരചിന്തയ്ക്ക‌ല്ല.  മറിച്ച്, അയോഗ്യതയെക്കുറിച്ചുള്ള അവബോധത്തോടെ ദൈവത്തോട് സഹകരിക്കാനാണ്. ആമ്മേൻ.

ഫാ.ജെറി വള്ളോംകുന്നേൽ MCBS