പുഞ്ചിരി ശീലമാക്കൂ, ഗുണഫലങ്ങള്‍ അനവധിയാണ്

മനസ്സ് തുറന്നു ചിരിക്കുന്നവര്‍ എത്ര പേരുണ്ടാകും ഈ ലോകത്ത്. മനസ്സറിഞ്ഞു ചിരിക്കാന്‍ സാധിക്കുന്നത് ഒരുപക്ഷേ, മഹാഭാഗ്യം തന്നെയാണ്. ചിരി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം സന്തോഷമാണ്. ഉള്ളില്‍ കരഞ്ഞുകൊണ്ട് പുറമേ ചിരിക്കുന്നവര്‍ ഒട്ടനവധിയുണ്ട്. സ്വയം കരയുന്നതിനിടയിലും മറ്റുള്ളവരെ ചിരിപ്പിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്.

സന്തുഷ്ടി, സന്തോഷം, ആഹ്ലാദം എന്നിവ വ്യക്തമാക്കുന്ന ഒരു ഭാവപ്രകടനമാണ് ചിരി. ചിലപ്പോള്‍ പരിഭ്രമവും ഇതുവഴി പ്രകടമാക്കുന്നു. ലോകത്തൊട്ടാകെ മനോവികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ചിരി ഉപയോഗിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ ഉള്ളു തുറന്നു ചിരിച്ചാല്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ നമുക്കാകും.

ചിരിയുടെ ഏതാനും ചില ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്. ചിരി, മുറുകിയിരിക്കുന്ന പേശികള്‍ക്ക് അയവ് വരുത്തുന്നു; ദുഃഖം ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കുറയ്ക്കുന്നു; രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് ആയുസ്സ് കൂട്ടുന്നു; ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നു; വേദനകള്‍ കുറയ്ക്കുന്നു; ഹൃദ്രോഗം വരുന്നത് തടയുന്നു; വിരസത ഒഴിവാക്കുന്നു; ഭയം, ഉത്കണ്ഠ, പിരിമുറുക്കം ഇവ കുറയ്ക്കുന്നു.

ഇനി എങ്ങനെയാണ് സന്തോഷിക്കാനും ചിന്തിക്കാനും കൂടി സാധിക്കുക എന്നത് സംശയമാവും. അതിനുള്ള ചില വഴികള്‍ നോക്കാം. സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ചെറുപുഞ്ചിരി ആര്‍ക്കും നല്‍കുക. നമ്മുടെ മണ്ടത്തരങ്ങളോര്‍ത്ത് ചിരിക്കുക. മറ്റുള്ളവരുടെ മണ്ടത്തരങ്ങളോര്‍ത്ത്ചിരിക്കുക. എത്ര ഗൗരവമായ വിഷയമാണെങ്കിലും ഈസിയാണെന്ന് മനസ്സില്‍ വിചാരിക്കുക

ആരെ കണ്ടാലും അവരുടെ കുറവുകളും കുറ്റങ്ങളും സ്‌നേഹത്തോടെ പറഞ്ഞു മനസിലാക്കുന്നതിനൊപ്പം അവരുടെ നല്ല ഗുണങ്ങളും പറയുക. കഷ്ടതയുടെ കഴിഞ്ഞ കാലങ്ങള്‍, അത് കഴിഞ്ഞു എന്ന് വിചാരിച്ച് ഭാവിയെക്കുറിച്ചു മാത്രം ചിന്തിക്കുക. പഴയത് ചികയാതിരിക്കുക. തമാശ നിറഞ്ഞ പുസ്തകങ്ങള്‍ വായിക്കുക.

കര്‍ത്താവായ യേശുക്രിസ്തു തിരുവചനത്തിലൂടെ നമ്മോട് ആഹ്വാനം ചെയ്യുന്നതും ഇതു തന്നെയാണ്. ‘എപ്പോഴും സന്തോഷത്തോടെയിരിക്കുക, ഇടവിടാതെ പ്രാര്‍ത്ഥിക്കുക, എല്ലാ കാര്യത്തിനും നന്ദി പ്രകാശിപ്പിക്കുക.’