ലത്തീൻ ജനുവരി 23 ലൂക്കാ 1: 1-4; 4:14-21 സ്വീകാര്യവത്സരം

“കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:19).

ഇസ്രയേൽ ജനത തങ്ങളുടെ ചരിത്രത്തിൽ സമ്പദ്ഘടനയുടെ  വിശുദ്ധീകരണത്തിനായി “സാബത്ത് വർഷം” (Sabbath Year) “ജൂബിലി വർഷം” (Jubilee Year) എന്നിങ്ങനെ രണ്ടു തരത്തിലുള്ള വർഷാചരണങ്ങളുടെ പ്രഖ്യാപനം നടത്തിയിരുന്നു. സാബത്ത് വർഷമായി പ്രഖ്യാപിക്കപ്പെടുന്ന എല്ലാ ഏഴാമത്തെ വർഷവും കൃഷിസ്ഥലങ്ങൾ തരിശാക്കി ഇട്ടിരുന്നു. ലക്ഷ്യം കൃഷിസ്ഥലങ്ങളുടെ വിശുദ്ധീകരണമായിരുന്നു (ലേവി 25:1-7). എന്നാൽ ജൂബിലി വർഷമായി പ്രഖ്യാപിക്കപ്പെടുന്ന അൻപതാമത്തെ വർഷം സമ്പദ്ഘടനയുടെ വിശദീകരണത്തിനുള്ള വർഷമായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത് (ലേവി 25:15-17).

ജൂബിലി വർഷം പാട്ടത്തിന് നൽകപ്പെടുന്നതും ഈടു വയ്ക്കുന്നതുമായ സ്ഥലങ്ങൾ  യഥാർത്ഥ ഉടമസ്ഥർക്ക് നൽകിയിരുന്നു. അതുപോലെ അടിമകൾ, കാരാഗൃഹ വാസികൾ, കരാർ ജോലിക്കാർ എന്നിവരെ സ്വതന്ത്രരാക്കുകയും ചെയ്തിരുന്നു. എല്ലാ കുടുംബങ്ങൾക്കും സ്വത്തും പാർപ്പിടവും ഉറപ്പു വരുത്തുന്നതിനും എല്ലാ വ്യക്തികൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉപാധികൾ ഉണ്ടാകുന്നതിനു വേണ്ടിയും പണക്കാരും സാധുക്കളും തമ്മിലുള്ള അകൽച്ച കുറക്കുന്നതിനും വേണ്ടിയാണ് അൻപതാമത്തെ വർഷം ജൂബിലി വർഷമായി ആഘോഷിച്ചിരുന്നത്.

ജൂബിലി വർഷത്തിൽ കാഹളം ഊതുമ്പോൾ എബ്രായ അടിമകൾക്ക് സ്വാതന്ത്ര്യവും  കടങ്ങൾക്ക് ഇളവും നഷ്ടപ്പെട്ട വസ്തുക്കളുടെ വീണ്ടെടുപ്പും സംഭവിച്ചിരുന്നു. ധനികരും പാവങ്ങളും തമ്മിലുള്ള ഗർത്തം കുറക്കാൻ പരിശ്രമിച്ചുകൊണ്ടും അടിച്ചമർത്തപ്പെട്ടവരും വേദനിക്കുന്നവരുമായി പക്ഷം ചേരുകയും ചെയ്യുബോൾ ഓരോ ക്രൈസ്തവനും കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുകയാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.