
“ദൈവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്ന് വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍, ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ” (യോഹ. 7:28).
യേശു എന്തെങ്കിലും തെറ്റ് ചെയ്തതിനാലാല്ല യഹൂദവൈരികൾ അവനെ കൊല്ലാൻ ശ്രമിക്കുന്നത്. മറിച്ച്, താൻ ദൈവത്തിൽ നിന്നുമുള്ള പരിശുദ്ധനാണെന്ന സത്യം വെളിപ്പെടുത്തിയതു മൂലം അവരുടെ അന്തഃകരണത്തിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയിൽ നിന്നുമാണ്.
എന്തുകൊണ്ടായിരിക്കാം നാം നന്മ ചെയ്യുമ്പോഴും ദുഷ്‌കർമ്മികളുടെ മനസ്സിൽ നമ്മോട് വിദ്വേഷം രൂപപ്പെടുന്നത്? കാരണം, നമ്മുടെ നന്മപ്രവൃത്തികൾ അവരുടെ മുൻപിൽ അവരുടെ തിന്മകളെ പ്രതിബിംബിപ്പിക്കുന്ന ദര്‍പ്പണങ്ങളായി മാറുന്നു എന്നതാണ്. ആരാണ് അവരുടെ ബീഭത്സമുഖം കാണാനോ, കാണപ്പെടാനോ ഇഷ്ടപ്പെടുക.
യേശുവിന്റെ പരസ്യജീവിത കാലത്ത് ഫരിസേയരിലും സദുക്കായരിലും മറ്റും അവനോട് തീരാത്ത പകയും വിദ്വേഷവും രൂപപ്പെടുന്നതിനു കാരണം, അവൻ പ്രവർത്തിച്ച കാരുണ്യത്തിന്റെ അടയാളങ്ങളും അദ്ഭുതങ്ങളും അവരുടെ ദുഷ്‌കൃത്യങ്ങളെ കണ്ണാടിയിലെന്നപോലെ വെളിവാക്കി എന്നാതായിരുന്നു.
നമ്മുടെ നന്മപ്രവർത്തികളോരോന്നും ലോകത്തിന്റെ വൈരൂപ്യങ്ങൾക്കെതിരെ ഉയർത്തിവയ്‌ക്കുന്ന പരിശുദ്ധിയുടെ സ്ഫടികങ്ങളാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ പരിവർത്തനം ജനിപ്പിക്കാൻ ഇവയ്ക്ക് ശക്തിയുണ്ട്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




