സീറോ മലബാര്‍ നോമ്പുകാലം ഏഴാം ഞായര്‍ ഏപ്രിൽ 02 മത്തായി 21: 1-17 മിശിഹായുടെ ജറുസലേം പ്രവേശനവും ദേവാലയ ശുദ്ധീകരണവും

വിവിധ സന്ദേശങ്ങള്‍ ഈശോ നമുക്കു നല്‍കുന്ന മനോഹരമായ ദിനമാണ് ഓശാന. ഓശാനയുടെ ഒന്നാം സന്ദേശം, യേശു പറയുന്നതനുസരിച്ച് നമ്മള്‍ പ്രവര്‍ത്തിക്കുക എന്നതാണ്. കഴുതയെയും കുട്ടിയെയും കൊണ്ടുവരിക എന്ന യേശുവിന്റെ നിര്‍ദ്ദേശം ശിഷ്യന്മാര്‍ പാലിക്കുന്നുണ്ട്. രണ്ടാമത്തെ സന്ദേശം, നമുക്കുള്ളതെല്ലാം അവന്റെ മുമ്പില്‍ സമര്‍പ്പിക്കണമെന്നതാണ്. കഴുതയെയും കുട്ടിയെയും വിട്ടുകൊടുക്കുന്നു, വസ്ത്രങ്ങള്‍ വഴിയില്‍ വിരിക്കുന്നു, ജനം തങ്ങള്‍ക്കുള്ളതെല്ലാം അവന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.

ഓശാനയുടെ മൂന്നാമത്തെ സന്ദേശം അംഗീകാരങ്ങളെ എളിമയോടെ സ്വീകരിക്കുക എന്നതാണ്. ജനം ഓശാന വിളിക്കുമ്പോള്‍ ആത്മീയമായ എളിമയോടെ ഈശോ അംഗീകരിക്കുകയാണ്. ഓശാന സമ്മാനിക്കുന്ന നാലാം സന്ദേശം ദൈവതിരുമുമ്പില്‍ നമ്മള്‍ ആരാണെന്ന ഉത്തമ ബോധ്യത്തില്‍ ഉറയ്ക്കുക എന്നതാണ്. ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹീതന്‍’ എന്നാണ് യേശുവിനെക്കുറിച്ചു പറയുന്നത്. ഓശാനയുടെ അവസാനത്തെ സന്ദേശം, ആഹ്ളാദവും സഹനവും ഒരുമിച്ചു നിലനില്‍ക്കുന്നു എന്നതാണ്. ഓശാന വിളികള്‍ക്കൊടുവില്‍, തന്നെ കാത്തിരിക്കുന്ന കുരിശുമരണത്തെക്കുറിച്ച് ഈശോയ്ക്ക് അറിയാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.