ബേത്ലഹേമും തിരുപ്പിറവി ദേവാലയവും

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവാകുന്ന ജീവന്റെ വചനത്തെ ആഴത്തിൽ മനനം ചെയ്തു മനസ്സിലാക്കുമ്പോഴാണ് ദൈവസ്നേഹം നാം കൂടുതൽ അനുഭവിച്ചറിയുന്നത്. സ്വർഗ്ഗം ഭൂമിയെ ക്രിസ്തുവിലൂടെ ആദ്യാലിംഗനം ചെയ്ത മണ്ണിലെ പുണ്യസങ്കേതമെന്ന നിലയിൽ ബേത്ലഹേം പട്ടണത്തിന് ക്രിസ്തീയ വിശ്വാസചരിത്രത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. ഭൂമിയിലെ ഒരു ചെറിയ പ്രദേശമെന്നതിലുപരി മണ്ണും വിണ്ണും തീരവും തിരയും പോലെ പരസ്പരം കയറിയിറങ്ങിക്കിടക്കുന്ന ബേത്ലഹേം പട്ടണം ദൈവപുത്രന്റെ മനുഷ്യാവതാരം, എത്ര മഹത്തരമെന്ന് നമ്മോട് വിളിച്ചോതുന്നു.

നമ്മുടെ രക്ഷകന്റെ തിരുപ്പിറവിയും അനുബന്ധ സംഭവങ്ങളും ഏതെങ്കിലും കലാകാരന്റെ മനോമുകുരത്തിൽ ഉടലെടുത്ത കഥയോ, ക്രിസ്തീയ സംസ്കാരിക വികാസത്തിൽ രൂപം കൊണ്ട ഇതിഹാസ ഇതിവൃത്തങ്ങളോ അല്ല. ദൈവഭാവനയിൽ രൂപം കൊണ്ട് കാലത്തികവിൽ പൂർത്തീകരിക്കപ്പെട്ട ചരിത്രയാഥാർത്ഥ്യമാണ് എന്നതിനു തെളിവായി ബേത്ലഹേം ഇന്നും നിലനിൽക്കുന്നു. ക്രിസ്തുവിന്റെ ജനനത്തെ കൂടുതൽ ആഴത്തിൽ അറിയുന്നതിനും ഈ ക്രിസ്തുമസ് കാലയളവിൽ നമ്മുടെ ഹൃദയങ്ങളെ മറ്റൊരു ബേത്ലഹേമായി രൂപാന്തരപ്പെടുത്തുന്നതിനും ഈ സ്ഥലത്തിന്റെ പ്രത്യേകതയും അവിടെ നിലനിൽക്കുന്ന ദേവാലയത്തെക്കുറിച്ചുള്ള ചരിത്രപഠനവും നമ്മെ കൂടുതൽ സഹായിക്കും.

ഇന്നത്തെ വിശുദ്ധ നാട്ടിൽ, യഹൂദ ജനത തങ്ങളുടെ രാജ്യതലസ്ഥാനമായി കരുതുന്ന ചരിത്രനഗരമായ ജറുസലേമിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിലുള്ള പാലസ്തീൻ അധികാര പരിധിയിൽ വരുന്ന, ഇരുപത്തി അയ്യായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന ഒരു ചെറുപട്ടണമാണ് ബേത്ലഹേം. മൂവായിരത്തി അഞ്ഞൂറു വർഷത്തിലധികമായി ഈ സ്ഥലത്തിന്റെ നാമം മാറ്റമില്ലാതെ നിൽക്കുന്നുവെങ്കിലും അത് ഉപയോഗിക്കുന്ന ഭാഷയ്ക്കനുസരിച്ച് ചില അർത്ഥവ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ദാവീദിന്റെ ജന്മദേശവും രാജാവായി അഭിഷേകം ചെയ്യപ്പെട്ട സ്ഥലവും എന്നതിനേക്കാൾ ഇന്ന് ഈ കൊച്ചുപട്ടണത്തിന് അസാധാരണ പ്രാധാന്യം കൈവന്നിരിക്കുന്നത് യേശുവിന്റെ ജന്മസ്ഥലമെന്ന നിലയിലാണ്. ഇവിടുത്തെ പ്രാചീന നിവാസികളായിരുന്ന കനാൻകാരുടെ ഫലസമൃദ്ധിയുടെ ദേവനായ ലുഹ്മുവിന്റെ പേരിൽ നിന്നാണ് “ബേത്ലഹേം” എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. അറബി ഭാഷയിൽ “ബൈത് ലാം” എന്നാൽ “മാംസത്തിന്റെ ഭവനം” എന്നും ഹീബ്രു ഭാഷയിൽ “ബേത് ലഹേം” എന്നാൽ “അപ്പത്തിന്റെ ഭവനം” എന്നുമാണ് അർത്ഥം (അറമായ സുറിയാനി ഭാഷകളിലും ഈ വാക്കിന് ഇതേ അർത്ഥം തന്നെയാണ്). ക്രിസ്തീയ വിശ്വാസത്തിൽ “ജീവന്റെ അപ്പമായ” യേശുവിന്റെ ജീവിതവുമായി ബേത്ലഹേമിനെ ചേർത്തുവയ്ക്കുമ്പോൾ “അപ്പത്തിന്റെ ഭവനം” എന്ന ആശയത്തിന് അല്പം കൂടി ആഴമുണ്ടാവുന്നു.

