അനുദിന ജീവിതം മെച്ചപ്പെടുത്താം; ഈ വിശുദ്ധന്റെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാം

1500 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന വിശുദ്ധനാണ് നർസിയയിലെ വി. ബെനഡിക്റ്റ്. എന്നാൽ, അദ്ദേഹത്തിന്റെ പല ആശയങ്ങളും ഇന്നത്തെപ്പോലെ പ്രസക്തമാണ്. സന്യാസജീവിതത്തിന്റെ ക്രമത്തിനും ചിട്ടയ്ക്കായും അദ്ദേഹം തയ്യാറാക്കിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ വിശുദ്ധമായ ജീവിതം നയിക്കുവാൻ നമുക്ക് കഴിയും. ഓരോ ദിവസവും മെച്ചപ്പെടുത്തുന്നതിനായി വി. ബെനഡിക്റ്റ് നൽകുന്ന 10 നിർദ്ദേശങ്ങൾ ഇതാ…

1. കേൾക്കുക

കേൾക്കുക എന്ന ഒരു കാര്യത്തിലൂടെയാണ് വി. ബെനഡിക്റ്റ്, തനിക്ക് നൽകുവാനുള്ള ഉപദേശം ആരംഭിക്കുന്നത്. ഒരാളെ ശ്രദ്ധിക്കണമെങ്കിൽ നാം ആദ്യം നിശബ്ദത പാലിക്കേണ്ടതുണ്ട്. നമ്മിൽത്തന്നെ പ്രതിഫലിപ്പിക്കാനും മറ്റുള്ളവരോട് കൂടുതൽ ശ്രദ്ധ പുലർത്താനും നിശബ്ദത നമ്മെ കൂടുതൽ സഹായിക്കുന്നു. കൂടാതെ, ദൈവസാന്നിധ്യം അനുഭവിക്കുവാനും അവിടുത്തെ കേൾക്കുവാനും നമുക്ക് സാധിക്കുക നിശബ്ദതയിലാണ്.

2. ആരോഗ്യകരമായ ഒരു മനസ്സ് നിലനിർത്താൻ ജോലി സഹായിക്കുന്നു

അലസത ആത്മാവിന്റെ ശത്രുവാണ് എന്ന് വി. ബെനഡിക്റ്റ് എഴുതുന്നു. തന്റെ സന്യാസിമാർ അവരുടെ സമയം ജോലി, വായന, പ്രാർത്ഥന എന്നിവയ്ക്കിടയിൽ വിഭജിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. അങ്ങനെ സന്യാസിമാർക്ക് തങ്ങളുടെ മനസും ശരീരവും ആത്മാവും ആരോഗ്യപരമായി നിലനിർത്തുവാൻ കഴിഞ്ഞിരുന്നു.

3. ഓരോ ഉത്തരവാദിത്വങ്ങളെയും പ്രാർത്ഥനയാക്കി മാറ്റുക

വി. ബെനഡിക്റ്റിനെ സംബന്ധിച്ചിടത്തോളം എല്ലാ ജോലികളും ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനത്തിലും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളിലുമുള്ള പങ്കുചേരലായിരുന്നു. അതിനാൽത്തന്നെ ചെയ്യുന്ന ഓരോ പ്രവർത്തിയും ഒരു പ്രാർത്ഥനയായി മാറുകയായിരുന്നു. മറ്റുള്ളവർക്കായി ചെയ്യുന്ന സേവനങ്ങൾ പ്രാർത്ഥനയായി മാറുന്നു. ഇത് ഉത്തരവാദിത്വങ്ങൾ ഏറ്റവും വിശ്വസ്തതയോടും ഭംഗിയോടും കൂടെ നിർവ്വഹിക്കാൻ സഹായിക്കും.

4. താളത്തോടെ തുടരേണ്ട ദിവസങ്ങൾ

നമ്മുടെ ജീവിതത്തിന്  ഒരു താളം ഉണ്ടാകണം; താളം എന്നാൽ ഒരു ചിട്ട. ആശ്രമത്തിൽ സന്യാസിമാരുടെ ജീവിതം – പ്രാർത്ഥന, ജോലി, വായന, പ്രതിഫലനം ഇങ്ങനെ കടന്നുപോയിരുന്നു. ഇത്തരം ചിട്ടകൾ സമയത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കും. അത് നമ്മുടെ ജീവിതത്തെ കൂടുതൽ എളുപ്പമാക്കും.

