
വി. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 27 മുതൽ 30 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ആടുകളെ അറിയുന്ന ഇടയനെയും ഇടയനെ തിരിച്ചറിയുന്ന ആടുകളെയും ഈ വചനഭാഗത്തിൽ നമുക്ക് വ്യക്തമായി കാണാം. ഇടയനും ആടുകളും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തെ ഈ സുവിശേഷഭാഗം കൃത്യമായി വിവരിക്കുന്നുണ്ട്. ആടുകൾ ഇടയനെ അറിയുന്നുവെന്നും അവ ഇടയന്റെ സ്വരം ശ്രവിക്കുന്നുവെന്നും ഇടയനെ അനുഗമിക്കുന്നുവെന്നും വചനം വ്യക്തമായി നമുക്കു മുമ്പിൽ അവതരിപ്പിക്കുമ്പോൾ ഈയൊരു ആത്മബന്ധത്തെയാണ് നാം ധ്യാനവിഷയമാക്കേണ്ടത്.
തിരുസഭയും ക്രിസ്തുവും തമ്മിലുള്ള ആത്മബന്ധത്തെയും ഈ വചനഭാഗം നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. സഭ ഒരുപാട് ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോയപ്പോഴും ക്രിസ്തു സഭയെ അനാഥമാക്കിയില്ല; കാലത്തിനനുസരിച്ച്, കാലഘട്ടത്തിനനുസരിച്ച് ഓരോ ഇടയന്മാരെ ദൈവം തിരഞ്ഞെടുത്ത് അവയെ സംരക്ഷിക്കാനായി ദൈവം ഒരുക്കി. അതുകൊണ്ട് ആടുകളെ തന്റെ മാറോടു ചേർത്തുപിടിക്കുന്ന ഇടയനെപ്പോലെ ദൈവം തിരുസഭയെ ഇന്നും എന്നും കാത്തുസൂക്ഷിക്കുന്നു. നമുക്കും അവിടുത്തെ സ്വരം ശ്രവിച്ച് അവിടുത്തെ അനുഗമിക്കുന്നവരാകാം.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS