
വി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 23 മുതൽ 29 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഉത്ഥിതനായ ക്രിസ്തു ഈ ലോകംവിട്ട് സ്വർഗത്തിലേക്കു പോകുമ്പോൾ തന്റെ ശിഷ്യർക്കു നൽകുന്ന വാഗ്ദാനങ്ങളാണ് ഇന്നത്തെ വചനത്തിന്റെ ചുരുക്കം. ക്രിസ്തു ഈ ലോകം വിട്ടുപോകുമ്പോൾ തന്റെ ശിഷ്യരെ അനാഥരായി വിടുകയില്ല എന്നും അവർക്ക് സഹായകനായി പരിശുദ്ധാത്മാവിനെ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു. യുഗാന്ത്യംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന ക്രിസ്തുവിന്റെ ആഹ്വാനം എന്നും ഒരു ഓർമ്മപ്പെടുത്തലായി നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്നു.
ക്രിസ്തുവിനെ അനുഗമിക്കുന്ന ആരും അനാഥരല്ല. അവർ എന്നും ക്രിസ്തുവിന്റെ സ്വന്തമായിരിക്കും. ക്രിസ്തുവിനെ സ്നേഹിക്കുന്നവന്റെകൂടെ എന്നും ആത്മാവിന്റെ സാന്നിധ്യവും അഭിഷേകവുമുണ്ടായിരിക്കും എന്നുള്ളത് ഇന്നത്തെ വചനഭാഗത്തിൽനിന്നു നമുക്കു കിട്ടുന്ന ഒരു ഉറപ്പാണ്. മരുഭൂമിയിലെ ക്രിസ്തുവിന്റെ ജീവിതത്തിൽ അവന്റെ കൂടെ ഉണ്ടായിരുന്നതും അവനെ ശക്തിപ്പെടുത്തിയതും പരിശുദ്ധാത്മസാന്നിധ്യമായിരുന്നു. ഈ ആത്മാവാണ് ഇന്നും തിരുസഭയെ ശക്തിപ്പെടുത്തുന്നതും മുന്നോട്ടുനയിക്കുന്നതും. ആത്മാവിന്റെ അഭിഷേകത്തിനായി നമുക്കു പ്രാർഥിക്കാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS