മഷിത്തണ്ട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഏറെ നാളുകൾക്കുശേഷം ഇന്നാണ്‌ മഷിത്തണ്ട് ശ്രദ്ധയിൽപ്പെട്ടത്. അത് പറിച്ചെടുത്ത് കയ്യിലിട്ട് തിരുമ്മി. ഉള്ളംകൈയ്യുടെ നനവിലേറി ബാല്യത്തിലേയ്ക്ക്…

“കുഞ്ഞിക്കൈകള്‍ കളിയായെഴുതുവതെല്ലാമുള്ളില്‍
നിറയും നീരാല്‍ മായ്ക്കും തോഴന്‍
നീയാണെന്റെ മഷിത്തണ്ടേ” എന്ന കവി വാക്യം ഓർമ്മയിൽ വരുന്നു.

സ്ലെയ്റ്റും പെൻസിലും മഷിത്തണ്ടും മയിൽപ്പീലിയും നനവുള്ള ഓർമ്മ സമ്മാനിക്കുന്നതാണ്. മുറിപ്പെൻസിലിനു പകരമായി മഷിത്തണ്ടും അതേ വലിപ്പത്തിലുള്ള കള്ളിയും വാങ്ങിച്ചത് ഇന്നലെയെന്നവണ്ണം മനസിൽ തെളിയുന്നു. സ്ലെയ്റ്റിൽ എഴുതിയ തെറ്റുകൾ മാത്രമല്ല മഷിത്തണ്ട് മായ്ച്ചുകളഞ്ഞത്, അമ്പതിൽ അമ്പതു കിട്ടിയവർ കൂടുതൽ അഹങ്കരിക്കാതിരിക്കാനും തോറ്റ കുട്ടികൾ കൂടുതൽ നൊമ്പരപ്പെടാതിരിക്കാനും അവർക്കു കിട്ടിയ മാർക്കുകൾ ഒരു ദിവസത്തെ ഇടവേള കൊണ്ട് മായ്ച്ചുകളഞ്ഞ വിരുതനാണ് മഷിത്തണ്ട്. ഓർമ്മകളുടെ സ്ലെയ്റ്റിൽ പതിഞ്ഞ നൊമ്പരങ്ങളുടെയും തിന്മകളുടെയും അക്ഷരക്കൂട്ടങ്ങൾ മായ്ച്ചുകളയുന്ന നന്മകളാണ് വളർച്ചയുടെ നാൾവഴികളിൽ മഷിത്തണ്ടുകളെപ്പോലെ നമുക്ക് നഷ്ടമാകുന്നത്.

തങ്ങളിൽ വലിയവൻ ആരാണെന്ന തർക്കത്തിന് ക്രിസ്തു ശിഷ്യർക്ക് സമ്മാനിച്ചത് എന്താണെന്നോ? “അവന് ഒരു ശിശുവിനെ എടുത്ത്‌ അവരുടെ മദ്ധ്യേ നിർത്തി. അവനെ കരങ്ങളില് വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില് സ്വീകരിക്കുന്നവന്‍, അവനാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ” (Ref: മര്ക്കോ. 9:33- 37).

ഹൃദയത്തിൽ ഒരു ബാല്യം സൂക്ഷിക്കുന്നവനേ പലതും മറക്കാനും പൊറുക്കാനും കഴിയൂ. സി.എം.ഐ സഭാംഗം ഷാജിയച്ചൻ എഴുതിയതുപോലെ ക്രിസ്തു എന്ന മഷിത്തണ്ടിനെ നമുക്കെവിടെയാണ് നഷ്ടമായത്? “കാലത്തിന്റെ കുസൃതിയിൽ അക്ഷരം പിഴച്ചവരെ മായ്ച്ചുകളഞ്ഞ് പുതുപുലരി തീർക്കാനൊരു മഷിത്തണ്ടു കിട്ടണം” എന്ന മുനീഫ് സി. പാലൂറിന്റെ വരികളും ചിന്തകളെ ഊഷ്മളമാക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.