രക്തസാക്ഷിയായ ജൊവാന്നി ഫൊര്‍ണസീനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

രക്തസാക്ഷിയായ ജൊവാന്നി ഫൊര്‍ണസീനിയെ സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ഞായറാഴ്ച വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ഇറ്റലിയിലെ ബൊളോഞ്ഞയില്‍ വച്ചാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം. തദവസരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചേല്ലൊ സെമെറാറൊയുടെ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വടക്കേ ഇറ്റലിയിലെ ലിത്സാനൊ ഇന്‍ ബെല്‍വെദേരെ എന്ന സ്ഥലത്ത് 1915 ഫെബ്രുവരി 23 -നായിരുന്നു ജൊവാന്നി ഫൊര്‍ണസീനിയുടെ ജനനം. ആഞ്ചെലൊ-മരിയ ഗുച്ചീനി ദമ്പതികളായിരുന്നു മാതാപിതാക്കള്‍. 1942 ഒക്ടോബര്‍ 28 -ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്ക് ഭരമേല്പിക്കപ്പെട്ട ഇടവകാംഗങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജൊവാന്നിയുടെ രക്തസാക്ഷിത്വം.

നാസികളുടെ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഇടവക വികാരിയായിരുന്ന ജൊവാന്നി ഫൊര്‍ണസീനിയെ ജര്‍മ്മന്‍ ഉദ്യോഗസ്ഥന്‍ കസാല്യ ദി കപ്രാറയില്‍ വച്ച് 1944 ഒക്ടോബര്‍ 13 -ന് വധിക്കുകയായിരുന്നു. 1998 ഒക്ടോബര്‍ 18 -ന് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കു തുടക്കമാകുകയും 2021 ജനുവരി 21 -ന് ഫ്രാന്‍സിസ് പാപ്പായുടെ അനുമതിയോടെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.