ഈശോ പറയുന്നു, ഈ രണ്ട് വാചകങ്ങളേക്കാള്‍ മികച്ച നൊവേനയില്ല, പ്രാര്‍ത്ഥനയുമില്ല

ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റാണ് പലപ്പോഴും പ്രാര്‍ത്ഥന എന്ന പേരില്‍ നാം ദൈവത്തിനു മുന്നില്‍ സമര്‍പ്പിക്കാറ്. എനിക്കത് വേണം, എനിക്കത് സാധിച്ചുതരണം തുടങ്ങി ഈ ലോകത്തിലേയ്ക്ക് വേണ്ട കുറെയധികം കാര്യങ്ങള്‍ നിരത്തിക്കഴിഞ്ഞാല്‍ നമ്മുടെ പ്രാര്‍ത്ഥന കഴിഞ്ഞു. മനുഷ്യന്‍ ബലഹീനനായതിനാല്‍ ഇത്തരത്തില്‍ സംഭവിക്കുക സ്വാഭാവികമാണ്. എന്നാല്‍, നമ്മുടെ കുറവിനെ തിരിച്ചറിഞ്ഞ്, പ്രാര്‍ത്ഥനയിലൂടെ ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതിനെ തിരിച്ചുകൊടുക്കാന്‍ നാം ശ്രമിക്കേണ്ടതാണ്.

അതിനായി ആദ്യം ചെയ്യേണ്ടത്, വചനം പറയുന്നതുപോലെ പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന് മഹത്വം കൊടുക്കുക. നാം ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന ദൈവം നമുക്ക് പ്രതിഫലമെന്നവണ്ണം അനുഗ്രഹങ്ങള്‍ യഥാസമയത്ത് നല്‍കുക തന്നെ ചെയ്യും.

1882-1970 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ വൈദികന്‍, ഡോണ്‍ ഡോലിന്‍ഡോ റൂത്തോലയ്ക്ക് ഇക്കാര്യത്തെക്കുറിച്ച്, മനുഷ്യന്റെ ആവശ്യങ്ങളൂം ദൈവത്തിന്റെ നന്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ലഭിച്ചിരുന്നു. വി. പാദ്രേ പിയോയുടെ സമകാലികനായിരുന്ന ഈ വൈദികന്‍ വലിയ കൃപയുള്ള വ്യക്തിയായിരുന്നു. സമര്‍പ്പണത്തിന്റെ ആത്മീയതയ്ക്ക് പേരുകേട്ട വൈദികനായിരുന്നു ഫാ. റൂത്തോല.

പ്രാര്‍ത്ഥന എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്തലായിരിക്കരുത് പ്രാര്‍ത്ഥന. നമ്മുടെ ആവശ്യങ്ങളെ ആദ്യമേ തന്നെ ദൈവത്തിന് വിട്ടുകൊടുത്ത് ശാന്തമാവുക. തന്നെ ഭരമേല്‍പ്പിക്കുന്ന ആവശ്യങ്ങളെ പരിഗണിക്കുമെന്ന് ദൈവം പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്.

ഈശോ, തനിക്ക് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതായി ഫാ. റൂത്തോല വിശദമാക്കുന്നതിങ്ങനെയാണ്: ‘ആകുലരായി സ്വയം അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ പ്രശ്‌നങ്ങളെ എന്നില്‍ സമര്‍പ്പിച്ച് ശാന്തമായിരിക്കൂ. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു, സത്യമായതും പൂര്‍ണ്ണമായതുമായ സമര്‍പ്പണങ്ങളെ, ആഗ്രഹങ്ങളെ, സാഹചര്യങ്ങളെ ഞാന്‍ പരിഹരിക്കുക തന്നെ ചെയ്യും.’

ആയിരം തവണ ആഗ്രഹങ്ങളെക്കുറിച്ച് പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ഫലം ചെയ്യും, എല്ലാ വിട്ടുകൊടുത്തുള്ള ഒരു സമര്‍പ്പണം എന്ന് ഈശോ തനിക്ക് വെളിപ്പെടുത്തിയിട്ടുള്ളതായി ഫാ. റൂത്തോല പറയുന്നു. ഇതിനേക്കാള്‍ നല്ലൊരു നൊവേനയില്ലെന്ന് അറിയിച്ചുകൊണ്ട് ഒരു പ്രാര്‍ത്ഥനയും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്. ‘ ഓ കര്‍ത്താവേ, ഞാന്‍ എന്നെയും എന്റെ മുഴുവനെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങ് അതെല്ലാം ഏറ്റെടുക്കണമേ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