എപ്പോഴും സന്തോഷത്തോടെ ആയിരിക്കാം

ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും വേദനയുടെയും അനുഭവങ്ങൾ ഉണ്ടാകാം. എന്നാൽ, എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും സന്തോഷം നിറഞ്ഞ മനസോടെ എന്നും ജീവിക്കുവാൻ നമുക്ക് സാധിക്കും. അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ:

1. നിങ്ങൾ നിങ്ങൾ തന്നെ ആയിരിക്കുക

നമ്മുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചേർത്തുപിടിക്കുക. ഓരോ ദിവസത്തിനും അതിന്റെ ക്ലേശങ്ങൾ മതി എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. അതുപോലെ നമ്മുടെ ഓരോ ദിവസത്തിലും നാം ജീവിക്കുക. നാളയെക്കുറിച്ച് ആകുലത ആവശ്യമില്ല. ജീവിതത്തിൽ സ്വന്തം വ്യക്തിത്വമെന്നതുപോലെ ദൈവത്തിനും പ്രാധാന്യം കൊടുക്കുക. ഈ രണ്ടു കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആയിരിക്കുവാൻ വളരെ എളുപ്പമായിരിക്കും. ഒരു മനുഷ്യൻ തന്റെ ജീവിതത്തിനു എത്ര പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതിനനുസരിച്ചായിരിക്കും അവന്റെ/ അവളുടെ ജീവിതത്തിൽ ദൈവത്തിനുള്ള പ്രാധാന്യവും. അതിനാൽ നമ്മുടെ ജീവിതത്തെ ഏറ്റവും മൂല്യമുള്ളതായി കാണേണ്ടത് വളരെയധികം അഭികാമ്യമാണ്‌.

2. അംഗീകരിക്കുക, മറക്കുക

നമ്മുടെ കുറവുകളേയും പരാജയങ്ങളെയും ഒക്കെ കൃത്യമായും നമുക്ക് അറിയാം. എവിടെയെങ്കിലും വീഴ്ചപറ്റിയാൽ തീർച്ചയായും അതിനെ ഓർത്ത് ദുഃഖിച്ചു സമയം കളയാതിരിക്കുക. ഉണർന്നെണീറ്റ് നമ്മുടെ കുറവുകളെ അംഗീകരിച്ചുകൊണ്ട് മുൻപോട്ട് നീങ്ങുക. കഴിഞ്ഞതെല്ലാം മറന്നുകൊണ്ട് നല്ല നാളെയുടെ പ്രതീക്ഷകൾ ഉള്ളിൽ നിറയ്ക്കുക. മറവി ചില സമയങ്ങളിൽ വളരെ നല്ലതാണ്. അനാവശ്യമായ കാര്യങ്ങളെ ഒരിക്കൽ പോലും മനസ്സിൽ വെച്ചുകൊണ്ട് നടക്കേണ്ടതില്ല. അതുകൊണ്ട് ജീവിതത്തിലെ നന്മയെയും മോശമായതിനെയും അംഗീകരിക്കുകയും അതിനു ശേഷം മറക്കുകയും ചെയ്താൽ തീർച്ചയായും സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ കൈവശമെത്തിക്കഴിഞ്ഞിരിക്കുന്നു.

3. ഇല്ലാതാക്കുക

എല്ലായ്പ്പോഴും എല്ലാ ഇടങ്ങളും വ്യക്തികളും നമുക്ക് ആനന്ദം നൽകില്ല. അങ്ങനെ ഉള്ള ഇടങ്ങളോ വ്യക്തികളോ നമുക്ക് ഒഴിവാക്കുവാൻ സാധിക്കുമെങ്കിൽ നമുക്ക് കുറച്ചുകൂടി ആഹ്ളാദകരമായിരിക്കും.

4. മറ്റുള്ളവരെ ബഹുമാനിക്കാം; പക്ഷെ അവരുടെ അഭിപ്രായങ്ങൾക്ക് കടിഞ്ഞാണിടുക

മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. എന്നാൽ നമ്മെ വേദനിപ്പിക്കുന്ന അഭിപ്രായങ്ങളെ മറന്നുകളയുക. കഴമ്പില്ലാത്ത ആരോപണങ്ങളെയും അഭിപ്രായങ്ങളെയും അതിന്റെ വഴിയേ വിടുക. നമ്മിലെ നന്മ കാണുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അനേകരുണ്ട്. അവരുടെ അഭിപ്രായങ്ങൾ വളരെ ശരിയായിരിക്കും. നമുക്ക് നല്ലതെന്നു തോന്നുന്നവയെ യുക്തി പൂർവ്വം പ്രാർത്ഥനാ പൂർവ്വം സ്വീകരിക്കുക.

5. ക്ഷമിക്കുവാൻ പഠിക്കുക

ക്ഷമിക്കുവാൻ പഠിക്കുക. കൂടെത്തന്നെ മറക്കുവാനും പഠിക്കുക. ബന്ധങ്ങളിലെ സങ്കീർണതയുടെ ഏറ്റവും ഉയർന്ന ഗുണമാണ് ക്ഷമിക്കുവാനും മറക്കുവാനും പഠിക്കുക എന്നത്. തെറ്റുകൾ എല്ലാവരും ചെയ്യുന്നതിനാൽ ക്ഷമിക്കുവാൻ നാം കടപ്പെട്ടവരാകുന്നു.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.