കത്തോലിക്കാ വിശ്വാസികൾ ജാഗ്രത പുലർത്തുക

ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല.’ സത്യാത്മാവും ജീവദാതാവുമായ പരിശുദ്ധാത്മാവ്, ദൈവസ്‌നേഹം വ്യക്തിത്വം ധരിച്ചതാണ്. അവിടുന്ന്  ജീവദാതാവായ സ്‌നേഹമാണ്. പരിശുദ്ധ റൂഹാ സ്നേഹമായതിനാല്‍ സ്‌നേഹത്തിന്റെ പ്രവൃത്തികളാണ് അവിടുന്ന് നമ്മോട് ചെയ്യാൻ ആവശ്യപ്പെടുന്നത്. വിശ്വാസികളും വൈദികരും ദൈവത്തിന്റെ ആലയങ്ങളാണെങ്കിൽ സ്നേഹത്തിലും ക്ഷമയിലും വർത്തിക്കും. നമുക്ക് വേണ്ടത് ക്രൈസ്തവപുണ്യങ്ങളാണ്; ഭിന്നിപ്പിന്റെ ദുരാത്മാക്കളല്ല.

സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികളുടെ പിന്നില്‍ തിന്മയുടെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്നുള്ളത് സത്യമാണ്. വ്യക്തികളും സഭാസംവിധാനങ്ങളും സ്ഥാപനങ്ങളും തിന്മക്ക് അടിമപ്പെടാതിരിക്കാന്‍ നമുക്ക് തീവ്രമായി പ്രാര്‍ത്ഥിക്കയും ഉപവാസത്താല്‍ നമ്മെത്തന്നെ വിശുദ്ധീകരിക്കുകയും ചെയ്യാം. ഇന്ന് വിവിധ തലങ്ങളില്‍ സഭക്കെതിരെ ആഞ്ഞടിക്കുന്ന പ്രതികൂലശക്തികളില്‍ നിന്ന് സഭയെ സംരക്ഷിക്കാനും തിന്മയെ ബഹിഷ്‌കരിക്കാനും സഭയെ ശക്തിപ്പെടുത്താനും നമ്മള്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയുംപ്രാര്‍ത്ഥിച്ച് ശക്തരാകുകയും വേണം. പുറത്തുനിന്നെന്നതിനേക്കാള്‍ സഭക്കുള്ളില്‍ നിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സഭക്ക് ഭീഷണിയാകുന്നത്. സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുക എന്നതാണ് തല്പരകക്ഷികളുടെ ലക്ഷ്യം. സഭയിൽ കലാപമുണ്ടാക്കി സഭയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

സഭാമക്കളായ നമ്മള്‍ ജാഗ്രതയോടെ തിരിച്ചറിയേïണ്ട മറ്റൊരു സത്യം ചില മേഖലകളിലെ പ്രകടമായ സഭാവിരുദ്ധ, പ്രത്യേകിച്ച് കത്തോലിക്കാ സഭാവിരുദ്ധ മനോഭാവമാണ്. കത്തോലിക്കാ സഭയെയോ, സഭാശുശ്രൂഷകരെയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാര്‍ത്തിരിക്കയാണെന്നു തോന്നിപ്പോകുന്നു. അതിനായി ചില ക്രൈസ്തവനാമധാരികളെത്തന്നെ കൂട്ടു പിടിക്കയും ഉപകരണങ്ങളാക്കുകയും ചെയ്യുന്നതായി കാണുന്നു. അവര്‍ സഭാംഗങ്ങളായി കരുതപ്പെടുന്നെങ്കിലും പലരും സഭയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നവരും സഭയുടെ ആത്മീയവും അച്ചടക്കപരവുമായ ജീവിതത്തോടും സംവിധാനങ്ങളോടും സഭാധികാരികളോടും മറുതലിച്ചു നില്‍ക്കുന്നവരുമാണ്.