യഹൂദിയാ മലനിരയിൽ, സമുദ്രനിരപ്പിൽ നിന്നും 775 മീറ്റർ ഉയരത്തിലാണ് ബേത്ലഹേം സ്ഥിതിചെയ്യുന്നത്. ഇത് പുണ്യനഗരമായ ജറുസലേമിനേക്കാൾ മുപ്പത് മീറ്റർ ഉയരത്തിലാണ്. ജൂത വംശത്തിലെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പിതാവായ യാക്കോബിൽ നിന്നുമാണ് ഈ ഭൂപ്രദേശത്തിന് ഇസ്രയേൽ എന്ന നാമം ലഭിക്കുന്നത്. റോമാക്കാർ ഈ സ്ഥലത്തിന് നൽകിയിരുന്ന പേര് പലസ്തീനാ എന്നായിരുന്നു. യഹൂദന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ പ്രദേശങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് വിശുദ്ധ നാട് എന്ന വിശേഷണവും ഈ ഭൂപ്രദേശത്തിന് നൽകപ്പെട്ടിരിക്കുന്നു.

വിശുദ്ധ ഗ്രന്ഥത്തിൽ ബേത്ലഹേം എന്ന നാമം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഗോത്രപിതാവായ യാക്കോബിന്റെ ഭാര്യ റാഹേലിനെ അടക്കിയ സ്ഥലമെന്ന നിലയിലാണ്. യാക്കോബ് ഇപ്രകാരം പറയുന്നു: “റാഹേൽ മരിച്ചു. ബേത്ലഹേം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയിൽ അവളെ അടക്കി” (ഉല്പത്തി 35:19; 48:7). പിന്നീട് ഈ സ്ഥലത്തെക്കുറിച്ചുള്ള സൂചന കാണുന്നത് കാലെബിന്റെ കൊച്ചുമക്കളിൽ ഒരാളായ സൽ‍മയെക്കുറിച്ചു പറയുന്നിടത്താണ്. അദ്ദേഹത്തെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിച്ചിരിക്കുന്നത് “ബേത്ലെഹേമിന്റെ പിതാവ്” എന്നാണ് (1 ദിന. 2:51).

ഇസ്രയേലിന്റെ പ്രവാസകാലശേഷം ജീവിച്ചിരുന്ന മിക്കാ പ്രവാചകൻ ബേത്ലഹേമിൽ നിന്നും ദാവീദിന്റെ വംശത്തിൽപെട്ട ഒരു പ്രവാചകനെ അയയ്ക്കുമെന്നും പറയുന്നു: “ബേത്ലഹേം – എഫ്രാത്ത, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്ന് പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കു മുൻപേ, ഉള്ളവനാണ്” (മിക്കാ 5:2). ദാവീദിന്റെ വംശം ആരംഭിച്ച പട്ടണത്തിൽ നിന്നും ഇസ്രയേലിന്റെ വിമോചകനായി പുതിയ രാജാവ് വരും എന്നാണ് ഈ പ്രവചനത്തിന്റെ അർത്ഥം. സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുമാണ് ദാവീദിന്റെ ജന്മദേശത്തെക്കുറിച്ചുള്ള അറിവ് നമുക്ക് ലഭിക്കുന്നത്. “യൂദയായിലെ ബേത്ലഹേമിൽ നിന്നുള്ള എഫ്രാത്യനായ ജസ്സെയുടെ മകനായിരുന്നു ദാവീദ്” (1 സാമു. 17:12). സാമുവേൽ പ്രവാചകനെ ദൈവം ബേത്ലഹേമിലെ ജെസ്സെയുടെ ഭവനത്തിലേക്ക് അയക്കുന്നു: “ഞാൻ നിന്നെ ബേത്ലഹേംകാരനായ ജെസ്സെയുടെ അടുത്തേക്ക് അയക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു” (1 സാമു. 1:1). ദൈവകല്പനയനുസരിച്ച് ബേത്ലഹേമിലെ ജെസ്സെയുടെ ഭവനത്തിൽ തന്റെ സഹോദരന്മാരുടെ മുൻപിൽ വച്ച് ദാവീദിനെ പ്രവാചകൻ സാമുവേൽ ഇസ്രയേലിന്റെ രാജാവായി വാഴിക്കുന്നു.

പഴയനിയമ പ്രവചനങ്ങളുടെ തുടർച്ചയാണ് ലൂക്കായുടെയും മത്തായിയുടെയും സുവിശേഷങ്ങളിൽ കാണുന്ന ബേത്ലഹേം പരാമർശങ്ങളും. ലൂക്കാ സുവിശേഷകൻ യേശുവിന്റെ ജനനത്തെക്കുറിച്ചു വിവരിക്കുമ്പോൾ “യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത്ലഹേമിലേക്ക്” ജോസഫും മറിയവും പോകുന്നതിനെക്കുറിച്ച് (ലൂക്കാ 2:5) പ്രതിപാദിക്കുന്നു. പിന്നീട് ദൈവദൂതന്മാർ ഇടയന്മാർക്കു നൽകിയ സന്തോഷത്തിന്റെ സദ്‌വാർത്തയിലും രക്ഷകനെ തിരിച്ചറിയാനുള്ള ഒരു വഴിയായി ദാവീദിന്റെ പട്ടണത്തിലുള്ള ജനനത്തെ സൂചിപ്പിക്കുന്നു. “ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11). മത്തായിയുടെ സുവിശേഷത്തിൽ ജ്ഞാനികളുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ബേത്ലഹേമിനെക്കുറിച്ചു പറയുന്നത്: “ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത്ലഹേമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യ ദേശത്തു നിന്നു  ജ്ഞാനികൾ ബേത്ലഹേമിലെത്തി” (മത്തായി 2:1).

