കുമ്പസാരക്കൂടിനെ സമീപിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്

ദിവസേന മണിക്കൂറുകളോളം ആളുകളെ കുമ്പസാരിപ്പിച്ചിരുന്ന വി. ജോണ്‍ മരിയ വിയാനി പതിവായി കുമ്പസാരിക്കുകയും ചെയ്തിരുന്നു. പാദ്രെ പിയോ എന്ന വിശുദ്ധനും മദര്‍ തെരേസയുമെല്ലാം ഇങ്ങനെ പതിവായി കുമ്പസാരിച്ചിരുന്നവരാണ്. കുമ്പസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ടതാണ്.

കുമ്പസാരമെന്ന കൂദാശ യാക്കോബിന്റെ ഗോവണി പോലെയാണെന്ന് വചനം പഠിപ്പിക്കുന്നു (ഉല്‍. 28:12-13). അത് ഒരുവനെ സ്വര്‍ഗമാകുന്ന ബലിപീഠത്തിലേയ്ക്ക് അഥവാ വിശുദ്ധ കുര്‍ബാനയിലേയ്ക്ക് ആനയിക്കുന്ന പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും ചവിട്ടുപടികളുള്ള ഗോവണിയാണ്. ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കുമ്പസാരം. കുമ്പസാരത്തിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്ന മഹത്തായ ഉദാഹരണമാണ് ധൂര്‍ത്തപുത്രന്റെ ഉപമ (ലൂക്കാ 15:11-32).

പിതാവിന്റെ അടുത്ത് എത്തുന്നതിനുമുമ്പ് ധൂര്‍ത്തപുത്രന്‍ അനുതപിച്ചു. കുമ്പസാരക്കൂടണയുന്നതിനു മുമ്പും യഥാര്‍ത്ഥമായ അനുതാപം ഉണ്ടാകണം എന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു. കാരണം, അനുതപിക്കുന്ന പാപിക്കു മാത്രമേ കുമ്പസാരമെന്ന കൂദാശയിലൂടെ വിശുദ്ധീകരണം ലഭ്യമാകൂ.

കുമ്പസാരത്തിന്റെ ഒരുക്കസമയത്ത് ചെയ്യാവുന്ന ഫലപ്രദമായ ഒരു കാര്യമുണ്ട്. പാപങ്ങളോരോന്നും ഓര്‍ത്തെടുത്ത് ഓരോ പാപങ്ങളെയും സമര്‍പ്പിച്ച്, ഓരോ നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിച്ചതിനുശേഷം കുമ്പസാരിക്കാന്‍ പോകുക. ഇങ്ങനെ ചെയ്താല്‍ കുമ്പസാരം ആന്തരികസൗഖ്യത്തിന്റെ കൂദാശയാകും. പാപങ്ങള്‍ അനുതാപത്തോടെ ഏറ്റുപറയുന്നവനെ ക്രിസ്തു അവന്റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കും എന്ന് വചനം പഠിപ്പിക്കുന്നു (1 യോഹ. 1:7). യഥാര്‍ത്ഥമായ മാനസാന്തരം ഒരുവനെ സ്വന്തം കുറവുകളിലേയ്ക്കും അപരന്റെ നന്മകളിലേയ്ക്കും നയിക്കുകയും ചെയ്യും.