സമാധാനവഴികള്‍ തേടുന്ന ബാരി സംഗമം

മദ്ധ്യപൂര്‍വ്വ ദേശത്തെ ക്രൈസ്തവ പീഡനത്തിനു പിന്നില്‍ നേരും നെറിവുമില്ലാത്ത രാഷ്ട്രീയക്കളിയാണെന്ന് തുര്‍ക്കിയിലെ അനത്തോളിയയുടെ വികാര്‍ അപ്പസ്തോലിക്, ബിഷപ്പ് പാവുളോ ബിസ്സേത്തി പ്രസ്താവിച്ചു. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് തുര്‍ക്കിയിലെ കത്തോലിക്കരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പ് ബിസ്സേത്തി ഇങ്ങനെ തുറന്നു പ്രസ്താവിച്ചത്.

ഫെബ്രുവരി 19 മുതല്‍ 23 വരെ തെക്കെ ഇറ്റലിയിലെ ബാരിയില്‍ ചേരുന്ന “മെഡിറ്ററേനിയന്‍ സമാധാനത്തിന്‍റെ അതിര്‍ത്തി” എന്ന സംഗമത്തില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു ബിഷപ്പ് ബിസ്സേത്തി. മദ്ധ്യപൂര്‍വ്വ ദേശത്തെ പ്രകൃതിസ്രോതസ്സുകള്‍ ചൂഷണം ചെയ്യുവാനും ആയുധവിപണനം നടത്തുവാനുമെത്തുന്ന ചില സാമ്രാജ്യശക്തികളുടെ വളരെ തരംതാണതും നേരും നെറിവുമില്ലാത്ത രാഷ്ട്രീയമാണ് സിറിയയിലെ ക്രൈസ്തവ പീഡനത്തിന്റെയും അവരുടെ നാടുകടത്തലിന്റെയും പിന്നിലെന്ന് ബിഷപ്പ് ബിസ്സേത്തി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കുന്നതും മെറ്റിറ്ററേനിയന്‍ പ്രവിശ്യയിലെ ക്രൈസ്തവനേതൃത്വത്തെ കേന്ദ്രീകരിച്ചു വിളിച്ചുകൂട്ടിയിരിക്കുന്നതുമായ ബാരി സംഗമം, തീര്‍ച്ചയായും മദ്ധ്യധരണി ആഴിയുടെ ചുറ്റും കിടക്കുന്ന രാജ്യങ്ങളുടെ കുടിയേറ്റ പ്രതിഭാസത്തെയും അതിനു കാരണമാകുന്ന ജനതകളുടെ ബഹുമുഖങ്ങളായ രാഷ്ട്രീയ-സാമൂഹ്യ പ്രതിസന്ധികളുടെയും വേദനാജനകമായ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേയ്ക്കെന്നതുപോലെ തുര്‍ക്കിയിലും എത്തിച്ചേരുന്ന അഭയാര്‍ത്ഥികള്‍ നിരവധിയാണെന്ന് ബിഷപ്പ് ബിസ്സേത്തി ചൂണ്ടിക്കാട്ടി. ക്രിസ്തുവിനോടു ചേര്‍ന്ന് ജീവിക്കുവാനുള്ള അവരുടെ എല്ലാ ചുറ്റുപാടുകളും നഷ്ടമായിട്ടുണ്ട്. അവരെ സഹായിക്കുവാനും പിന്തുണയ്ക്കുവാനും വൈദികരോ സന്യസ്തരോ ഇല്ല. അവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും സമ്മേളിക്കുവാനും അവരുടെ പരാതികള്‍ കേള്‍ക്കുവാനും ആരുമില്ലെന്ന് ബിഷപ്പ് ബിസ്സേത്തി അറിയിച്ചു.