136 വർഷങ്ങളായി ഒരു നിമിഷം പോലും ദിവ്യകാരുണ്യ ആരാധന മുടക്കാതെ ബെനെഡിക്ടൻ സന്യാസിനീ സമൂഹം

പാരീസിലെ മോണ്ട്മാർട്രെ ബസിലിക്കയിൽ ബെനെഡിക്ടൻ സന്യാസിനീ സഭാസമൂഹം കഴിഞ്ഞ 136 വർഷങ്ങളായി ഒരു നിമിഷം പോലും നിത്യാരാധന മുടക്കിയിട്ടില്ല. 1885 ആഗസ്റ്റ് ഒന്നു മുതൽ ലോക മഹായുദ്ധത്തിനിടയിലും കോറോണയുടെ നടുവിൽ പോലും നിത്യാരാധന മുടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

കൊറോണ മഹാമാരിക്കു ശേഷം വിശ്വാസികൾക്ക് കത്തീഡ്രലിൽ ആരാധനക്കായി എത്താൻ സാധിക്കാതെ വന്നതിനാൽ 14 ബെനെഡിക്ടൻ സന്യാസിനികൾ നിത്യാരാധനയ്ക്കായി അവരുടെ പ്രത്യേക സമയം ക്രമപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. “1944 -ലെ ബോംബാക്രമണ സമയത്ത് ബസിലിക്കയുടെ സമീപത്ത് ചില അവശിഷ്ടങ്ങൾ വീണപ്പോൾ ആരാധകർ ബസിലിക്കയിൽ ഉണ്ടായിരുന്നു” – ബസിലിക്കയിൽ രാത്രിയിലെ ദിവ്യകാരുണ്യ ആരാധനയുടെ ചുമതലയുള്ള സി. സെസിൽ മേരി പറഞ്ഞു.

കോവിഡ്-19 ആരംഭിച്ചതിനു ശേഷം ഈ സന്യാസിനികൾ മാർച്ച് 17 മുതൽ 31 വരെ പ്രത്യേക ദിവ്യകാരുണ്യ ആരാധനയും നടത്തിയിരുന്നു. ആരാധനയുടെ കൂടെ നിയോഗങ്ങൾ പ്രത്യേകമായി സമർപ്പിക്കുന്നുമുണ്ട്. എന്നാൽ വിശ്വാസികൾ വരുന്നത് കുറഞ്ഞപ്പോൾ ഇതിന്റെ അഭാവം വളരെയധികം ഉണ്ടായി. എന്നാൽ പ്രാർത്ഥനാനിയോഗങ്ങൾ ചോദിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചതു മുതൽ കത്തീഡ്രലിൽ നിത്യവും മെഴുകുതിരികൾ എരിയുന്നുണ്ടെന്ന് സി. സെസിൽ മേരി പറഞ്ഞു.

“വെളുത്ത കുപ്പായമണിഞ്ഞ ഡോക്ടർമാരെപ്പോലെ ഞങ്ങൾ ഒരിക്കലും ആളുകളെ ഈ കോവിഡ് കാലത്ത് സഹായിച്ചിട്ടില്ല. പക്ഷേ, ഞങ്ങളാൽ കഴിയുന്ന ഒരു രീതിയിൽ ഞങ്ങൾ ഈ മഹാമാരിക്കെതിരെ പോരാടുന്നുണ്ട്; പ്രാർത്ഥന കൊണ്ട്” – സിസ്റ്റർ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.