1600 ഭാഷകളിലെ ബൈബിളുകൾ കാണുവാൻ അവസരമൊരുക്കി മാഡ്രിഡിലെ ബൈബിൾ പ്രദർശനം

1600 ഭാഷകളിലെ ബൈബിളുമായി മാഡ്രിഡില്‍ നടക്കുന്ന ബൈബിള്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. “ബൈബിള്‍, ലോകത്തിന്റെ ഭാഷകളിലൂടെ ഒരു സഞ്ചാരം” എന്ന പേരിൽ മാഡ്രിഡിലെ പ്രമുഖ മ്യൂസിയവും സാംസ്കാരികകേന്ദ്രവുമായ കൈക്സാ ഫോറമില്‍ ആണ് ഈ പ്രദർശനം നടക്കുന്നത്. ജൂണ്‍ 27-ന് ആരംഭിച്ച ഈ പ്രദർശനം സെപ്റ്റംബർ 1-ന് അവസാനിക്കും.

അന്‍ഡോറന്‍ സ്വദേശിയും കത്തോലിക്കാ വിശ്വാസിയുമായ പെരേ റൌക്കെറ്റ് ശേഖരിച്ചിട്ടുള്ള അപൂര്‍വ്വ ബൈബിളുകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. പുരാതന ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന ഗ്രീക്ക് ഭാഷയിലുള്ള ബൈബിളിന്റെ പ്രതിയും ഈ പ്രദര്‍ശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തില്‍ 7,111 ഭാഷകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 3,350 ഭാഷകളിലേയ്ക്കും ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞുവെന്ന് റൌക്കെറ്റ് പറയുന്നു.

1995-ല്‍ കെനിയ സന്ദര്‍ശിച്ചപ്പോള്‍ ലോകൊരി പട്ടണത്തിലെ വൈദികന്‍ ടുര്‍ക്കാന ഭാഷയില്‍ എഴുതിയ ഒരു ബൈബിള്‍ സമ്മാനിച്ചതു മുതലാണ് റൌക്കെറ്റിന് ബൈബിള്‍ ശേഖരണത്തില്‍ പ്രത്യേക താൽപര്യം തോന്നിത്തുടങ്ങിയത്. ഇന്ന് രണ്ടായിരത്തോളം വ്യത്യസ്ത ഭാഷകളിലെ ബൈബിളുകൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.