ഒരു നവ വൈദികന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം

നമ്മുടെ കുടുംബത്തിൽ നിന്നോ സുഹൃദ് വലയത്തിൽ നിന്നോ ഒരാൾ പൗരോഹിത്യ സ്വീകരണത്തിന് തയ്യാറെടുക്കുമ്പോൾ ആളുകൾക്ക് പൊതുവെയുള്ള സംശയമാണ് എന്താണ് ഒരു നവവൈദികന് സമ്മാനമായി നൽകുക എന്ന്. എല്ലാ പുരോഹിതരും ദാരിദ്ര്യം ജീവിതവ്രതമാക്കി എടുത്തിട്ടുള്ളവരല്ലാത്തതിനാൽ അത് ഒരു പ്രസക്തിയുള്ള ചോദ്യം തന്നെയാണ്. എന്നാൽ എല്ലാ നവവൈദികരും ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നതും ഏറ്റവും മികച്ച സമ്മാനമായി കരുതുകയും ചെയ്യുന്ന ഒരു സമ്മാനമുണ്ട്.

പ്രാർത്ഥനയാണ് ആ വിലപ്പെട്ട സമ്മാനം. ആ നവവൈദികനു വേണ്ടി ഏതാനും മണിക്കൂറുകൾ ചെലവഴിച്ച് പ്രാർത്ഥിക്കുകയോ വിശുദ്ധ കുര്‍ബാന കാഴ്ചവെച്ച് പ്രാർത്ഥിക്കുകയോ അനുദിന പ്രാർത്ഥനയിൽ വൈദികനെ സമർപ്പിച്ച് പ്രാർത്ഥിക്കുകയോ എന്തുമാകാം. ഇതൊരു സമ്മാനമാണോ എന്ന് ചിലപ്പോൾ നിങ്ങൾക്കു തന്നെ തോന്നിയേക്കാം. എന്നാൽ അമൂല്യവും അതുല്യവുമായ സമ്മാനമാണ് പ്രാർത്ഥന എന്നത്.

പൗരോഹിത്യജീവിതത്തിലെ അനേകം പ്രലോഭനങ്ങളെ നേരിടാൻ, സ്വർഗത്തോട് ചേര്‍ന്ന് വിശുദ്ധജീവിതം നയിക്കാൻ, സാത്താന്റെ പിടിയിൽ അകപ്പെടാതിരിക്കാൻ എല്ലാം പ്രാർത്ഥന എന്ന കവചം കൊണ്ടു മാത്രമേ സാധിക്കൂ. വി. ജോൺ മരിയ വിയാനിയോട് ഒരിക്കൽ സാത്താൻ വെളിപ്പെടുത്തി, “നിന്നെപ്പോലെ മൂന്ന് വൈദികർ ഉണ്ടായാൽ എന്റെ സാമ്രാജ്യം തകരും” എന്ന്. ഈ ഒരു സന്ദേശം മാത്രം മതി, വിശുദ്ധരായ വൈദികരുടെ പ്രാധാന്യവും ശക്തിയും മനസ്സിലാക്കാൻ.

മോശയെപ്പോലെ സ്വർഗത്തിലേക്ക് കരങ്ങളുയർത്തി നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുന്ന അവരുടെ കരങ്ങൾ താഴാതെയും തളരാതെയുമിരിക്കാൻ പ്രാർത്ഥന മാത്രമാണ് ഏകമാര്‍ഗ്ഗം. അതുകൊണ്ടാണ് പറയുന്നത്, ഒരു നവവൈദികന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം പ്രാർത്ഥന തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