എല്ലാ സ്നേഹത്തിന്റെയും ഉള്ളടക്കം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിവാഹിതനായ ഒരു സുഹൃത്ത് പങ്കുവച്ച ചില കാര്യങ്ങൾ കുറിക്കട്ടെ.

“അച്ചാ, എനിക്കിന്ന് ആരെയും വിശ്വാസമില്ല. പുഞ്ചിരിക്കുന്നവരും സൗഹൃദം പുലർത്തുന്നവരും ഏതു നിമിഷം വേണമെങ്കിലും നമുക്കെതിരെ തിരിയാം. എല്ലാ സ്നേഹവും സ്വാർത്ഥതക്കു വേണ്ടി മാത്രമാണ്.”

സംസാരം ഇങ്ങനെ നീണ്ടപ്പോൾ ഞാൻ ചോദിച്ചു: “എന്തുപറ്റി? പുതിയ തത്വങ്ങളാണല്ലോ പറയുന്നത്.”

“തത്വങ്ങളൊന്നുമല്ലച്ചാ, അനുഭവമാണ്. എന്റെ ജീവിതമെടുത്തു നോക്കിയാൽ വഞ്ചിച്ചവരും വേദനിപ്പിച്ചവരുമാണ് അധികവും. കൃത്യ ദിവസം തിരിച്ചു തരാമെന്നു പറഞ്ഞ് പണം വാങ്ങി ഇതുവരെ തിരിച്ചു തരാത്തവർ, സ്ഥലക്കച്ചവടത്തിന് ഇടനിലക്കാരനായി നിന്ന് പണം തട്ടിയെടുത്ത ചങ്ങാതി, എന്തിനുമേതിനും കുറ്റം മാത്രം പറയുന്ന ജീവിതപങ്കാളി. ഇവയ്ക്കെല്ലാം പുറമെ പ്രേമക്കുരുക്കിൽ പെട്ടുകിടക്കുന്ന മകൾ. ജീവിതത്തിൽ ആരെ വിശ്വസിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ആകെ പ്രത്യാശയുള്ളത് ദൈവത്തിലാണ്. ഇപ്പോൾ വിഷമങ്ങൾ വരുമ്പോൾ ഏതെങ്കിലും പള്ളിയിൽ ചെന്നിരിക്കും. കുറച്ചു സമയം പ്രാർത്ഥിക്കും. അപ്പോൾ ലഭിക്കുന്ന ആശ്വാസം വലുതാണ്.”

എനിക്ക് അദ്ദേഹത്തെ കുറ്റം പറയാനോ, വിധിക്കാനോ തോന്നിയില്ല. എന്തെന്നാൽ അദ്ദേഹത്തിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതായിരുന്നു. ചില വ്യക്തികൾ നിശബ്ദരാകുന്നതിനും വ്യത്യസ്തരാകുന്നതിനും പിന്നിൽ ഇത്തരം ജീവിതാനുഭവങ്ങൾ ഉണ്ടെന്നു വേണം തിരിച്ചറിയാൻ. ചങ്ങാത്തം കൂടി അടുത്തു വരുന്ന ഏതൊരു വ്യക്തിയെയും എനിക്കിപ്പോൾ ഭയമാണെന്നു പറഞ്ഞ ഒരു യുവതിയുടെ ചിത്രവും മനസിൽ തെളിയുന്നു. അവളെ ചതിച്ചത് സ്വന്തം ഭർത്താവ് തന്നെ. കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് അയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയുടെ കൂടെയാണ് വാസം.

ഈ കഥകളോടു ചേർത്തുവയ്ക്കാവുന്നതാണ് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷകന്റെ വാക്കുകളും: “പെസഹാത്തിരുനാളിന്‌ അവന്‍ ജറുസലേമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട്‌ വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുടെയും സാക്ഷ്യം അവന്‌ ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത്‌ എന്താണെന്ന്‌ അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു” (യോഹ. 2: 23-25).

മനുഷ്യന്റെ സഹായമില്ലാതെയോ, മനുഷ്യനെ വിശ്വസിക്കാതെയോ ജീവിക്കാൻ നമുക്കാകില്ല. ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം അനിവാര്യമാണ്. എന്നാൽ ഇവക്കെല്ലാം നടുവിൽ നമ്മൾ പ്രത്യാശ വയ്ക്കേണ്ടത് മനുഷ്യനിലല്ല, ദൈവത്തിലാണെന്ന സത്യം മറക്കാതിരിക്കാം. ആരെല്ലാം നമ്മെ കൈവിട്ടാലും ദൈവം നമ്മെ കൈവിടില്ലെന്ന വിശ്വാസത്തിലാകട്ടെ ഇനിയുള്ള ജീവിതം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.