അങ്ങനെ ക്രിസ്തു ജനിച്ച ബേത്ലഹേമും അവിടെ ഉണ്ടായിരുന്ന ഗുഹയും പുൽക്കൂടിൽ ഉൾക്കൊള്ളുന്ന പ്രദേശങ്ങളുമെല്ലാം ആദിമക്രൈസ്തവർക്ക് പരിചിതവും അവരുടെ പുണ്യസ്ഥലങ്ങളിൽ ഉൾപ്പെട്ടതുമായിരുന്നു. എന്നാൽ റോമാക്കാർ എ.ഡി. 70 -ൽ ജറുസലേം നശിപ്പിക്കുന്നതോടു കൂടി യഹൂദരും അവരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ച് ക്രൈസ്തവരായവരും വിശുദ്ധ നാട്ടിൽ നിന്നും ചിതറിക്കപ്പെടുന്ന അവസ്ഥയിലേക്കു വന്നു. പിന്നീട് റോമൻ ചക്രവർത്തിയായ ഹെഡ്രിയാൻ ഈ നഗരം എ.ഡി. 135 -ൽ നശിപ്പിച്ചു ബേത്ലഹേമിലെ യേശുവിന്റെ ജന്മസ്ഥലത്ത് റോമൻ ദൈവത്തിന് ദേവാലയം നിർമ്മിക്കുന്നു (ഇത് ക്രിസ്തു കുരിശിൽ മരിച്ചു അടക്കപ്പെട്ട സ്ഥലത്തും റോമൻ ചക്രവർത്തിമാർ ചെയ്യുന്നു). അതിനാൽ തന്നെ ഈ പുണ്യസങ്കേതങ്ങൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെടുകയും ചെയ്തു.

യേശുവിന്റെ ജനനസ്ഥലം ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭകാലം മുതൽ തന്നെ തീർത്ഥാടന കേന്ദ്രമായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള ചരിത്രപരമായ ആദ്യത്തെ രേഖ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച പാലസ്തീനായിലെ ഷെക്കെമിൽ നിന്നുള്ള  സഭാപിതാവായ രക്തസാക്ഷിയായ വി. ജസ്റ്റിൻ (100-165) നൽകുന്നതാണ്. യേശു ലോകരക്ഷകനായ മിശിഹായാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി വി. ജസ്റ്റിൻ നിരത്തുന്ന നിരവധി വാദഗതികളുടെ ഭാഗമായി യേശുവിന്റെ ജനനം ഒരു ചരിത്രസത്യമാണെന്ന യാഥാര്‍ത്ഥ്യം കൂടി ചേർത്തുവയ്ക്കുന്നു. സാമുവേൽ പ്രവാചകൻ ദാവീദിനെ രാജാവായി വാഴിച്ച ബേത്ലഹേമിൽ തന്നെയാണ് യേശു ജനിച്ചതെന്നും ഇക്കാര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും സംശയം തോന്നുന്നുവെങ്കിൽ അവിടെ ചെന്ന് ആ ഗുഹ നേരിൽ കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും വി. ജസ്റ്റിൻ പറയുന്നു. അതിന്റെ അർത്ഥം യേശുവിന്റെ ജനനത്തിന് നൂറ്റിയമ്പത് വർഷത്തോളം കഴിഞ്ഞതിനു ശേഷവും അവിടെ ജീവിച്ചിരുന്നവർ ഇതൊരു പൂജനീയ സ്ഥലമായി കരുതുകയും അവിടേക്ക് തീർത്ഥാടനം നടത്തുകയും ചെയ്തിരുന്നുവെന്നുമാണ്. ബൈബിളിന് പുറത്തു നാം കണ്ടെത്തുന്ന, യേശുവിന്റെ ജനനസ്ഥലത്തെക്കുറിച്ചുള്ള ആദ്യത്തെ ചരിത്രരേഖയാണിത്.

ആദ്യകാല സഭാപിതാക്കന്മാരുടെ ദൈവശാസ്ത്ര രചനകളിൽ പലതും ബേത്ലഹേമിൽ യേശു ജനിച്ച സ്ഥലം സന്ദർശിച്ചതിനു ശേഷം അവിടെ നിന്നും ലഭിച്ച പ്രായോഗിക അറിവിന്റെ വെളിച്ചത്തിൽ എഴുതപ്പെട്ടതാണെന്ന് നമ്മോടു പറയുന്നു. യേശു ജനിച്ച ഗുഹയെയും പുൽക്കുടിലിനെയും പരിശുദ്ധ കന്യകയുടെ ഉദരത്തോട് താരതമ്യം ചെയ്തുകൊണ്ടാണ് അവർ എഴുതുന്നത്. ദൈവപുത്രൻ വന്നു പിറന്ന മനുഷ്യകുലത്തിന്റെ അവസ്ഥ ഈ ഗുഹയിൽ നിന്നും മനസിലാക്കാം. ഈ ഇടുങ്ങിയ, അന്ധകാരാവസ്ഥയിലായിരുന്ന പ്രദേശം ദൈവപുത്രന്റെ അവതാരത്താൽ പ്രകാശപൂരിത അവസ്ഥയിലേക്ക് പരിണമിക്കുന്നു.

സഭാപിതാവായ ഒരിജന്റെ (184-253) കാലമായപ്പോഴേക്കും വിശുദ്ധ നാട്ടിൽ ധാരാളം ക്രിസ്തീയവിശ്വാസികൾ യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ നേരിൽ സന്ദർശിച്ച് അനുഗ്രഹം പ്രാപിക്കാനായി എത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ കൃതികൾ സാക്ഷിക്കുന്നു. ക്രിസ്തീയ വിശ്വാസത്തെ വ്യാഖ്യാനിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം എഴുതിയ കൃതികളിൽ പഴയനിയമ പ്രവചന പൂർത്തീകരണമായി മിശിഹാ ബേത്ലഹേമിൽ അവതരിച്ചു എന്നു പറയുന്നു. അദ്ദേഹം തന്റെ ഒരു കൃതിയിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: “യേശു ബേത്ലഹേമിലാണ് ജനിച്ചതെന്ന് മിഖാ പ്രവാചകന്റെ പുസ്തകത്തിൽ ഉള്ളതിനേക്കാൾ, ക്രിസ്തുശിഷ്യന്മാരുടെ സാക്ഷ്യത്തേക്കാൾ കൂടിയ തെളിവുകൾ ആവശ്യമെങ്കിൽ, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നതിന് അനുസൃതമായി ബേത്ലഹേമിൽ ചെന്ന് കർത്താവ് ജനിച്ച ഗുഹയും അവനെ പിള്ളക്കച്ചയിൽ പൊതിഞ്ഞു കിടത്തിയ പുൽക്കൂടിലും കണ്ട് ബോധ്യപ്പെടാവുന്നതാണ്. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്, നാം ആരാധിക്കുന്ന യേശു ബേത്ലഹേമിൽ ജനിച്ചിരിക്കുന്നു എന്ന് അവിടെയുള്ള ക്രിസ്തീയ വിശ്വാസികൾ അല്ലാത്തവർക്കു പോലും അറിവുള്ള കാര്യമാണെന്നതാണ്.”

പണ്ഡിതനായ ഒരിജിന്റെ ഈ വിവരണം നമ്മോട് പറയുന്നത്, യേശുക്രിസ്തു ജനിച്ച കൃത്യമായ സ്ഥലത്തെക്കുറിച്ച് ആ പ്രദേശത്തുള്ളവർക്ക് ആദിമകാലം മുതൽ തന്നെ നല്ല അറിവുണ്ടായിരുന്നു എന്നതാണ്. ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന വി. ജെറോം (342-420), തന്റെ ബൈബിൾ പരിഭാഷയ്ക്കായി വിശുദ്ധ നാട്ടിൽ  സമയം ചിലവഴിച്ചപ്പോൾ മുപ്പതു വർഷത്തിലധികം താമസിച്ചത് യേശുവിന്റെ ജന്മസ്ഥലത്തോട് ചേർന്നുള്ള ഒരു ഗുഹയിലാണ്. തന്റെ എഴുപത്തിയെട്ടാമത്തെ വയസ്സിൽ അവിടെ മരിച്ച വി. ജെറോമിനെ യേശുവിന്റെ തിരുപ്പിറവി ദേവാലയത്തോട് അനുബന്ധിച്ചുള്ള വി. കത്രീനായുടെ ദേവാലയത്തിലായിരുന്നു അടക്കിയിരുന്നത് (പിന്നീട് റോമിലെ മരിയ മജോറെ ബസിലിക്കയിൽ അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തു). എന്നാൽ ജെറോമിന്റെ കാലമായപ്പോഴേക്കും ഹെലനി രാജ്ഞി നിർമ്മിച്ച തിരുപ്പിറവിയുടെ ദേവാലയം അവിടെ നിലവിൽ വന്നിരുന്നു.

