അമലോത്ഭവത്തിൻറെ ലുച്ചീയ വാഴ്ത്തപ്പെട്ട പദവിയിൽ

അമലോത്ഭവത്തിൻറെ ലുച്ചീയ വിനയത്താൽ വാർത്തെടുക്കപ്പെട്ടവളാണെന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ. ഇറ്റലിയിൽ, ബ്രേഷ്യയിലെ കത്തീഡ്രലിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മ വേളയിലാണ് കർദ്ദിനാൾ ഇക്കാര്യം പറഞ്ഞത്.

സകല പുണ്യങ്ങളിലും പ്രധാനമായ വിനയം സ്വർഗ്ഗീയ സൗധത്തിൻറെ ഏറ്റവും ബലവത്തായ അടിത്തറയും രക്ഷകനേകിയ ഏറ്റവും ഉചിതവും തിളക്കമാർന്നതുമായ സമ്മാനവും ആണെന്ന, പാശ്ചാത്യ പൗരസ്ത്യസഭകളിൽ ഒരുപോലെ വണങ്ങപ്പെടുന്ന വിശുദ്ധ ജോൺ കസ്സിയാനൊയുടെ വാക്കുകൾ കർദ്ദിനാൾ സെമെറാറൊ അനുസ്മരിച്ചു. എളിമ ആത്മാവിൽ സ്വീകരിക്കുന്ന ഒരു കൃപയാണെന്ന് സഭാപിതാക്കന്മാർ പറഞ്ഞിട്ടുള്ളതും അദ്ദേഹം കൂട്ടിച്ചേർത്തു.

വഹിക്കാനെളുപ്പമുള്ളതും ഭാരം കുറഞ്ഞതുമായ യേശുവിൻറെ നുകം പേറിയവളാണ് വാഴ്ത്തപ്പെട്ട അമലോത്ഭവത്തിൻറെ ലുച്ചീയ എന്നും സമർപ്പിത ജീവിതം തിരഞ്ഞടുക്കുകയും സേവനത്തിൽ മുഴുകുകയും ഏറ്റവും ഒടുവിലത്തെ സ്ഥാനത്തായിരിക്കുകയും ചെയ്തുകൊണ്ടാണ് അവൾ ഇതു പൂർത്തിയാക്കിയതെന്നും കർദ്ദിനാൾ സെമെറാറൊ വിശദീകരിച്ചു.

‘ഉപവിയുടെ ദാസികൾ’ എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്ന ഗുരുതര രോഗബാധിതയായിരുന്ന സഹനദാസിയാണ് വാഴ്ത്തപ്പെട്ട അമലോത്ഭവത്തിൻറെ ലുച്ചീയ. ഇറ്റലിയിലെ ലേക്കൊയിലുള്ള അക്വാത്തെ എന്ന സ്ഥലത്ത് 1909 മെയ് 26 -നായിരുന്നു മരിയ റിപമോന്തി എന്ന് വിളിക്കപ്പെട്ടിരുന്ന അമലോത്ഭവത്തിൻറെ ലുചീയയുടെ ജനനം. ചെറുപ്പത്തിൽ തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന അവൾ പഠനം ഉപേക്ഷിക്കുകയും നൂൽ നിർമ്മാണ ശാലയിൽ ജോലിയാരംഭിക്കുകയും ചെയ്തു. ഇടവകയിലും കത്തോലിക്കാപ്രവർത്തന പ്രസ്ഥാനത്തിലുമെല്ലാം സജീവമായിരുന്നു അവൾ.

സന്ന്യാസ ജീവിതത്തോടു പ്രതിപത്തിയുണ്ടായിരുന്ന ലുച്ചീയ 1932 ഒക്ടോബർ 15-ന് ബ്രേഷ്യയിലേക്കു പോകുകയും ‘ഉപവിയുടെ ദാസികൾ’ എന്ന സന്ന്യാസിനി സമൂഹത്തിൽ ചേരുകയും ചെയ്തു. അവളുടെ തീക്ഷ്ണതയാർന്ന പ്രാർത്ഥനാ-സന്ന്യാസ ജീവിതം സന്ന്യാസിനികളെയും അല്മായരെയും ഒരുപോലെ അവളിലേക്കാകർഷിച്ചു. തൊഴിൽ രഹിതർക്ക് തൊഴിൽ കണ്ടത്താനും വേദനിക്കുന്നവർക്ക് സാന്ത്വനമേകാനും പ്രായം ചെന്ന സഹസന്ന്യാസിനികൾക്ക് കൈത്താങ്ങാകാനും ശ്രമിച്ച ലുച്ചീയയ്ക്ക് കരൾരോഗം പിടിപെടുകയും 1954 ജൂലൈ നാലിന് മരണമടയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.