ലത്തീൻ മാർച്ച്‌ 13 ലൂക്കാ 9: 28b-36 ദർശനീയകാലം

“അവര്‍ പിരിഞ്ഞു പോകുമ്പോള്‍ പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌. താന്‍ എന്താണു പറയുന്നതെന്ന്‌ അവനു തന്നെ നിശ്ചയമില്ലായിരുന്നു” (ലൂക്കാ 9:33).

വിശുദ്ധ ഗ്രന്ഥ പാരമ്പര്യത്തിൽ പർവ്വതശിഖരങ്ങൾ ദൈവാനുഭവത്തിന്റെയും  ദൈവദർശനത്തിന്റെയും ഇടങ്ങളാണ്. ഉദാഹരണത്തിന്, അബ്രഹാം മോറിയ മലയിലും, മോശ സീനായ് മലയിലും, ശിഷ്യന്മാർ താബോർ മലയിലും ദൈവത്തെ അനുഭവിക്കുകയും ദർശിക്കുകയും ചെയ്യുന്നു. അതുപോലെ തന്റെ സ്വർഗീയപിതാവുമായി സംഭാഷിക്കാനായി യേശു  മലമുകളിലേക്കു പോകുന്നതിന്റെ വിവരണങ്ങൾ സുവിശേഷത്തിലുണ്ട്.

യേശു തന്റെ പ്രീതിക്ക് പാത്രീഭൂതനായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നീ  ശിഷ്യന്മാർക്ക് താബോർ മലയുടെ ഉച്ചിയിൽ രൂപാന്തരീകരണത്തിലൂടെ തന്റെ ദൈവത്തിന്റെ മുന്നാസ്വാദനം നൽകുകയാണ്. ഒരർത്ഥത്തിൽ, നോമ്പുകാലത്തെ  ദൈവാനുഭവത്തിന്റെയും (God-Experience) ദൈവദർശനത്തിന്റെയും (God-Encounter) ഒരു മലമുകളനുഭവമായി കരുതാവുന്നതാണ്. രൂപാന്തരീകരണ സംഭവം ദൈവദർശനത്തിന് രണ്ട് വഴികൾ നിർദ്ദേശിക്കുന്നു.

1. കൂടാര നിർമ്മാണം (Tend-Making):- മലമുകളിലെ അതീന്ദ്രിയ ദൈവദർശനാനുഭവത്തിൽ മതിമറന്ന പത്രോസ് പറയുകയാണ്: “ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌. താന്‍ എന്താണു പറയുന്നതെന്ന്‌ അവനു തന്നെ നിശ്ചയമില്ലായിരുന്നു” (ലൂക്കാ 9:33). ഹൃദയത്തിൽ വിശുദ്ധമായ ചിന്തകൾ കാത്തുസൂക്ഷിച്ച് ദൈവത്തിന് വാസയോഗ്യമായ ഒരു കൂടാരമാക്കി ഹൃദയത്തെ പരിവർത്തനപ്പെടുത്തേണ്ട സമയമാണ് നോമ്പുകാലം എന്ന് ഈ കാലഘട്ടം നമ്മെ ഓർമ്മപ്പെടുത്തുകയാണ്.

2. വചന ശ്രവണം(Listening Word of God):- രൂപാന്തരീകരണ സമയത്ത് മേഘങ്ങളിൽ നിന്നും ശിഷ്യർ ശ്രവിച്ച ദൈവികസ്വരം ആവശ്യപ്പെടുന്നത് തന്റെ  പുത്രനെ ശ്രവിക്കാനാണ്. “അപ്പോള്‍ മേഘത്തില്‍ നിന്ന്‌ ഒരു സ്വരം കേട്ടു: ഇവന്‍ എന്റെ പുത്രന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്റെ വാക്ക് ശ്രവിക്കുവിന്‍” (ലൂക്കാ 9:35). നോമ്പുകാലത്ത് വചനവായനക്കും ശ്രവണത്തിനുമായി അധിക സമയം കണ്ടെത്തിയാണ് പുത്രനെ ശ്രവിക്കാനായി നാം പരിശ്രമിക്കേണ്ടത്.

സദ്ചിന്തകളിലൂടെ ഹൃദയകൂടാരങ്ങളെ ഒരുക്കിയും ഒപ്പം വചനവായനയിലൂടെയും ശ്രവണത്തിലൂടെയും ദൈവദർശനത്തിനും ദൈവാനുഭവത്തിനുമുള്ള സമയമാക്കി നോമ്പുകാലത്തെ ഉപയോഗപ്പെടുത്താം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.