മഹാനായ കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ അമ്മ വി. ഹെലനി രാജ്ഞി എ.ഡി. 326 -ൽ വിശുദ്ധ നാട് സന്ദർശിക്കുന്ന അവസരത്തിൽ യേശു ജനിച്ച സ്ഥലം കണ്ടെത്തുകയും അവിടെ ഒരു ദേവാലയം നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. യേശുവിന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട ദേവാലയത്തിന്റ നിർമ്മിതി എ.ഡി. 327 -ൽ ആരംഭിച്ചെങ്കിലും തിരുപ്പിറവി ദേവാലയത്തിന്റെ ഔദ്യോഗിക കൂദാശ നടക്കുന്നത് എ.ഡി. 339 മെയ് 31 -നാണ്. സഭാചരിത്രകാരനായ എവുസേബിയസ് ഉൾപ്പെടയുള്ള പിതാക്കന്മാർ ഹെലനി രാജ്ഞിയുടെ സന്ദർശന സമയത്ത് പ്രാദേശിക നിവാസികൾ യേശുവിന്റെ ജന്മസ്ഥലം കാണാനെത്തുന്ന വിശ്വാസികളോട്, “ഇവിടെയാണ് മറിയം യേശുവിനെ പ്രസവിച്ച് പിള്ളത്തൊട്ടിയിൽ കിടത്തിയത്” എന്ന് വിവരിച്ചുകൊണ്ട് ഈ സ്ഥലങ്ങൾ കാണിക്കുമായിരുന്നു എന്ന് എഴുതിയിരിക്കുന്നു. അതിന്റെ അർത്ഥം യേശുവിന്റെ ചരിത്രപരമായ ജനനത്തിനുള്ള ഒരു വലിയ തെളിവായി നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും ഈ ഗുഹ മാറിയിരുന്നു എന്നാണ്.

ഹെലനി രാജ്ഞി നിർമ്മിക്കാൻ ഉദ്ദേശിച്ച തിരുപ്പിറവി ദേവാലയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത് ജറുസലേമിലെ ബിഷപ്പായിരുന്ന വി. മക്കാറിയൂസിന്റെ നേതൃത്വത്തിലാണ്. ഈ ദേവാലയത്തിനുള്ളിലെ പ്രധാന ഭാഗമായി അന്നു തന്നെ ക്രിസ്തു ജനിച്ച സ്ഥലം പ്രത്യേകമായി വേർതിരിച്ച് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ദേവാലയമാണ് ക്രിസ്തീയ വിശ്വാസത്തിൽ തുടർച്ചയായി ആരാധന അർപ്പിച്ചിരിക്കുന്നതിൽ വച്ച് ഏറ്റം പഴക്കമേറിയ പുണ്യസങ്കേതമായി കരുതപ്പെടുന്ന സ്ഥലം. ഇതു തന്നെയാണ് വിശുദ്ധ നാട്ടിലത്തെ ആദ്യത്തെ ദേവാലയവും.

കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ കാലം മുതൽ വിശുദ്ധ നാട്ടിൽ ബൈസന്റീൻ സാമ്രാജ്യ ആധിപത്യം ആയിരുന്നു. ഇത് അതുവരെ അവിടെ പ്രബലവിഭാഗമായിരുന്ന സമരിയക്കാരെ പ്രകോപിപ്പിച്ചു. യഹൂദന്മാർ എ.ഡി. 70 -നു ശേഷം ചിതറിക്കപ്പെട്ടപ്പോൾ വിശുദ്ധ നാട്ടിലെ പല പ്രദേശങ്ങളും സമറിയക്കാർ കൈവശപ്പെടുത്തിയിരുന്നു. എ.ഡി. 529 -ൽ ഇവർ ബൈസന്റീൻ ഭരണത്തിനെതിരെ വിപ്ലവം അഴിച്ചുവിടുകയും അത് വലിയ നാശത്തിൽ അവസാനിക്കുകയും ചെയ്തു. ഈ വിപ്ലവ കാലയളവിൽ ഹെലനി രാജ്ഞി നിർമ്മിച്ച തിരുപ്പിറവി ദേവാലയം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. എന്നാൽ ‘ഹാഗിയ സോഫിയ’ എന്ന വിശ്വപ്രസിദ്ധ ദേവാലയം നിർമ്മിച്ച ജസ്റ്റീനിയൻ ചക്രവർത്തി എ.ഡി. 530 -ൽ തിരുപ്പിറവി ദേവാലയം പുനർനിർമ്മിക്കുകയും അതിന്റ വലിപ്പം വർദ്ധിപ്പിക്കുകയും ചെയ്തു. എ.ഡി. 614 -ലും അതിന് ശേഷവും നടന്ന പേർഷ്യൻ മുസ്ളീം ആക്രമണ സമയത്ത് മുസ്ലീങ്ങൾ തിരുപ്പിറവി ദേവാലയം നശിപ്പിക്കാതിരുന്നതിന്റെ കാരണമായി പറയപ്പെടുന്നത്, തങ്ങളുടെ നാട്ടുകാരായ വിജ്ഞാനികളുടെ ചിത്രങ്ങൾ ദേവാലയത്തിൽ കാണുകയും അതിൽ അവർ സന്തോഷിക്കുകയും അങ്ങനെ ദേവാലയം നശിപ്പിക്കാതിരിക്കുകയും ചെയ്തുവെന്നതാണ്.

