ലത്തീൻ മാർച്ച്‌ 05 ലൂക്കാ 5: 27-32 അതീന്ദ്രിയ ദർശനം

“ഇതിനു ശേഷം, അവന്‍ പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന്‌ യേശു അവനോടു പറഞ്ഞു” (ലൂക്കാ 5:27).

ഫരിസേയർ ലേവിയെ നോക്കിയത് ബാഹ്യമായി കാണപ്പെടുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നതിനാൽ അവരുടെ നോട്ടത്തെ “ഇന്ദ്രിയ ദർശനം” (Physical Look) എന്നു വിളിക്കാം. എന്നാൽ യേശുവിന്റെ നോട്ടം ബാഹ്യമായി കാണപ്പെടുന്ന കാര്യങ്ങളുടെയും അപ്പുറത്തുള്ള ദൈവത്തിന്റെ സാദൃശ്യത്തിലേക്കും ഛായയിലേക്കുമായിരുന്നു. ദൈവപുത്രന്റെ നോട്ടത്തെ “അതീന്ദ്രിയ ദർശനം” (Metaphysical Look) എന്നു വിളിക്കാം.

തങ്ങളുടെ ഇന്ദ്രിയ ദർശനത്തിൽ ലേവിയിൽ ഫരിസേയർ ഒരു പാപിയെയും വഞ്ചകനെയും ദർശിച്ചപ്പോൾ, യേശു തന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ കൂടിയുള്ള അതീന്ദ്രിയ ദർശനത്തിൽ ലേവിയിൽ ശിഷ്യനെയും അപ്പസ്തോലനെയും സുവിശേഷകനെയും വിശുദ്ധനെയും രക്തസാക്ഷിയെയും കാണുന്നു. രൂപരഹിതമായ ഒരു മാർബിൾ ശിലാഖണ്‌ഡത്തിൽ ഒരു ശില്‍പിക്ക് മനോഹരമായ മാലാഖയെ കാണാനാകും. ഒരു പ്രകൃതിസ്നേഹിക്ക് ശലഭപ്പുഴുവിൽ ചിത്രശലഭത്തെയും!

മറ്റുള്ളവരിലേക്കുള്ള മനുഷ്യരുടെ നോട്ടം “അതീന്ദ്രിയ ദർശനം” ആണെങ്കിൽ എല്ലാവരിലും കാണപ്പെടുന്നത് ദൈവത്തിന്റെ സാദൃശ്യത്തിലും ഛായയിലും സൃഷ്‌ടിക്കപ്പെട്ട ദൈവമക്കളെയാണ്‌. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.