സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന് തുടക്കമായി

“മിഷനെ അറിയുക, മിഷനറിയാവുക” എന്ന ആപ്തവാക്യവുമായി 2021 സിറോ മലബാർ പ്രേഷിത വാരചരണം ആരംഭിച്ചു. സഭാകേന്ദ്ര കാര്യാലയമായ മൌണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ചുബിഷപ്പ് മാർ ജോർജ്‌ ആലഞ്ചേരി, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, വൈദികർ, സന്യസ്തർ, അൽമായ പ്രേഷിതർ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ജോർജ് പാനികുളമാണ് ദീപം തെളിയിച്ചു പ്രേഷിതവാരം ഉദ്‌ഘാടനം ചെയ്തത്.

കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന വിശേഷ സാഹചര്യത്തിലും ഭഗ്നാശരാകാതെ നൂതന മാര്‍ഗങ്ങൾ കണ്ടെത്തി പ്രേഷിത പ്രവർത്തനങ്ങളിൽ തീക്ഷണതയോടെ മുന്നേറണമെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെ പ്രേഷിത പ്രവർത്തങ്ങളെക്കുറിച്ചു വിശ്വാസികൾ കൂടുതൽ അറിയുന്നതിനും സഹകാരികളാകുന്നതിനുമുള്ള അവസരങ്ങൾ തുറക്കുന്നതിനായി ആചരിക്കുന്ന പ്രേഷിത വാരാചരണം എല്ലാവർഷവും ജനുവരി ആറുമുതൽ പന്ത്രണ്ടുവരെയാണ് നടത്തുന്നത്.

കോവിഡ് മഹാമാരി മൂലമുള്ള സവിശേഷ സാഹചര്യം പരിഗണിച്ചു, മാധ്യമങ്ങളുടെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കത്തക്ക ക്രമത്തിലാണ് സഭാതലത്തിലും രൂപത തലത്തിലും ഇടവക തലത്തിലും പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പിന്റെ സർക്കുലർ, വീഡിയോ സന്ദേശങ്ങൾ , പ്രാർഥനകൾ, പോസ്റ്ററുകൾ, പ്രേഷിതാവബോധം ഉണർത്തുന്ന ലഖു ലേഖകൾ എന്നിവ പ്രേഷിത വാരാചരണം സജീവമാക്കുന്നതിന് സഭാ കേന്ദ്രത്തിൽ നിന്നും അയച്ചു നൽകിയിരുന്നു. മിഷൻ വെബ്ബിനാറുകളും പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു.

സഭാകേന്ദ്ര കാര്യാലയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിന് സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. സിജു അഴകത്ത് എം സ് ടി, കമ്മീഷൻ ഫോർ ഇവന്ജലൈസെഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം സി ബി എസ്, സിസ്റ്റർ നമ്രത എം എസ് ജെ, സിസ്റ്റർ റോസ്മിൻ എം എസ് ജെ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.