ലത്തീൻ ജനുവരി 12 മർക്കോ. 1: 29-39 സമയം രക്ഷാകരം 

“അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (മര്‍ക്കോ. 1:35).

സമയം എന്ന മഹാദാനത്തെ യേശു എങ്ങനെ വിനിയോഗം ചെയ്തു എന്നത് അനുകരണീയമാണ്. സുവിശേഷം സാക്ഷ്യപ്പെടുത്തുന്നതു പോലെ എല്ലാവരും അവനെ അന്വേഷിക്കുമ്പോഴും (മർക്കോ. 1:37), ജനപ്രീതിയിൽ മയങ്ങിപ്പോകാതെ ആത്മീയജീവിതത്തിൽ സുപ്രധാനമായ ദൈവബന്ധത്തിനുൾപ്പെടെ എല്ലാത്തിനും അവന് സമയമുണ്ടായിരുന്നു. അവൻ തനിക്കു നൽകപ്പെട്ട സമയത്തെ പൂർണ്ണതയിൽ, ദൈവികപദ്ധതിയിൽ വിവിധ കാര്യങ്ങൾക്കായി പങ്കിടുകയും വിനിയോഗിക്കുകയും ചെയ്തു.

1. കുടുംബ-സമയം (Family Time): “...അവൻ പത്രോസിന്റെ ഭവനത്തിൽ പ്രവേശിച്ചു” (വാക്യം 29). യേശു തന്റെ ഗലീലയിലെ പരസ്യജീവിതകാലത്ത് തന്റെ സ്വന്തം ഭവനം പോലെ കണക്കാക്കിയിരുന്ന പത്രോസിന്റെ ഭവനത്തിൽ കൂടെക്കൂടെ എത്താനും സൗഹൃദം പങ്കിടാനും ശ്രദ്ധിച്ചിരുന്നു.

2. സാമൂഹിക-സമയം (Social Time): “…അവർ രോഗികളായ എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു” (വാക്യം 32). ദൈവകാരുണ്യത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും മൂർത്തീഭാവമായി തന്നെ സമീപിച്ചവർക്കെല്ലാം ദൈവകരങ്ങളാകാൻ അവൻ സമയം കണ്ടെത്തി.

3. ദൈവിക-സമയം (Time for God): “….അതിരാവിലെ അവന്‍ ഉണര്‍ന്ന്‌ ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു (വാക്യം 35). യേശുവിന്റെ അനന്തരമായ ആത്മീയ ഊർജ്ജത്തിന്റെ ഉറവിടം പിതാവുമായുള്ള ബന്ധത്തിനായി അവൻ കണ്ടെത്തിയ സമയമായിരുന്നു.

ദൈവ-മനുഷ്യ-കുടുംബ ബന്ധങ്ങളെ ദൃഢമാക്കാനായി മനുഷ്യൻ ചിലവഴിക്കുന്ന സമയത്തെ “വൈശിഷ്ട്യ-സമയം” (Quality Time) എന്ന് ലോകം വിളിക്കുമ്പോൾ, ദൈവതിരുമനസ് നിറവേറ്റാനും ദൈവികപദ്ധതികൾ നിവർത്തീകരിക്കാനും കണ്ടെത്തുന്ന സമയത്തെ “രക്ഷാകര സമയം” (Salvific Time) എന്നു വിളിക്കാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.