ചുരുക്കത്തില്‍, സഭയോട് വിശ്വസ്തത പുലര്‍ത്താത്ത സഭാംഗങ്ങളെ കൂട്ടു പിടിച്ച് സഭയെ വിമര്‍ശിക്കുകയും സഭാധികാരികളുടെയും വിശ്വാസികളുടെയും ആത്മവീര്യം കെടുത്തുകയും തമ്മില്‍ ഭിന്നത വളര്‍ത്തി സഭയെ തളര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണിത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാത്ത സാധാരണ വിശ്വാസികളെ തെറ്റിധരിപ്പിച്ച് നിസ്സംഗതയിലേക്കും സഭാവിരുദ്ധ മനോഭാവത്തിലേക്കും ആനയിക്കാനുള്ള പൈശാചിക കെണിയാണിത്. ഇതിൽ ചില വൈദികരും ഉൾപ്പെടുന്നു എന്നത് നമ്മുടെ തലമുറക്ക് നൽകുന്ന നിർഭാഗ്യകരമായ സന്ദേശമാണ്. ഈ കെണികളില്‍ വീഴാതിരിക്കാന്‍ സഭാമക്കള്‍ ശ്രദ്ധിക്കണം. ഈശോയുടെ നാമത്തെപ്രതി ക്ലേശങ്ങള്‍ സഹിക്കുന്നതില്‍ സന്തോഷം കണ്ടെത്താന്‍ തക്കവിധം റൂഹാ ശ്ലീഹന്മാരില്‍ ആന്തരികപരിവര്‍ത്തനം നടത്തി. അതേ പരിശുദ്ധ റൂഹാ നമ്മുടെ സഭയിൽ, വിശ്വാസികളിൽ, വൈദികരിൽ പ്രവർത്തിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹാക്കുള്ളവനല്ല (റോമാ 8:9) എന്നറിയാമല്ലോ. ഭിന്നിപ്പിന്റെയും സഭാവിരുദ്ധതയുടെയും ആത്മാക്കളുള്ളവർ മിശിഹാക്കുള്ളവനല്ല. നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രത്യേക അടയാളം എന്താണെന്നു ചോദിച്ചാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ധാരാളം അത്മായർ നമ്മുടെ സഭയിലുണ്ട് എന്നതാണ്. ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവര്‍, ആത്മാവ് നിറഞ്ഞവര്‍. അതുവഴിയായിട്ട് സുവിശേഷം എല്ലായിടത്തും എത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ധാരാളം വ്യക്തികളെ നമ്മള്‍ കാണുന്നുവെന്നുള്ളതാണ്. അത് വലിയൊരു മാറ്റമാണ്. അതിന്റെ ഫലമായി സഭയില്‍ വലിയ രൂപാന്തരീകരണം നടക്കുന്നുണ്ട്. പലപ്പോഴും ഇതു നമ്മള്‍ കാണാതെ പോകുകയാണ്. നാം വിശ്വാസികൾ സഭയുടെ യോജിപ്പിനു വേണ്ടി പ്രാർത്ഥിക്കണം.

ബൈബിളിലെ പ്രവാചകരെല്ലാം സത്യവും നീതിയും സ്‌നേഹവുമില്ലാത്ത അനുഷ്ഠാനമായി ആരാധന അധഃപതിക്കുന്നതിനെതിരെ താക്കീതു നല്കുന്നുണ്ട്. പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അള്‍ത്താരാഭിമുഖ കുര്‍ബാനയെയാണ് അനുകൂലിക്കുന്നത്. നാം പൗര്യസ്തരാണ്. വിശുദ്ധ കുര്‍ബാനയുടെ ബലിപരമായ വശത്തിനും യുഗാന്ത്യോന്മുഖമായ കാഴ്ചപ്പാടിനും പ്രാധാന്യം കൊടുക്കുന്ന ക്രമമാണിത്. നാം വിശ്വാസികൾ ഇത് ആഴത്തിൽ മനസിലാക്കണം.

മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അത്മായരും ഉള്‍പ്പെടുന്ന പതിനായിരക്കണക്കിന് സഭാമക്കള്‍ക്ക് ജീവന്‍ ഹോമിക്കേണ്ടി വന്ന അതിക്രൂരമായ മതപീഡനങ്ങളെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. തിരസ്‌കരണങ്ങളെയും ദുരാരോപണങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും കുപ്രചരണങ്ങളെയും സഭക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നരഭോജികളായും രാജ്യദ്രോഹികളായും മുദ്ര കുത്തപ്പെട്ട് സഭാമക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വഞ്ചനകള്‍ക്കും ഒറ്റിക്കൊടുക്കലുകള്‍ക്കും നാടുകടത്തലുകള്‍ക്കും വിശ്വാസികള്‍ ഇരയായിട്ടുണ്ട്. വിശ്വാസത്തെപ്രതി ജീവനര്‍പ്പിക്കേണ്ടി വന്ന രക്തസാക്ഷികള്‍ സഭയുടെ മഹത്വവും ശക്തിയുമാണ്. അവര്‍ സ്വര്‍ഗ്ഗത്തില്‍ മുടിചൂടി നില്‍ക്കുന്ന സഭയുടെ കിരീടത്തിലെ മുത്തുകളാണ് എന്നോർക്കണം.