കുരിശുയുദ്ധ കാലയളവിൽ ക്രിസ്തീയ രാജാക്കന്മാരുടെ കിരീടധാരണവും മറ്റു പ്രധാന പരിപാടികളും ഈ ബസിലിക്കയിൽ വച്ച് നടത്തിയിരുന്നു. കൂടാതെ ഈ കാലഘട്ടത്തിൽ ദേവാലയത്തിൽ ധാരാളം നവീകരണ പ്രവർത്തനങ്ങളും നടന്നു. പിന്നീടുണ്ടായ ഓട്ടോമാൻ ഭരണത്തിൻ കീഴിൽ ദേവാലയം അശുദ്ധമാക്കപ്പെടുകയും പരിചരണമില്ലാതെ നശിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഈജിപ്തിലെ സുൽത്താൻ ഈ ദേവാലയത്തിലെ വെണ്ണക്കൽ പാളികൾ കൊണ്ടുപോയി തന്റെ കൊട്ടാരം അലങ്കരിച്ചതായി പറയപ്പെടുന്നു. എ.ഡി. 1834 -ലും 1837 -ലും ഇവിടെയുണ്ടായ ഭൂമികുലുക്കത്തിന്റെ ഫലമായി ദേവാലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഇക്കാലയവിൽ അധികം ശ്രദ്ധയില്ലാതെ ദേവാലയത്തിലെ വിലപിടിപ്പുള്ള വസ്തുവകകൾ മോഷണം പോവുകയും ചിലതൊക്കെ മുസ്ലീങ്ങൾ ഹറാം ആഷ്-ഷെരീഫ് (ദേവാലയ മല) മോടിപിടിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു.

യേശുവിന്റെ ജന്മസ്ഥലത്തെ സൂചിപ്പിക്കാനായി അടയാളപ്പെടുത്തിയിരുന്ന വെള്ളിനക്ഷത്രം 1847 ഒക്ടോബറിൽ മോഷ്ടിക്കപ്പെട്ടു. 1852 -ലെ ക്രിസ്തുമസ് കാലയളവിൽ നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തി ഓട്ടോമൻ അധികാരികളെ വിശുദ്ധ നാട്ടിലെ ക്രിസ്തീയ വിശുദ്ധസ്ഥലങ്ങളുടെ ചുമതലക്കാർ ഫ്രാൻസ് ആണെന്ന് അംഗീകരിപ്പിച്ചു. ഈ സമയത്ത് തുർക്കിയിലെ സുൽത്താൻ നഷ്ടപ്പെട്ട വെള്ളിനക്ഷത്രത്തിനു പകരമായി പുതിയ ഒരെണ്ണം സംഭാവന നല്കി. എന്നാൽ അവർ അവിടെ ലത്തീനിൽ എഴുതിയ മുദ്രണത്തെ റഷ്യൻ ഭരണകൂടം എതിർക്കുകയും ഇത് സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വലിയ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു.

ഇന്ന് തിരുപ്പിറവി ദേവാലയത്തിന്റെ നടത്തിപ്പ് “വിശുദ്ധ സ്ഥലങ്ങളുടെ തൽസ്ഥിതി” (Status Quo of the Holy Places) എന്നറിയപ്പെടുന്ന ഒരു സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ജറുസലേമിലും ബേത്ലഹേമിലുമുള്ള ഒൻപത് വിശുദ്ധ സ്ഥലങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ളതാണ് ഈ നിയമം. റഷ്യൻ പട്ടാളം ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിന്റെ മേൽ നേടിയ വലിയ വിജയമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാക്കുന്നത്. 1878 ജൂലൈ പതിമൂന്നിന് ഓസ്ട്രിയ-ഹങ്കറി, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി തുർക്കിയുമായി ബെർളിൻ നഗരത്തിൽ വച്ച് ഉണ്ടാക്കിയ ഈ വ്യവസ്ഥിതി അറിയപ്പെടുന്നത് “ബെർളിൻ ഉടമ്പടി” എന്നാണ്.

“വിശുദ്ധ സ്ഥലങ്ങളുടെ തൽസ്ഥിതി” എന്ന വ്യവസ്ഥിതി അനുസരിച്ച് ഗ്രീക്ക് ഓർത്തോഡോക്സ് സഭ, കത്തോലിക്കാ സഭ, അർമേനിയൻ സഭ എന്നീ മൂന്നു വിഭാഗങ്ങൾ പലസ്തീനിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു ഉപദേശക സമിതിയുടെ നിർദ്ദേശമനുസരിച്ച് ഈ പുണ്യസ്ഥലം പരിപാലിക്കുന്നു. ഗ്രീക്ക് പാത്രിയർക്കീസിന്റെയും അർമേനിയൻ പാത്രിയർക്കീസിന്റെയും ഫ്രാൻസിസ്കൻ സഭയുടെയും വിശുദ്ധ നാട്ടിലെ സംവിധാനങ്ങളിൽ കൂടിയാണ് തിരുപ്പിറവി ദേവാലയം ഭരിക്കപ്പെടുന്നത്. കൂടാതെ കോപ്റ്റിക് ഓർത്തഡോക്സ് സഭക്കും സുറിയാനി ഓർത്തഡോക്ക്സ് സഭയ്ക്കും ചില സ്ഥലങ്ങളിൽ, ചില സമയങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ചിലപ്പോഴൊക്കെ തർക്കങ്ങൾ ഉണ്ടാവുകയും അത് വഴക്കിൽ കലാശിക്കുകയും ചെയ്യാറുണ്ട്.

