കുട്ടികളുടെ കൂട്ടുകാരാകാം; കൂടെ നടക്കാം: മാതാപിതാക്കൾക്കൊരു വഴികാട്ടി

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കൾ അവരുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. കുട്ടികൾ ആദ്യമായി കാണുന്നതും ഇടപെടുന്നതും അവരുടെ മാതാപിതാക്കളോടാണ്. അതിനാൽ തന്നെ അവരുടെ സുഹൃത്തുക്കളായി രൂപാന്തരപ്പെടുക എന്നത് ഒരു ആവശ്യഘടകമാണ്. അവരുടെ ദു:ഖങ്ങളിലും സന്തോഷങ്ങളിലും കുറ്റങ്ങളിലും കുറവുകളിലും സ്നേഹത്തോടെ കേൾക്കുന്നവരായി കൂടെ നിൽക്കുന്നവരാകുക എന്നതാണ് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി.

ഏതൊരു മാതാവും പിതാവും തങ്ങളുടെ കുട്ടികളുടെ ആത്മീയവും ഭൗതികവുമായ മേഖലകളിലെ വിജയത്തിൽ ശ്രദ്ധയൂന്നേണ്ടത് വളരെ അത്യാവശ്യമാണ്. ഒന്നിച്ചിരുത്തി പ്രാർത്ഥിപ്പിക്കാൻ കാണിക്കുന്ന അതേ മനോഭാവം തന്നെ കുട്ടികളുടെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ കേൾക്കുന്നതിലും അറിയുന്നതിലും കാണിക്കണം. അവരുടെ പരാജയങ്ങൾ ഒരു കാരണവശാലും പെരുപ്പിച്ചു കാണിക്കാൻ പാടില്ല. ജീവിതത്തിൽ, പരാജയങ്ങൾ സാധാരണമാണെന്നും അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കണം. കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങൾ ഒഴിവാക്കുകയും നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുകയും വേണം.

കുട്ടികളെ അഭിനന്ദിക്കുകയാണെങ്കിൽ അത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞുകൊടുക്കണം. അപ്പോൾ കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ കൂടുതൽ ഉത്സാഹഭരിതരാകും. കൂടെ ചെറിയ ചെറിയ സമ്മാനങ്ങൾ നൽകുന്നത് കുട്ടികളിൽ സന്തോഷം നിറയ്ക്കും. അതുപോലെ തന്നെ തെറ്റ് ചെയ്യുമ്പോൾ കുട്ടികളെ ശിക്ഷിക്കുന്നതിനോടൊപ്പം തന്നെ അവരെ ചേർത്തുനിർത്തി, എന്തിനാണ് ശിക്ഷിച്ചതെന്നും പറഞ്ഞുകൊടുക്കുക. ഒപ്പം കുട്ടികൾക്ക് എന്താണ് പറയാനുള്ളതെന്നു കൂടി കേൾക്കാനും മാതാപിതാക്കൾ തയ്യാറാകണം. അപ്പോൾ കുട്ടികൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടാവുകയും നിങ്ങളുടെ സാന്നിധ്യം അവർ കൂടുതൽ ആഗ്രഹിക്കുകയും ചെയ്യും.

മറ്റൊന്ന്, കുട്ടികൾ പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ അവരുടെ കൂടെ നിൽക്കുക എന്നതാണ്. അവർ ചെയ്യുന്നത് അപ്രധാനമെന്ന് നിങ്ങൾക്കു തോന്നിയാലും അനുഭാവപൂർവ്വം അവയെ പരിഗണിക്കാൻ ശ്രമിക്കണം. അവർക്ക് സ്വാതന്ത്ര്യം നൽകുകയും പുതിയ കാര്യങ്ങൾ ചെയ്യാൻ അവസരം നൽകുകയും വേണം. കുട്ടികൾ പുതിയ കാര്യങ്ങളുമായി ഇറങ്ങുമ്പോൾ അവരെ പ്രാർത്ഥിപ്പിക്കുന്നതും ഒരു നല്ല ശീലമാണ്. ഇതു കുട്ടികളിൽ ഒരു ശുഭപ്രതീക്ഷ വളർത്തുന്നതിനും ദൈവചിന്തയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും സഹായിക്കും. നിങ്ങൾ കുട്ടിയുടെ നല്ല സുഹൃത്താകുക. ഇത് കുട്ടിക്ക് വൈകാരികപിന്തുണ നൽകും. അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.