ടെന്നീസിലെ റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ ജോക്കോവിച്ചിന്റെ ക്രിസ്തുവിശ്വാസം വീണ്ടും ചര്‍ച്ചയാവുന്നു

ഇക്കഴിഞ്ഞ ദിവസം തന്റെ 20 ാമത് ഗ്രാന്‍സ്ലാം പുരസ്‌കാരവും ആറാമത് വിമ്പിള്‍ഡണ്‍ കിരീടവും കരസ്ഥമാക്കി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതിനു പിന്നാലെ സെര്‍ബിയന്‍ ടെന്നീസ് താരമായ ജോക്കോവിച്ച് മുന്‍കാലങ്ങളില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ക്രിസ്തുവിശ്വാസം വീണ്ടും ചര്‍ച്ചയാവുകയാണ്.

പരിക്കുകളെ തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് അത്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. ടെന്നീസ് ലോകത്ത് പല ചരിത്രങ്ങളും അത്ഭുതങ്ങളും സൃഷ്ടിക്കാനും ശാരീരികവും മാനസികവുമായ വെല്ലുവിളികളെ നേരിടാനും തന്നെ കരുത്തനാക്കുന്നത് തന്റെ ബൈബിള്‍ വായനയാണെന്നും ജോക്കോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “ഒരു കായികതാരം എന്നതിനേക്കാളുപരിയായി ഒരു ഓര്‍ത്തഡോക്‌സ് ക്രൈസ്തവന്‍ എന്നു പറയുന്നതിലാണ് ഞാന്‍ കൂടുതല്‍ അഭിമാനിക്കുന്നത്. അതുപോലെ പണം എന്നെ സ്വാധീനിക്കാറേയില്ല. സെര്‍ബിയന്‍ ജനതയാണ് എന്നെ ഞാനാക്കിയതെന്ന ബോധ്യമാണ് അവര്‍ക്കു വേണ്ടി ആവശ്യമായതെല്ലാം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്” – ജീവകാരുണ്യമേഖലയിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ജോക്കോവിച്ച് പറയുന്നു.

സെര്‍ബിയയിലെ പാവങ്ങള്‍ക്കും അഗതികള്‍ക്കുമായുള്ള സൗജന്യ ഭക്ഷണശാല ഉള്‍പ്പെടെ പ്രതിവര്‍ഷം കോടിക്കണക്കിന് തുകയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജോക്കോവിച്ച് ചെലവഴിക്കുന്നത്. ദൈവം നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമായാണ് താന്‍ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.