
“…നിങ്ങൾ ഏതെങ്കിലും സ്ഥലത്തു പ്രവേശിച്ചാൽ, നിങ്ങൾ അവിടം വിട്ടു പോകുന്നതുവരെ ആ വീട്ടിൽ തന്നെ താമസിക്കുവിൻ” (വാക്യം 10).
സ്വഭാവത്തിൽ തന്നെ സഭ ഒരു മിഷനറി ആണ്. ക്രിസ്തു, ദൈവത്താൽ രക്ഷണീയദൗത്യവുമായി അയക്കപ്പെട്ടതു പോലെ ക്രിസ്തുവിനാൽ അയക്കപ്പെടുന്നവരാണ് സഭാമക്കൾ. അപ്പസ്തോലന്മാർ ദേശാന്തരഗമനം ചെയ്യുന്നവരായിരിക്കുമെങ്കിലും നാടോടികളെപ്പോലെ അലഞ്ഞുതിരിയേണ്ടവരല്ല, മറിച്ച് ചിരസ്ഥായിയായ താവളം കണ്ടെത്തി ദൗത്യപൂർത്തീകരണം വരെ ഒരിടത്തു വസിക്കേണ്ടവരാണ്.
തങ്ങളെ സ്വീകരിച്ച്, സ്ഥല-താമസ സൗകര്യങ്ങൾ തന്ന് ആതിഥ്യം, ഔദാര്യം എന്നിവ കാണിക്കുന്നവരിലൂടെ ദൈവത്തിന്റെ കരുതലും പരിപാലനയും അനുഭവിക്കാൻ അവർക്കു കഴിയണം. ദൗത്യനിർവ്വഹണത്തിനായി കടലുകളും ദൂരങ്ങളും താണ്ടിയ അപ്പസ്തോലന്മാരെപ്പോലെ യാത്രികരല്ലെങ്കിലും ജീവിക്കുകയും ആയിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കുടുംബം, ജോലിസ്ഥലം, വിദ്യാലയം, ദൈവാലയം തുടങ്ങിയ മേഖലകളിലെങ്കിലും അവരവരുടേതായ ക്രൈസ്തവ-ദൗത്യമേഖല നിർവ്വചിക്കുക എന്നത് ക്രൈസ്തവജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. ആമ്മേൻ.
+ ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