5. മറ്റുള്ളവരോട് ശ്രദ്ധാലുവായിരിക്കുക

വി. ബെനഡിക്റ്റിനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. “എല്ലാവരേയും ക്രിസ്തുവായി സ്വീകരിക്കുക” എന്നാണ് വിശുദ്ധൻ സന്യാസികളോട് ആഹ്വാനം ചെയ്തിരുന്നത്. പാവങ്ങളിലും അഗതികളിലും എന്തിന്, ശത്രുക്കളിൽപ്പോലും ദൈവത്തെ കണ്ടെത്തുവാൻ കഴിഞ്ഞാൽ ദൈവസ്നേഹം തുളുമ്പുന്ന പുതിയ ഒരു ലോകം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയും.

6. അച്ചടക്കം പ്രാവർത്തികമാക്കാം

ജീവിതത്തിൽ അച്ചടക്കത്തിന് പ്രത്യേക പരിഗണന നൽകണം എന്ന് ഈ വിശുദ്ധ സന്യാസി ഓർമ്മിപ്പിച്ചിരുന്നു. എത്ര കൃത്യമായി ചെയ്തുവരുന്ന കാര്യമാണെങ്കിലും അതിനായി നിശ്ചയിച്ചിരിക്കുന്ന സമയം കഴിഞ്ഞാൽ അത് നിർത്തണം. അത് ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും ദൈവഹിതത്തിനു മുന്നിൽ അനുസരണത്തോടെ അതിനെ സ്വീകരിക്കുമ്പോൾ അത് അനുഗ്രഹമായി മാറുന്നു. ചിട്ടകളും ശീലങ്ങളും അവയുടെ കൃത്യമായ പാലനവും ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

7. മനസിനും ആത്മാവിനും ഭക്ഷണം നൽകുന്ന വായന 

അനുദിനം വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനും മറ്റു പുസ്തകങ്ങൾ വായിക്കുന്നതിനും വിശുദ്ധൻ മറ്റു സന്യാസികൾക്കും പ്രേരണ നൽകിയിരുന്നു. പുസ്തകങ്ങൾക്ക് നമ്മുടെ മനസിനെ ശക്തിപ്പെടുത്തുവാനും വിശാലമാക്കുവാനും പുതിയ ആശയങ്ങൾ കൊണ്ട് നിറയ്ക്കുവാനും കഴിയും.

8. നാം എന്തിനാണ് മുൻഗണന നൽകുന്നത് എന്ന് തിരിച്ചറിയുക

സന്യാസിമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന മുൻ‌ഗണന ദൈവത്തെ അന്വേഷിക്കുക എന്നതിനാണ്; പ്രത്യേകിച്ച് പ്രാർത്ഥനയിലൂടെ. ഈ ഒരു കാര്യത്തിൽ കേന്ദ്രീകൃതമാണ് സന്യസ്തജീവിതം. ക്രിസ്തുവല്ലാതെ മറ്റൊന്നാകരുത് നിങ്ങളുടെ ലക്ഷ്യം എന്ന് വിശുദ്ധൻ എപ്പോഴും സന്യാസിമാരെ ഓർമ്മിപ്പിക്കുമായിരുന്നു. ഇന്ന് ഓരോ മനുഷ്യന്റെയും ലക്ഷ്യം ക്രിസ്തു തന്നെയാണ്. ആ ക്രിസ്തുവിനെ തേടുവാനും കണ്ടെത്തുവാനും സമയമുണ്ടാകണം.

9. സമാധാനത്തിലായിരിക്കുക

മറ്റുള്ളവരെ വ്രണപ്പെടുത്തിയിരിക്കുമ്പോഴെല്ലാം മാപ്പ് പറയണമെന്ന് വി. ബെനഡിക്റ്റ് തന്റെ സന്യാസിമാരോട് അഭ്യർത്ഥിച്ചിരുന്നു. “സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക”, “ആരുമായെങ്കിലും വിയോജിപ്പുണ്ടെങ്കിൽ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് സമാധാനം സ്ഥാപിക്കുക” ഈ തിരുവെഴുത്തുകൾ എപ്പോഴും ഓർമ്മയിലിരിക്കണം എന്ന് അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. സമാധാനം കാംക്ഷിക്കുന്നത് നന്മയിൽ വളരുന്നതിനും സമൂഹത്തെ ഒരുമയിൽ നയിക്കുന്നതിനും കാരണമാകും.

10. ഓരോ ദിവസവും അവസാനത്തെ ദിവസം പോലെ കരുതി ജീവിക്കുക

ഇനി ഒരു ദിവസം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ല. ദൈവം അനുവദിച്ച അവസാന ദിവസമാണ് ഇത് എന്ന കാഴ്ചപ്പാടിൽ ഓരോ ദിവസവും ജീവിക്കുക. അപ്പോൾ അത് നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കും. ഒപ്പം തന്നെ അവിടെ സ്നേഹം കണ്ടെത്തുവാനും സമാധാനത്തിൽ കഴിയുവാനും സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.