തിരുപ്പിറവിയുടെ ബസിലിക്ക ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ കൈവശം വച്ചിരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് സഭയാണ്. കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ കാലം മുതലുള്ള മാർബിൾ ഈ ദേവാലയത്തിന്റെ തറയിൽ കാണാൻ സാധിക്കും. യേശു ജനിച്ചു എന്നു വിശ്വസിക്കുന്ന സ്ഥലത്ത് പതിനാല് മുനകളുള്ള വെള്ളി കൊണ്ടുള്ള നക്ഷത്രത്തിനാൽ അലംകൃതമായിരിക്കുന്നു. പ്രധാന അൾത്താരയുടെ അടിയിലായി പടികൾ ഇറങ്ങി ഗര്‍ഭഗൃഹം എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. ഗുഹ പോലെയുള്ള ഇവിടെ നിന്നും ചെറിയ തുരങ്കത്തിൽ കൂടി അടുത്തുള്ള വി. കാതറീന്റെ ദേവാലയത്തിൽ എത്തിച്ചേരാവുന്നതാണ്. എന്നാൽ ഈ സ്ഥലം എപ്പോഴും അടച്ചിട്ടിരിക്കുന്നതിനാൽ ഈ ഗുഹയിൽ കൂടിയുള്ള യാത്ര അസാധ്യമാണ്.

ഗ്രീക്ക് ഓർത്തോഡോക്സ് അധീനതയിലുള്ള ബേത്ലഹേമിലെ തിരുപ്പിറവി ബസിലിക്കായുടെ പ്രധാന കവാടത്തിലൂടെ ദേവാലയത്തിനുള്ളിലേക്ക് പ്രവേശിക്കുക ആർക്കും വെല്ലുവിളി സമ്മാനിക്കുന്ന സംഗതിയാണ്. ചതുരാകൃതിയിലുള്ള അഞ്ചടി പൊക്കമുള്ള ഈ കവാടം അറിയപ്പെടുന്നത് “എളിമയുടെ കവാടം” എന്നാണ്. അതിന്റെ അർത്ഥം ഈ ദേവാലയത്തിൽ പ്രവേശിക്കുന്നവർ, പ്രത്യേകിച്ചും ഉയരം കൂടിയവർ എളിമപ്പെട്ടു, തല വണങ്ങി, മുട്ട് മടക്കി മാത്രമേ അകത്തു കയറാൻ സാധിക്കൂ എന്നാണ്. ദൈവദർശനം വിനീതഹൃദയർക്കുള്ളതാണ് എന്നതാണ് ഇതിന്റെ ആത്മീയ അർത്ഥം. യേശുവിന്റെ ജനന സമയത്ത് അവിടുത്തെ ദർശിക്കാൻ സാധിച്ചവർ പുൽക്കുടിലിലെ എളിമയിൽ വരാനും ഒരു എളിയ ശിശുവിൽ ദൈവീക ഭാവം ദർശിക്കാൻ സാധിച്ചവരുമാണ്.

ബസിലിക്കയിലുള്ള ഏറ്റം പ്രധാന ഇടം യേശുക്രിസ്തു ജനിച്ച നക്ഷത്രാലംകൃതമായ സ്ഥലമാണ്. ഇവിടെ ലത്തീൻ ഭാഷയിൽ “കന്യകാമറിയത്തിൽ നിന്നും യേശുക്രിസ്തു ഇവിടെ ജനിച്ചു” എന്ന് മുദ്രണം ചെയ്തിട്ടുണ്ട് (Hic De Virgine Maria Jesus Christus Natus Est). ഇവിടുത്തെ മാർബിൾ തറയിലുള്ള നക്ഷത്രത്തിന്റെ ചുറ്റിലും പതിനഞ്ചു ദീപങ്ങൾ തൂക്കിയിട്ടിരിക്കുന്നു. അതിൽ ആറെണ്ണം ഗ്രീക്ക് ഓർത്തോഡോക്സ് സഭയുടേതും നാലെണ്ണം കത്തോലിക്കാ സഭയുടേതും അഞ്ചെണ്ണം അർമേനിയൻ അപ്പസ്തോലിക സഭയുടേതുമാണ്. ഈ ഭാഗത്തിന്റെ ചുമതല ഗ്രീക്ക് ഓർത്തോഡോക്സ് സഭക്കും അർമേനിയൻ സഭക്കുമാണ്. നക്ഷത്രത്തിന്റെ പതിനാല് മുനകൾ യേശുവിന്റെ മൂന്ന് ഗണനത്തിലുള്ള പതിനാലു തലമുറകളെ സൂചിപ്പിക്കുന്നു. എബ്രഹാം മുതൽ ദാവീദ് വരെയും ദാവീദ് മുതൽ ബാബിലോൺ പ്രവാസം വരെയും ബാബിലോൺ പ്രവാസം മുതൽ യേശുക്രിസ്തുവിന്റെ കാലം വരെയുമുള്ള പതിനാലു വീതമുള്ള മൂന്നു തലമുറകൾ. ഈ നക്ഷത്രത്തിന്റെ  മധ്യത്തിലുള്ള സുഷിരത്തിന്റെ അടിയിലുള്ള സ്ഥലം യേശു ജനിച്ചപ്പോൾ അവിടുത്തെ മറിയം കിടത്തിയിരുന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള പുൽക്കൂടിന്റെ ഗ്രോട്ടോയുടെ ചുമതല കത്തോലിക്കാർക്കാണ്. ഇതിന്റെ എതിർവശത്തായി വിദ്വാന്മാരുടെ നാമത്തിലുള്ള ഒരു ഗ്രോട്ടോയും കാണാം.

