നിങ്ങളുടെ ജോലിദിവസം പ്രാർത്ഥനയോടെ തുടങ്ങാൻ ഒരു സങ്കീർത്തനമിതാ

അനുദിന ജീവിതത്തിൽ ദൈവമാണ് നമ്മെ നയിക്കുന്നതെന്ന വിശ്വാസമുള്ള ഓരോരുത്തർക്കും തങ്ങൾക്ക് ലഭിക്കുന്ന ഓരോ ദിനവും ദൈവദാനമാണ്. അതിനാൽ അന്നത്തെ ദിനത്തെ ദൈവത്തിന് സമർപ്പിക്കാതെ ഒരു വിശ്വാസിക്ക് തൻ്റെ ദിവസം തുടങ്ങാൻ സാധിക്കുകയില്ല. ഒരു ദിവസത്തെ ജോലി തുടങ്ങുന്നതിനു മുൻപ് ദൈവത്തിനു പൂർണ്ണമായും സമർപ്പിച്ചാൽ അത് ദൈവാനുഗ്രഹത്തിൽ അവസരങ്ങളാക്കി മാറ്റാം.

മിക്കപ്പോഴും നാം നമ്മുടെ പ്രവർത്തി ദിവസങ്ങൾ ആരംഭിക്കുന്നത്   ദൈവവിചാരത്തോടെ ആയിരിക്കില്ല. ഒരുപക്ഷെ പലതരത്തിലുള്ള തിരക്കുകളാകാം അതിനു കാരണം. എന്നാൽ അനുദിന  ജീവിതത്തിൽ വിജയം നൽകാൻ ദൈവസഹായം കൂടിയേ തീരൂ എന്ന് ഓർക്കുന്നത് നല്ലതാണ്. പ്രവർത്തി ദിവസം തുടങ്ങുന്നതിന് മുൻപായി 90 മത്തെ സങ്കീർത്തനം ചൊല്ലി പ്രാർത്ഥിക്കുന്നത് തികച്ചും ദൈവാനുഗ്രഹപ്രദം തന്നെ. പ്രാർത്ഥനയ്ക്കായി ആ സങ്കീർത്തനമിതാ:

“പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്ക്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ.

അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും, ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേ.

അങ്ങയുടെ ദാസർക്ക് അങ്ങയുടെ പ്രവർത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ.

ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവർത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവർത്തികളെ സുസ്ഥിരമാക്കണമേ!”