മറ്റുള്ളവരോട് ദയ കാണിക്കുന്നതിന്റെ പ്രയോജനങ്ങള്‍

‘ദയ കാട്ടുന്നവന്‍ തനിക്കുതന്നെ ഗുണം ചെയ്യുന്നു’ (സുഭാ. 11:17) എന്നു ബൈബിള്‍ പറയുന്നു. ദയയുള്ളവരോട് ആളുകള്‍ക്ക് അടുപ്പം തോന്നും. ആളുകള്‍ തിരിച്ച് അവരോടും ദയ കാണിക്കും. യേശു പറഞ്ഞു: ‘നിങ്ങള്‍ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തില്‍ നിങ്ങള്‍ക്കും അളന്നുകിട്ടും.’ (ലൂക്കോ. 6:38) അതുകൊണ്ട് ദയയുള്ള ഒരാള്‍ക്കു സുഹൃത്തുക്കളെ എളുപ്പം കിട്ടും, സുഹൃദ്ബന്ധങ്ങള്‍ നിലനിറുത്താനും കഴിയും.

‘തമ്മില്‍ ദയയും മനസ്സലിവും ഉള്ളവരാകാനും പരസ്പരം ഉദാരമായി ക്ഷമിക്കാനും’ എഫെസൊസിലെ സഭയിലുള്ളവരോടു പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞു. (എഫെ. 4:32) ദയ കാണിക്കുകയും പരസ്പരം സഹായിക്കാനുള്ള അവസരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന സഹാനുഭൂതിയുള്ള ക്രിസ്ത്യാനികളാണ് സഭയിലുള്ളതെങ്കില്‍ അതു സഭയ്ക്കു വളരെയധികം പ്രയോജനം ചെയ്യും. അങ്ങനെയുള്ളവര്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കില്ല, നിശിതമായി വിമര്‍ശിക്കില്ല, വേദനിപ്പിക്കുന്ന തമാശകള്‍ പറയില്ല. പരദൂഷണം പരത്തുന്നതിനു പകരം, മറ്റുള്ളവരെ സഹായിക്കുന്നതിനായിരിക്കും അവര്‍ തങ്ങളുടെ നാവുകള്‍ ഉപയോഗിക്കുന്നത്.

ചുരുക്കത്തില്‍, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണമാണു ദയ. നമ്മള്‍ ദയയുള്ളവരാണെങ്കില്‍ സ്‌നേഹവാനും ഉദാരമനസ്‌കനും ആയ, നമ്മുടെ ദൈവത്തിന്റെ വ്യക്തിത്വം നമ്മള്‍ പ്രതിഫലിപ്പിക്കുകയാണ്. (എഫെ. 5:1). അതുവഴി ലോകത്തിന് വലിയ മാതൃകയും വഴികാട്ടിയുമായുമായി നാം മാറും. മാത്രവുമല്ല, ദൈവാനുഗ്രഹത്തിന് അര്‍ഹരാവുകയും ചെയ്യും.