ജീവിതത്തിലെ എല്ലാ തീരുമാനങ്ങള്‍ക്കും മുമ്പ് അന്ത്യവിധിയെ മുമ്പില്‍ കാണണം: മാര്‍പാപ്പ

അന്ത്യവിധിയെക്കുറിച്ച് ധ്യാനിക്കാന്‍ കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ടു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ കര്‍ദ്ദിനാള്‍മാരെയും ബിഷപ്പുമാരെയും സമര്‍പ്പിച്ചു നടത്തിയ ദിവ്യബലി മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കും മുമ്പ് നാം ദൈവത്തിന്റെ മുന്നില്‍ നില്‍ക്കുന്നതായി വിഭാവനം ചെയ്യണം എന്ന് വി. ഇഗ്‌നേഷ്യസ് പറഞ്ഞിട്ടുണ്ട്. ഈ മനോഭാവത്തോടെ ജീവിക്കുന്ന ജീവിതം ലക്ഷ്യത്തിലേയ്ക്കുള്ളതാണ്. കാരണം, അത് ഉത്ഥാനത്തോട് വളരെ അടുത്തുള്ളതാണ്. ഉത്ഥാനമാണല്ലോ, ജീവിതത്തിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും” – പാപ്പാ വിശദമാക്കി.

വി. ഇഗ്‌നേഷ്യസ്, തന്റെ ആത്മീയാഭ്യാസങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്ന വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു. ഒക്ടോബര്‍ 2018 മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞ 13 കര്‍ദ്ദിനാള്‍മാരുടെയും 147 ബിഷപ്പുമാരുടെയും ആത്മശാന്തിക്കായി പാപ്പാ കുര്‍ബാനയര്‍പ്പിച്ചു.

“മറ്റുള്ളവരോടുള്ള കാരുണ്യം നിത്യതയുടെ വാതിലുകള്‍ തുറക്കുന്നു. പാവങ്ങളെ സഹായിക്കാന്‍ വേണ്ടി അവരുടെ മുന്നില്‍ കുനിയുന്നതു വഴി സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി ഒരു മുറി ലഭ്യമാകുന്നു” – പാപ്പാ പറഞ്ഞു. “വി. പൗലോസ് പറയുന്നത് സ്‌നേഹം അവസാനിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കില്‍ അതാണ് സ്വര്‍ഗത്തെയും ഭൂമിയെയും കൂട്ടിയിണക്കുന്ന പാലം” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.