ബേത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തോടു ചേർന്ന് നിർമ്മിച്ചിരിക്കുന്ന അലക്‌സാൻഡ്രിയായിലെ വി. കത്രീനായുടെ നാമത്തിലുള്ള ദേവാലയം കത്തോലിക്കരുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് പരമ്പരാഗതമായി ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് ക്രിസ്തുമസ് പാതിരാ കുർബാന അർപ്പിക്കുന്നത്. എ.ഡി. 2009 -ൽ ബനഡിക്റ്റ് മാർപാപ്പയുടെ വിശുദ്ധ നാട് സന്ദർശനവേളയിൽ സമ്മാനിച്ച “ജസ്സെയുടെ വൃക്ഷം” ഈ ദേവാലയത്തിന്റെ ഭിത്തിയെ അലങ്കരിക്കുന്നു. ഏതാണ്ട് നാല് മീറ്റർ സമചതുരാകൃതിയിലുള്ള ഈ ലോഹനിർമ്മിത ചിത്രം പ്രശസ്ത പോളീഷ് ശിൽപി ചെസ്ളാവ് സ്വിവിഗാജ് രൂപപ്പെടുത്തിയതാണ്. ഇവിടെ അർപ്പിക്കുന്ന ലത്തീൻ പാത്രിയർക്കീസിന്റെ ക്രിസ്തുമസ് പാതിരാ കുർബാന ലോകം മുഴുവൻ പ്രക്ഷേപണം ചെയ്യുന്നതാണ്. കുർബാനക്കു മുൻപായി പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ ബേത്ലഹേമിലെ റാഹേലിന്റെ കബറിനടുത്തു നിന്നും ആരംഭിക്കുന്ന പ്രദക്ഷിണവും ക്രിസ്തുമസ് ശുശ്രൂഷയുടെ ഭാഗമാണ്. ദേവാലയത്തിലെത്തി യേശുവിന്റെ തിരുസ്വരൂപം പാത്രിയർക്കീസ് ഇവിടുത്തെ പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഇതിന് പതിമൂന്ന് ദിവസങ്ങൾക്കു ശേഷമാണ് ഓർത്തോഡോക്‌സ് ക്രിസ്തുമസ് ആഘോഷങ്ങൾ തിരുപ്പിറവി ദേവാലയത്തിൽ  നടക്കുന്നത്.

ബേത്ലഹേം എന്ന വാക്കു തന്നെ അനിതരസാധാരണമായ ആനന്ദം നമ്മിൽ ഉളവാക്കുന്നു. അതിന്റെ കാരണം മണ്ണും വിണ്ണും സന്ധിച്ച ഭൂമിയിലെ ഈ പുണ്യസങ്കേതത്തിൽ നിന്നുമാണ് നമ്മുടെ പുതുജീവിതകഥ ആരംഭിക്കുന്നത് എന്നതു തന്നെ. മാതാവിന്റെ കരങ്ങളിൽ മിഴിപൂട്ടിയുറങ്ങുന്ന മാനവരക്ഷകനായ യേശുവിന്റെ ശൈശവത്തിലെ രൂപവും ഇതിനൊക്കെ കാവലാളായി നിൽക്കുന്ന യൗസേപ്പിതാവിന്റെ സാന്നിധ്യവും ഇടയന്മാരും വിദ്വാന്മാരുമടങ്ങുന്ന ആദ്യ സന്ദർശകരുടെ ചിത്രവുമെല്ലാം ഈ ഒരു വാക്ക് നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നു. രണ്ടായിരം വർഷം മുൻപ് നടന്ന ക്രിസ്തുവിന്റെ ജനനത്തിന്റെ ആനന്ദം ഒരുനിമിഷം കൊണ്ട് നമ്മുടെ അരികിലെത്തിക്കാൻ ബേത്ലഹേമിനു കഴിയും. പിന്നീട് ബേത്ലഹേമിന്റെ ചരിത്രം നമ്മുടെയെല്ലാം ചരിത്രമായി രൂപാന്തരപ്പെടുന്നു. കാരണം ഇന്നത്തെ ലോകത്തിൽ യേശുവിന്റെ കഥ പറയുന്ന ഒരു ജീവിതമാണ് നമ്മുടേതും. നമ്മുടെ ഹൃദയം ബേത്ലഹേമായിക്കഴിഞ്ഞാൽ അനുദിന ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരിലും ഒരു കൊച്ചു ബേത്ലഹേം നിർമ്മിച്ചുകൊടുക്കേണ്ട ക്രിസ്തീയ ഉത്തരവാദിത്വവും നാം ഏറ്റെടുക്കുന്നു. അങ്ങനെ യേശുവിന്റെ ജീവിതകഥ ഞാനാകുന്ന ബേത്ലഹേമിലൂടെ ഇന്നും അണമുറിയാതെ പകർന്നു നല്കിക്കൊണ്ടേയിരിക്കുന്നു. ബേത്ലഹേം ഇന്ന് നാമോരോരുത്തരിലും സ്ഥലകാലാതീത യാഥാർത്ഥ്യമായി പുനരവതരിച്ചിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.