ചൈനയില്‍ ക്രിസ്തുരൂപം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തടഞ്ഞ് വിശ്വാസികള്‍

ചൈനയില്‍ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ക്രിസ്തുരൂപം പൊളിക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. സ്‌കിവാന്‍സി രൂപതയിലെ ഷെങ്ഡിലിയാങ് ദേവാലയത്തിന്റെ അങ്കണത്തില്‍ സ്ഥാപിച്ചിരുന്ന നല്ലിടയന്റെ രൂപം തകര്‍ക്കുവാനുള്ള പദ്ധതിയാണ് വിശ്വാസികളുടെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ ഒഴിവാക്കിയത്.

പത്തു വര്‍ഷം മുന്‍പ് ഈ ദേവാലയത്തില്‍ സ്ഥാപിച്ച രൂപം ആണിത്. കുന്നിന്‍ചെരുവിലായി സ്ഥിതിചെയ്യുന്ന ഈ രൂപത്തിന്റെ അടുത്തേയ്ക്ക് നോമ്പില്‍ ധാരാളം ആളുകള്‍ പ്രാര്‍ത്ഥനാപൂര്‍വം തീര്‍ത്ഥാടനം നടത്തുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ രൂപം പൊളിക്കാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ ഉറക്കളച്ചു ധാരാളം വിശ്വാസികള്‍ രാത്രിയും പകലും ഈ രൂപത്തിന് ചുറ്റും ഏറുന്നതോടെയാണ് ഇത് പൊളിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

സര്‍ക്കാര്‍ താത്കാലികമായി ശ്രമം ഉപേക്ഷിച്ചുവെങ്കിലും ഇതിന്റെ പേരില്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് വിശ്വാസികള്‍. പെര്‍മിറ്റില്ല എന്ന പേരില്‍ 24 ദേവാലയങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കും എന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. എന്നാല്‍ പെര്‍മിറ്റില്ല എന്ന ആരോപണം പല ദേവാലയങ്ങളുടെയും കാര്യത്തില്‍ വ്യാജമാണെന്ന് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.