വിശ്വാസം സംരക്ഷിക്കാനും സത്യദൈവത്തെ ആരാധിക്കാനും സെമിത്തേരികളിലും ഭൂഗര്‍ഭാലയങ്ങളിലും മറ്റ് ഒളിസങ്കേതങ്ങളിലും തലമുറകള്‍ കഴിയേണ്ടിവന്ന പീഡിതസഭയുടെ വീരോചിതസഹനങ്ങളും സഭാചരിത്രത്തിന്റെ ഭാഗമാണ്. ചവിട്ടിത്താഴ്ത്തപ്പെടുന്ന അവസ്ഥയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കരുത്ത് സഭക്കുണ്ടെന്ന് കഴിഞ്ഞകാല ചരിത്രം തെളിയിക്കുന്നു.

സഭയില്‍ത്തന്നെ ഉണ്ടായിട്ടുള്ള ഭിന്നിപ്പുകളും അബദ്ധ പ്രബോധനങ്ങളും വിശ്വാസത്യാഗങ്ങളും സഭക്ക് ആഘാതമേല്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബത്തില്‍ തന്നെ ഭിന്നതകളും ശത്രുതയും ഉടലെടുക്കുമെന്നും മാതാപിതാക്കളും മക്കളും തമ്മില്‍ പോലും പോരുണ്ടാകുമെന്നും ഈശോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതു തന്നെയാണ് ഇന്നും നടക്കുന്നത്. നമ്മെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം. സഭക്കുള്ളിൽ നിന്നും പുറത്തു നിന്നും നാം വെല്ലുവിളികൾ നേരിടുന്നു.

സത്യത്തിന്റെ ആത്മാവിൽ നിന്ന് വളരെ ഉന്നതവും ഉത്കൃഷ്ടവുമായ നന്മകള്‍ നമുക്ക് ലഭിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവികരഹസ്യങ്ങള്‍ പരിശുദ്ധ റൂഹായാണ് നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. അദൃശ്യനാണെങ്കിലും സഭാമധ്യേ എപ്പോഴും സന്നിഹിതനായിരിക്കുന്ന പരിശുദ്ധ റൂഹായാണ് വിശ്വാസികളുടെ പരമോന്നത വഴികാട്ടി. തെറ്റിന്റെയും വിഭജനത്തിന്റെയും തിന്മയുടെയും ദുഷ്ടതയെ തടയുന്നത് പരിശുദ്ധ റൂഹായാണ്. നമുക്ക് കത്തോലിക്കാ സഭക്കു വേണ്ടി  വേണ്ടി പ്രാർത്ഥിക്കാം. വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാം. വിഘടിച്ചു നിൽക്കുന്ന വൈദികർക്ക് പരിശുദ്ധ റൂഹായുടെ നിറവുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം.

പ്രിയ വിശ്വാസികളേ, നാം  തളരരുത്. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക. മിശിഹായില്‍ പ്രത്യാശയുള്ളവരാകുക. നമ്മുടെ കർത്താവ് വേണ്ട സമയത്ത് നമ്മുടെ പ്രാർത്ഥന കേൾക്കും. സഭയോടും സഭാപിതാക്കന്മാരോടും സഭാശുശ്രൂഷകരോടും ചേർന്നുനിന്ന് പ്രവർത്തിക്കാം. തന്റെ ദൈവത്വവും ശക്തിയും തെളിയിച്ചുകൊണ്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ മിശിഹാ നമ്മോടൊപ്പമുണ്ട്. ‘ഞാന്‍ ലോകവസാനം വരെ എല്ലാ നാളുകളിലും നിങ്ങളോടു കൂടി ഉണ്ടായിരിക്കും’ എന്ന ഈശോയുടെ വാക്കുകള്‍ നമുക്ക് പ്രത്യാശയും ആത്മബലവുമാണ്.

ടോണി ചിറ്റിലപ്പിള്ളി

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.